ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: മുൻ എംഎൽഏ, കെ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ നാളെ പിലിക്കോട് നടക്കാനിരിക്കുന്ന പരിപാടിക്കെതിരെ ചെറുവത്തൂരിലെയും, പരിസര പ്രദേശങ്ങളിലെയും കോൺഗ്രസ്സ് പ്രവർത്തകർ രംഗത്ത്. കെ. പി. കുഞ്ഞിക്കണ്ണൻ ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നുവെന്നാണ് ആക്ഷേപം. സംസ്ക്കാര സമിതിയുടെ ബാനറിൽ നാളെ പിലിക്കോട് ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന പരിപാടി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുന്നത്.
മുൻ എംഎൽഏയും കെപിസിസി നേതാവുമായ കെ. പി. കുഞ്ഞിക്കണ്ണൻ ജില്ലാ ചെയർമാനായ സംസ്ക്കാര സമിതിയാണ് പിലിക്കോട്ടെ പരിപാടിയുടെ സംഘാടകർ. സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ പേരിൽ രൂപീകരിച്ച സംഘാടക സമിതിയുടെ ചെയർമാൻ രമേശ് ചെന്നിത്തലയാണ്. നാളെ പിലിക്കോട് നടക്കുന്ന ചടങ്ങിൽ ഗാന്ധിജയന്തി വാരാഘോഷവും, കേളപ്പൻ ജയന്തിയുമാണ് നടക്കുന്നത്.
സംസ്ക്കാര സമിതിയുടെ ജില്ലാ ഉപദേശക സമിതി കൺവീനർ ഡോ: പി. വി. പുഷ്പജയാണ് ചടങ്ങിൽ പ്രഭാഷണം നടത്തുന്നത്. ഈ മാസം 31 വരെ നീണ്ടുനിൽക്കുന്ന പരിപാടിക്കാണ് സംഘാടക സമിതി രൂപം നൽകിയിരിക്കുന്നത്. അഡ്വ: ടി. കെ. സുധാകരനാണ് സംഘാടകസമിതി വൈസ് ചെയർമാൻ. കോൺഗ്രസ്സ് ആഭിമുഖ്യത്തിലുള്ള ഗാന്ധിദർശൻ സമിതിയുടെ പേരിൽ വി. സി. കബീർ നേതൃത്വം നൽകുന്ന പരിപാടികൾ ജില്ലയിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഇതിന് സമാനമായിട്ടാണ് കെ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ പിലിക്കോട്ട് രണ്ടാമതൊരു പരിപാടി കൂടി സംഘടിപ്പിച്ചത്. ഒക്ടോബർ 31 വരെ നടക്കുന്ന പരിപാടിയിൽ വല്ലഭായ് പട്ടേൽ ജയന്തി, അബ്ദുൾ കലാം ജയന്തി എന്നിവയും സംഘാടക സമിതി ആലോചിക്കുന്നുണ്ട്. നവംബർ 14 ന് നെഹ്റു ജയന്തി ആഘോഷിക്കാനും സംഘാടക സമിതി തീരുമാനിച്ചിട്ടുണ്ട്.
കോൺഗ്രസ്സ് പിലിക്കോട് മണ്ഡലം കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ് നാളെ പിലിക്കോട് ഫൈൻ ആർട്സ് ക്ലബ്ബിലെ പരിപാടിയെന്ന് ആക്ഷേപമുയർന്നു. കെ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ നാളെ പിലിക്കോട് നടക്കുന്ന പരിപാടിക്കെതിരെ പിലിക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയിലെ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. കെ. പി. കുഞ്ഞിക്കണ്ണൻ ഗ്രൂപ്പിസത്തിന് ചുക്കാൻ പിടിക്കുന്നതായാണ് ആരോപണം. നാളെ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിലേക്ക് ഡിസിസി പ്രസിഡണ്ടിനെ ക്ഷണിച്ചതുമില്ല.
പരിപാടിക്കെതിരെയുള്ള പ്രതിഷേധം പാർട്ടി പ്രവർത്തകർ കെപിസിസിയെ അറിയിച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ ഗ്രൂപ്പ് വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് രമേശ് ചെന്നിത്തല പിലിക്കോട്ടെ പരിപാടി ഉദ്ഘാടനം ചെയ്യുന്നതെന്നും വിമർശനമുയർന്നു. കെ. സുധാകരൻ കെപിസിസി പ്രസിഡണ്ടായതോടെ പാർട്ടിയിൽ അടിച്ചൊതുക്കപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് സംഘടനയിൽ പിടിമുറുക്കാനുള്ള പിടിവള്ളിയായി പിലിക്കോട് സമ്മേളനം വിലയിരുത്തപ്പെടുന്നു.
കെ. സുധാകരനേയും, വി. ഡി. സതീശനേയും അനുകൂലിക്കുന്നവരെ ചടങ്ങിൽ പങ്കെടുപ്പിച്ചില്ലെന്നും ആരോപണമുണ്ട്. കെപിസിസിയുടെ കീഴിലുള്ള ഗാന്ധിദർശൻ സമിതിക്ക് സമാനമായി മറ്റൊരു സംഘടന കെട്ടിപ്പടുത്ത് വിവിധ ജില്ലകളിൽ പരിപാടികൾ സംഘടിപ്പിച്ച് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള തയ്യാറെടുപ്പിലാണ് രമേശ് ചെന്നിത്തലയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.