റോഡ് തടസ്സപ്പെടുത്തിയ ജമാഅത്ത് ഭാരവാഹികളെ നാട്ടുകാർ തടഞ്ഞു; സംഘർഷം

അമ്പലത്തറ: അജ്ഞാത പരാതിയെതുടർന്ന് വഖഫ് ബോർഡിന്റെ നിർദ്ദേശപ്രകാരം പള്ളി സ്ഥലത്തുള്ള റോഡ് മതിൽ കെട്ടി അടക്കാനുള്ള ജമാഅത്ത് തീരുമാനം സംഘർഷത്തിൽ കലാശിച്ചു. റോഡ് മതിൽ കെട്ടി തടയാൻ ശ്രമിച്ച ജമാഅത്ത് ഭാരവാഹികളെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നാട്ടുകാർ തടഞ്ഞു.

പാറപ്പള്ളി മുസ്ലീം ജമാഅത്തിന്റെ സ്ഥലത്ത് നാട്ടുകാർ അരനൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന മഖാം റോഡാണ് വഖഫ് ബോർഡിന്റെ നിർദ്ദേശപ്രകാരം പള്ളി കമ്മിറ്റി മതിൽ കെട്ടി അടക്കാൻ ശ്രമിച്ചത്. പള്ളി സ്ഥലത്ത് പുതുതായി റോഡ്  നിർമ്മിക്കുകയാണെന്നും, തടയണമെന്നുമാവശ്യപ്പെട്ട് അജ്ഞാതൻ വഖഫ് ബോർഡിന് പരാതി നൽകിയതിനെതുടർന്നാണ് മതിൽ കെട്ടാൻ ശ്രമമുണ്ടായത്.

പരാതിയുടെ നിജസ്ഥിതി ആരാഞ്ഞ്  വഖഫ് ബോർഡ് പള്ളി കമ്മിറ്റി ഭാരവാഹികൾക്ക് കത്തയച്ചിരുന്നു. കമ്മിറ്റി ഭാരവാഹികൾ വഖഫ് ബോർഡിനെ യഥാസമയം നിജസ്ഥിതി ബോധിപ്പിച്ചില്ല. കഴിഞ്ഞാഴ്ച വഖഫ് ബോർഡിൽ നിന്നും അന്ത്യശാപമെന്നോണം പള്ളി ഭാരവാഹികൾക്ക്  വീണ്ടും കത്ത് ലഭിച്ചതിനെതുടർന്നാണ് നാട്ടുകാരുടെ വഴിയടച്ച മതിൽ കെട്ടാൻ ഭാരവാഹികൾ തീരുമാനിച്ചത്.

50 വർഷമായി നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന വഴി തടയുന്നതറിഞ്ഞെത്തിയ നൂറോളം നാട്ടുകാർ സ്ഥലത്ത് തടിച്ച് കൂടി ഭാരവാഹികളെ തടഞ്ഞു. സംഘർഷത്തെ തുടർന്ന് അമ്പലത്തറ ഐപി, രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. നാട്ടുകാരെയും പള്ളി ഭാരവാഹികളെയും ഉൾപ്പെടുത്തി പോലീസ്  വിളിച്ച യോഗത്തിൽ കോടതി നിർദ്ദേശമില്ലാതെ വർഷങ്ങളായി ഉപയോഗിക്കുന്ന വഴി തടസ്സപ്പെടുത്താനാവില്ലെന്നറിയിച്ചു.

LatestDaily

Read Previous

പാത്ര വിൽപ്പനക്കാരിയെ തട്ടിപ്പുകാരിയാക്കി ബേക്കൽ വീട്ടമ്മ

Read Next

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്