ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കാൻ പാടില്ല
കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ വിവിധ കോടതികളിൽ നിന്ന് ജാമ്യം ലഭിച്ചുതുടങ്ങിയതോടെ കേസ്സിലെ ഒന്നാം പ്രതിയായ ടി. കെ. പൂക്കോയ ഉടൻ ജയിൽ മോചിതനാകും. നിക്ഷേപത്തട്ടിപ്പിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ കാസർകോട് സെഷൻസ് കോടതി പൂക്കോയയ്ക്ക് ജാമ്യം നൽകിയതോടെ കീഴ്ക്കോടതികളും അദ്ദേഹത്തിന് ജാമ്യമനുവദിച്ച് തുടങ്ങിയിട്ടുണ്ട്.
പൂക്കോയയ്ക്കെതിരെ 167 വഞ്ചനാക്കേസ്സുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലുള്ളത്. ഇതിൽ ചന്തേരയിൽ മാത്രം 100 കേസ്സുകളുണ്ട്. തട്ടിപ്പ് കേസ്സിൽ മുൻ എംഎൽഏ, എം. സി. ഖമറുദ്ദീൻ അറസ്റ്റിലായതോടെ നാട്ടിൽ നിന്നും മുങ്ങിയ പൂക്കോയ രണ്ട് മാസം മുമ്പോണ് കോടതിയിൽ കീഴടങ്ങിയത്. റിമാന്റിലായ ഇദ്ദേഹം അന്ന് മുതൽ കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചിരുന്നു.
ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസേട്രേറ്റ് കോടതി ഒക്ടോബർ 6 ന് 31 കേസ്സുകളിൽ പൂക്കോയയ്ക്ക് ജാമ്യമനുവദിച്ചിരുന്നു. തലശ്ശേരി കോടതി 3 കേസ്സുകളിലാണ് ഇദ്ദേഹത്തിന് ജാമ്യമനുവദിച്ചത്. കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 31 കേസ്സുകളിൽ അദ്ദേഹത്തിന്റെ അഭിഭാഷകനായ പി. വൈ. അയജകുമാർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.പയ്യന്നൂർ കോടതിയിലും 25 കേസ്സുകളിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കർശന വ്യവസ്ഥകളോടെയാണ് കോടതി ടി. കെ. പൂക്കോയയ്ക്ക് ജാമ്യമനുവദിച്ചത്. ജാമ്യ കാലാവധിയിൽ ഇദ്ദേഹം കണ്ണൂർ കാസർകോട് ജില്ലകളിൽ പ്രവേശിക്കാൻ പാടില്ല. എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ക്രൈം ബ്രാഞ്ച് അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.
സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. ജാമ്യത്തിനായി ഒരു ലക്ഷം രൂപയുടെ ബോണ്ടും സമർപ്പിക്കണം. കോടതികളുടെ പരിഗണനയിലുള്ള ജാമ്യപേക്ഷകളിൽ തീരുമാനമാകുന്നതോടെ പൂക്കോയ ജയിൽ മോചിതനാകും. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സുകളിൽ കുറ്റപത്ര സമർപ്പണം വൈകിയതാണ് പൂക്കോയയ്ക്ക് ജാമ്യം ലഭിക്കാൻ കാരണമായത്.
രണ്ട് മാസത്തിലധികമായി ഇദ്ദേഹം റിമാന്റിൽക്കഴിയുകയാണ്. ഇദ്ദേഹത്തിന്റെ കൂട്ടുപ്രതി എം. സി. ഖമറുദ്ദീൻ 97 ദിവസമാണ് റിമാന്റിൽക്കഴിഞ്ഞത്. ഖമറുദ്ദീൻ ഇപ്പോൾ ഉപ്പളയിലാണ് താമസം. 167 കേസ്സുകളിൽ കുറ്റപത്രം സമർപ്പിക്കുകയെന്നത് ക്രൈം ബ്രാഞ്ചിന് ഭാരിച്ച ജോലിയാണ്. ഇതാണ് കുറ്റപത്രസമർപ്പണം വൈകാൻ കാരണമായതെന്ന് കരുതുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും, നിയമസഭാതെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ പ്രചാരണായുധമായിരുന്ന ഫാഷൻ ഗോൾഡ് തട്ടിപ്പ് തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞതോടെ ആറിത്തണുത്തിരിക്കുകയാണ്. അന്വേഷണോദ്യോഗസ്ഥർ മാറിയതോടെ കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസ്സിന്റെ അന്വേഷണം ഇഴയുന്ന മട്ടിലാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.