സ്വകാര്യ റെന്റ് ഏ- കാർ സർവ്വീസുകൾ ടാക്സിക്കാരുടെ വയറ്റത്തടിക്കുന്നു

കാഞ്ഞങ്ങാട്: ജില്ലയിൽ വ്യാപകമായ രീതിയിൽ പ്രവർത്തിക്കുന്ന  സ്വകാര്യ റെന്റ് ഏ കാർ സർവ്വീസുകൾ അംഗീകൃത ടാക്സി സർവ്വീസുകൾ നടത്തുന്നവരുടെ വയറ്റത്തടിക്കുന്നതായി പരാതി. പതിനായിരങ്ങൾ ടാക്സിനത്തിലും  ഇൻഷുറൻസിനത്തിലും സർക്കാരിലേക്കടക്കുന്ന ടാക്സി സർവ്വീസുകൾ, റെന്റ് ഏ കാർ സർവ്വീസുകളുടെ ബാഹുല്യം കാരണം കനത്ത പ്രതിസന്ധിയിലാണ്.

നീലേശ്വരം, കാഞ്ഞങ്ങാട് പ്രദേശങ്ങളിലായി മാത്രം ഇരുന്നൂറോളം അനധികൃത റെന്റ് ഏ കാർ സർവ്വീസുകൾ പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാടും നീലേശ്വരത്തുമായി നാനൂറോളം അംഗീകൃത ടാക്സികൾ സർവ്വീസ് നടത്തുന്നുണ്ട്. ടാക്സി സർവ്വീസ്  മേഖലയിലേക്ക് സ്വകാര്യ റെന്റ് ഏ കാർ സർവ്വീസുകൾ  കടന്നു കയറിയതോടെ ടാക്സി സർവ്വീസ് നടത്തുന്നവരിൽ ഭൂരിഭാഗവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്.

അംഗീകൃത ടാക്സികൾ 30,000 രൂപയാണ് പ്രതിവർഷം ഇൻഷുറൻസിനത്തിൽ സർക്കാരിലേക്ക് നൽകുന്നത് സ്വകാര്യ കാറുകൾക്ക് 6000 രൂപ മാത്രമാണ് ഇൻഷുറൻസിനത്തിൽ അടക്കേണ്ടത്. ടാക്സികളിൽ ജിപിഎസ് സംവിധാനമേർപ്പെടുത്തുന്നതിന് 10000 രൂപ ചെലവ് വരും. ഓരോ വർഷവും ഇത് പുതുക്കാൻ 3000 രൂപയും വേണം. ടാക്സിനത്തിൽ 15 വർഷത്തേക്കുള്ള തുക മുൻകൂറടച്ചാണ് ടാക്സി സർവ്വീസുകൾ പ്രവർത്തിക്കുന്നത്.

സർക്കാരിന്റെ അനുമതിയില്ലാത്ത റെന്റ് ഏ കാറുകൾ കുറഞ്ഞ നിരക്കിൽ ഓട്ടം പിടിച്ച് തങ്ങളുടെ  വയറ്റത്തടിക്കുകയാണെന്നാണ് ടാക്സി ഉടമകളുടെ പരാതി. സ്വകാര്യ കാറുകൾ ടാക്സിയായി ഓടുന്നതിന് സർക്കാർ നിയന്ത്രണമേർപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി ചെറുവത്തൂർ ആർടിഒ ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ കെ.എൽ 60 എം 8362 നമ്പർ കാർ സ്വകാര്യ റെന്റ് ഏ കാർ സർവ്വീസിൽപ്പട്ടതാണെന്നും ടാക്സി ഡ്രൈവർമാർ ആരോപിക്കുന്നു.

ഇന്നലെ രാത്രി 11 മണിക്കാണ് ചെറുവത്തൂർ ചെക്ക് പോസ്റ്റിന് സമീപത്തെ വളവിൽ സ്വകാര്യ കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. കാറിനകത്തുണ്ടായിരുന്നവർ മദ്യലഹരിയിലാരുന്നുവെന്ന് സംശയിക്കുന്നു. കാർ ചന്തേര പോലീസിന്റെ കസ്റ്റഡിയിലാണ്.

LatestDaily

Read Previous

കടലിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം തൃക്കണ്ണാട് കണ്ടെത്തി

Read Next

ലഹരി വേട്ടക്ക് പോലീസിനൊപ്പം നാട്ടുകാരും