ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്

വിദ്യാലയങ്ങളിൽ ലൈംഗിക വിദ്യാഭ്യാസം ഏർപ്പെടുത്തണമെന്ന സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവനയുടെ താഴെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കമന്റുകളും, അഭിപ്രായങ്ങളും കേരളത്തിന്റെ ലൈംഗിക ദാരിദ്ര്യം വെളിപ്പെടുത്തുന്നവയും, തീർത്തും സംസ്ക്കാര ശൂന്യവുമാണ്. ലൈംഗികതയെന്നാൽ ശയ്യാ ഗൃഹങ്ങളിൽ ഉടലുകൾ തമ്മിലുള്ള കെട്ടിമറിയലുകളാണെന്ന് ധരിച്ചുവെച്ചിരിക്കുന്നവരാണ് കേരളത്തിൽ ഏറെയുമെന്നതാണ് നവമാധ്യമങ്ങളിലെ അശ്ലീല കമന്റുകൾ വഴി വ്യക്തമാകുന്നത്.

അടിസ്ഥാനപരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവാണ് കേരളത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളുടെയെല്ലാം മൂലഹേതുവെന്ന തിരിച്ചറിവിൽ നിന്നാവണം കേരളം ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്. ലൈംഗിക വിദ്യാഭ്യാസമെന്നാൽ നെറ്റിചുളിക്കുന്ന യാഥാസ്ഥിതിക സമൂഹം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളത്തിലുമുണ്ടെന്നത് അതിശയകരമാണ്. ലൈംഗികതയെന്നാൽ ആണുടലുകളുടെയും, പെണ്ണുടലുകളുടെയും കൂടിപ്പിണയലാണെന്ന വികലമായ ധാരണയാണ് കേരളത്തിൽ പലർക്കുമുള്ളത്.

ലൈംഗിക വിദ്യാഭ്യാസം നന്നേ ചെറുപ്പത്തിൽ തന്നെ ലഭിക്കാത്തതിന്റെ കുറവാണ് കേരളത്തിന്റെ പ്രശ്നമെന്നതിൽ യാതൊരു സംശയവുമില്ല. ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്ന ഞരമ്പ് രോഗികളുടെ എണ്ണം കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനകൾ ലഭിക്കണമെങ്കിൽ നവമാധ്യമങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അശ്ലീല കമന്റുകൾ പരിശോധിച്ചാൽ മാത്രം മതി. ഇത്തരത്തിലുള്ള മനോഭാവമുള്ളവരാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്താവനയ്ക്ക് കീഴെ അശ്ലീല കമന്റുമായെത്തുന്നത്.

സ്ത്രീകളുടെ കുളിക്കടവിലേക്കും, കുളിമുറിയിലേക്കും ഒളിഞ്ഞുനോക്കുന്നതിന് സമാനമായ മനോവൈകൃതമാണ് സൈബർ ഞരമ്പ് രോഗികൾ നവമാധ്യമ പ്ലാറ്റ്ഫോമുകളിലും പ്രകടിപ്പിക്കുന്നത്. ലൈംഗികതയെക്കുറിച്ച് അബദ്ധ ധാരണകൾ നിറഞ്ഞ ഒരു സമൂഹമാണ് നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിലുള്ളതെന്നത് ലജ്ജാകരമാണ്. ഇതിനെല്ലാമുള്ള പ്രതിവിധി ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം തന്നെയാണ്. സ്ത്രീ പുരുഷ ശരീരങ്ങളിലുണ്ടാകുന്ന വളർച്ചാ പരിണാമങ്ങളടക്കം തിരിച്ചറിയാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള അടിസ്ഥാനപരമായ അറിവുകൾ ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് നൽകേണ്ടിയിരിക്കുന്നു.

സ്ത്രീ ശരീരങ്ങളിലുള്ള  തെറ്റായ സ്പർശനങ്ങളെക്കുറിച്ച് പെൺകുട്ടികൾക്ക് ചെറുപ്പം മുതൽ   അവബോധമുണ്ടാകേണ്ടതുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാൻ ഒരളവ് വരെ ഇത് സഹായിക്കുമെന്നതിൽ തർക്കമില്ല. ഇത്തരത്തിലുള്ള അറിവും ബോധവും പെൺകുട്ടികൾക്ക് നൽകുന്നതിൽ രക്ഷിതാക്കളും മുൻകൈയെടുക്കണം. സമൂഹം വരച്ചുവെച്ച  ചിത്രങ്ങളിൽ സ്ത്രീ പുരുഷന് കീഴ്്പ്പെടേണ്ടവർ മാത്രമാണ്. ഇത്തരത്തിലുള്ള വ്യാജ ബോധങ്ങളെ പൊളിച്ചെഴുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സ്ത്രീ ശരീരങ്ങൾ ലൈംഗീകോപകരണങ്ങൾ മാത്രമല്ലെന്ന തിരിച്ചറിവ് വളർന്നുവരുന്ന ആൺകുട്ടികളിലുണ്ടാക്കിയെടുക്കേണ്ട കർത്തവ്യം  ഓരോ രക്ഷിതാവും ഏറ്റെടുത്താൽ തന്നെ കേരളത്തിൽ ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകും.

കാമശാസ്ത്രത്തിന് രചനാഭാഷ്യം നൽകിയ വാത് സ്യായന മഹർഷി ജീവിച്ച രാജ്യമാണ് ഇന്ത്യ. നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ലൈംഗിക വിദ്യാഭ്യാസത്തിനായി ഗ്രന്ഥമുണ്ടായ നാട്. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ കൊത്തിവെച്ച  ചിത്രങ്ങളിലും രതിവർണ്ണനകൾ ഏറെയുണ്ട്. ലൈംഗികത പാപമായി കണക്കാക്കാത്ത തലമുറയുടെ പിൻമുറക്കാർ ഇരുപത്തൊന്നാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പോൾ ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ തന്നെ നെറ്റി ചുളിക്കുന്നതിന് പിന്നിൽ  കപട സദാചാരം മാത്രമാണുള്ളത്. ലൈംഗിക വിദ്യാഭ്യാസം വളർന്ന് വരുന്ന തലമുറയ്ക്ക് മാത്രമല്ല നവമാധ്യമ പ്ലാറ്റ് ഫോമുകളിലെ സൈബർ ഞരമ്പ് രോഗികൾക്കും ആവശ്യമാണ്.

LatestDaily

Read Previous

റോഡ് തടസ്സപ്പെടുത്തിയ ജമാഅത്ത് ഭാരവാഹികളെ നാട്ടുകാർ തടഞ്ഞു; സംഘർഷം

Read Next

കെപിസിസി സിക്രട്ടറിയെ തടഞ്ഞ 10 പേർക്കെതിരെ കേസ്