ഉദുമ ബാങ്കിൽ 2.71 കോടിയുടെ മുക്ക്പണ്ടം എത്തിച്ചത് ഗോവയിൽ നിന്ന് ; പ്രതി റിമാന്റിൽ

ബേക്കൽ: ബാങ്കിനെ കബളിപ്പിച്ച് 2.71 കോടി രൂപ തട്ടിയെടുക്കാനാവശ്യമായ മുക്ക്പണ്ടമെത്തിച്ചത് ഗോവയിൽ നിന്ന്. ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്സിലെ 14–ാം പ്രതി ദേളിയിലെ ഡി. ഏ. സമീറിനെ 39, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിലാണ് 2.71 കോടി രൂപ ഉദുമ ഇന്ത്യൻ ഒാവർസീസ് ബാങ്ക് ശാഖയിൽ നിന്നും തട്ടിയെടുക്കുന്നതിനാവശ്യമായ മുക്ക് പണ്ടങ്ങളെത്തിച്ചത് ഗോവയിൽ നിന്നുമാണെന്ന സൂചന ലഭിച്ചത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ സമീർ ഗോവയിൽ തങ്ങി ബിസിനസ്സ് നടത്തുന്ന  വ്യക്തിയാണ്. യുവാവിന്റെ ഗോവ ബന്ധത്തെ കുറിച്ചും,  ഗോവയിൽ നിന്നും മുക്ക്പണ്ടം എങ്ങനെ സംഘടിപ്പിച്ചുവെന്നത് സംബന്ധിച്ചും  പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കേസ്സിലെ ഒന്നാം പ്രതിയായ അരമങ്ങാനം കൂവത്തൊട്ടി സുനൈബ് വില്ലയിലെ കെ. ഏ. സുഹൈറിന് 26, മുക്ക്പണ്ടം കൈമാറിയത് താനാണെന്ന് സമീർ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകി.

അപ്രൈസറുൾപ്പെടെ ഏതാനും പ്രതികൾ കേസ്സിൽ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞ സമീറിനെ ബേക്കൽ പോലീസ് ഇൻസ്പെക്ടർ, യു. പി. വിപിൻ, ക്രൈം ബ്രാഞ്ച് സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ റിമാന്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസ്സിൽ പൂക്കോയയ്ക്ക് ജാമ്യം

Read Next

പേവിഷബാധയേറ്റ് രണ്ടാം തരം വിദ്യാർത്ഥി മരിച്ചു