മുൻ എംപിയുടെ ഡ്രൈവർക്കും ഭാര്യയ്ക്കും ജോലി

കാസർകോട്: മുൻ എം.പി, പി. കരുണാകരന്റെ കാർ ഡ്രൈവർ മടിക്കൈയിലെ രാജുവിന്റെ ഭാര്യ ദിവ്യ  കാസർകോട് ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ജോലിയിൽക്കയറി. മുൻ  എംപിയുടെ ഡ്രൈവർ രാജു ജില്ലാ കുടുംബശ്രീ മിഷനിൽ ഡ്രൈവർ കം അറ്റൻഡർ തസ്തികയിൽ ഒന്നര വർഷമായി സേവനത്തിലിരിക്കുമ്പോഴാണ്,  ഇപ്പോൾ ഭാര്യ  ദിവ്യ കൂടി പി. കരുണാകരന്റെ ശിപാർശയിൽ ജോലിയിൽ  കയറിയത്.

പാർട്ടിക്ക് വേണ്ടി രാപ്പകൽ പണിയെടുക്കുന്ന കുടുംബങ്ങളിൽ പലരും തൊഴിലില്ലാതെ പട്ടിണി കിടക്കുമ്പോഴാണ്, ഒരു വീട്ടിൽ രണ്ടുപേർക്ക് ജോലി ലഭിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം മഞ്ചേശ്വരത്തെ ജയാനന്ദ പ്രസിഡണ്ടും,  ചെറുവത്തൂരിലെ കമലാക്ഷൻ വൈസ് പ്രസിഡണ്ടുമായ കാസർകോട് ഡവലപ്പ്മെന്റ് സൊസൈറ്റിയിലെ (കാഡ്സ്ക്) സെക്രട്ടറി നിയമനമാണ് നീലേശ്വരം ഏരിയയിലെ പാർട്ടിക്കുള്ളിൽ വൻ പ്രതിഷേധമുയർത്തിയിട്ടുള്ളത്. ഇതേച്ചൊല്ലി കഴിഞ്ഞ ദിവസം ചേർന്ന ഒരു ലോക്കൽ കമ്മിറ്റി യോഗത്തിൽ ഒച്ചപ്പാടും ബഹളവും നടന്നു. നിലവിൽ  കുടുംബശ്രീയിൽ നിയമനം നൽകിയത്  പാർട്ടി അനുഭാവിയുടെ ഭാര്യയ്ക്കാണ്. 

ഈ തസ്തികയിലേക്ക് കിനാനൂർ- കരിന്തളം പഞ്ചായത്തിലെ പരേതനായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഒ.എം. കുഞ്ഞിക്കണ്ണന്റെ മകന് നിയമനം നൽകാനാണ് പാർട്ടി ഏരിയാ കമ്മിറ്റിയോഗം ശിപാർശ ചെയ്തതെങ്കിലും,  ഈ ശിപാർശ തള്ളിക്കളഞ്ഞ്  ഇപ്പോൾ മടിക്കൈയിലെ ദിവ്യയ്ക്കാണ് ജോലി ലഭിച്ചത്. മുൻ എംപിയുടെ ഡ്രൈവറുടെ ഭാര്യ കൂടിയാണ്  നിയമനം ലഭിച്ച യുവതി. പാർട്ടി ഏരിയാകമ്മിറ്റി നൽകിയ ശിപാർശ തള്ളിക്കൊണ്ട് കീഴ്ഘടകങ്ങളുടെയൊന്നും ശിപാർശയില്ലാത്ത യുവതിക്ക് നിയമനം നൽകിയതിന് പിന്നിൽ പി. കരുണാകരന്റെ  ഇടപെടൽ തന്നെയാണ്.

നിയമനം സംബന്ധിച്ച് നടന്ന പരീക്ഷകളിൽ ഉയർന്ന യോഗ്യത  ഉണ്ടായിരുന്ന  ഉദ്യോഗാർത്ഥികളെ തഴഞ്ഞുകൊണ്ടാണ് ദിവ്യയുടെ അൽഭുത നിയമനം. ദിവ്യയ്ക്ക് നിയമനം നൽകാനുളള നീക്കത്തിൽ സൊസൈറ്റി  ഡയറക്ടർ ബോർഡിലെ ഒരു വിഭാഗം ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, പാർട്ടി സെക്രട്ടറിയേറ്റ് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ദിവ്യയ്ക്ക് നിയമനം നൽകാൻ ഒടുവിൽ  തീരുമാനിച്ചത്. കീഴ്ഘടകങ്ങളിൽ നിന്നുള്ള ശിപാർശകൾ അവഗണിച്ച് ഉന്നതരുടെ ഇടപെടലിലൂടെ ഒരു വീട്ടിൽ രണ്ടുപേർക്ക് ജോലി നൽകിയ സംഭവം പാർട്ടി സമ്മേളനങ്ങളിലും നാട്ടിലും ചൂടുള്ള  ചർച്ചയാണ്.

LatestDaily

Read Previous

ചെന്നിത്തലയെ പിലിക്കോട്ട് തടയും പോലീസ് നിരീക്ഷണം ശക്തമാക്കി

Read Next

പാത്ര വിൽപ്പനക്കാരിയെ തട്ടിപ്പുകാരിയാക്കി ബേക്കൽ വീട്ടമ്മ