കടലിൽ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം തൃക്കണ്ണാട് കണ്ടെത്തി

ബേക്കൽ: ബേക്കൽ അഴിമുഖത്തോട് ചേർന്ന തീരത്ത് നിന്നും ഞായറാഴ്ച ഉച്ചയ്ക്ക് അബദ്ധത്തിൽ കടലിൽ വീണ പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി കബീൽ ഷെയ്ഖിന്റെ മകൻ സെയ്ഫുൽ ഇസ്ലാമിന്റെ 19, മൃതദേഹം ഇന്ന് രാവിലെ തൃക്കണ്ണാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. അതിഥി തൊഴിലാളിയെ കാണാതായതുമുതൽ കോസ്റ്റൽ പോലീസ്, ലൈഫ് ഗാർഡ്, അഗ്നിരക്ഷാസേന, സിവിൽ ഡിഫൻസ് എന്നിവർ ചേർന്ന് രാത്രി വരെ തെരച്ചിൽ നടത്തിയെങ്കിലും,  കണ്ടെത്താൻ സാധിച്ചില്ല.

ഇന്ന് രാവിലെ തെരച്ചിൽ നടത്തുന്നതിനിടെ തൃക്കണ്ണാട് ഭാഗത്ത് മൃതദേഹം കരയ്ക്കടുത്തതായി കണ്ടെത്തുകയായിരുന്നു. തൊഴിലാളികളായ ആസിഫ്, ഫാസിഫ്, ആസിക്, മുമൺ, മൂസ, ഹംസ, റൂബിയുൾപ്പെടെയുള്ള  കൂട്ടുകാർരക്കൊപ്പം കടൽതീരത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. കടലിലേക്കിറങ്ങി നിന്ന് സെൽഫിയെടുക്കുമ്പോൾ ശക്തമായ തിരയിൽപ്പെട്ട്  സെയ്ഫുൽ ഇസ്ലാമിനെ കാണാതാവുകയായിരുന്നു. കൂട്ടുകാർക്ക് ഈ യുവാവിനെ രക്ഷപ്പെടുത്താനായില്ല.

തിരയിൽപ്പെട്ട് ഒഴുകുന്നതിനിടയിൽ കൈ ഉയർത്തി സെയ്ഫുൽ ഇസ്ലാം സഹായം തേടിയെങ്കിലും, നീന്തലറിയാത്ത കൂട്ടുകാർക്ക് നിറമിഴികളോടെ ആഴക്കടലിലേക്ക് യുവാവ് ഒഴുകിപ്പോകുന്നത് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ. ബേക്കൽ എസ്ഐ, രാജീവൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Read Previous

കൈക്കൂലി അവകാശമാക്കരുത്

Read Next

സ്വകാര്യ റെന്റ് ഏ- കാർ സർവ്വീസുകൾ ടാക്സിക്കാരുടെ വയറ്റത്തടിക്കുന്നു