വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മുങ്ങിയ ഫോട്ടോഗ്രാഫർ മുൻകൂർ ജാമ്യത്തിന് ശ്രമമാരംഭിച്ചു

വെള്ളരിക്കുണ്ട്: ഫോട്ടോയെടുക്കാനെത്തിയ  ഭർതൃമതിയെ സ്റ്റുഡിയോക്കുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ ഫോട്ടോഗ്രാഫർ മുൻകൂർ ജാമ്യത്തിന് ശ്രമമാരംഭിച്ചു

മാലോത്തെ ബിനു ക്രിയേഷൻസ് സ്റ്റുഡിയോ ഉടമ ബിനുവാണ് 40, വീട്ടമ്മയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിൽ ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യത്തിന് ശ്രമമാരംഭിച്ചത്.

വെള്ളരിക്കുണ്ട് പോലീസ് യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ കേസ്സ് റജിസ്റ്റർ ചെയ്തതിനെതുടർന്ന് ബിനു ഒളിവിൽ പോവുകയായിരുന്നു.

ഫോട്ടോഗ്രാഫറുടെ സെൽഫോൺ സ്വിച്ചോഫിലാണ്. പ്രതി ഒളിവിൽ കഴിയാൻ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ഏ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി.

സ്റ്റുഡിയോ പൂട്ടി മുങ്ങിയ ബിനു കാസർകോട് ജില്ല വിട്ടതായാണ് സൂചന. ഹൈക്കോടതി വഴി ഫോട്ടോഗ്രാഫർ മുൻ ജാമ്യത്തിന്  ശ്രമിക്കുന്നതായാണ് പോലീസ് നൽകുന്ന സൂചന.

രണ്ടാഴ്ച മുമ്പാണ് കേസ്സിനാസ്പദമായ പീഡനമുണ്ടായത്. ഫോട്ടോയെടുക്കാൻ മാലോത്തെ ബിനു ക്രിയേഷൻസ് സ്റ്റുഡിയോയിലെത്തിയ രണ്ട് മക്കളുടെ മാതാവായ യുവതിയെ സ്റ്റുഡിയോ ഉടമ കൂടിയായ ഫോട്ടോ ഗ്രാഫർ ബിനു, ഫോട്ടോ എടുക്കുന്നതിനിടെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഫോട്ടോയെടുക്കാൻ ഇരുന്ന യുവതിയെ ക്യാമറയ്ക്ക് മുന്നിലെ ഇരുത്തം ശരിയായില്ലെന്നു പറഞ്ഞ് ശരീരത്തിന്റെ പല ഭാഗങ്ങളിലും പിടിച്ച് കൊണ്ടിരുന്നു.

ശരീരത്തിലെ തടവൽ അനിയന്ത്രിതമായി പരിധിവിട്ടതോടെ യുവതി സ്റ്റുഡിയോയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.

സ്റ്റുഡിയോ ഉടമയുമായി ഭർതൃമതിക്ക് മുൻപരിചയമൊന്നുമില്ല. പീഡനസംഭവം കേസ്സില്ലാതെ ഒതുക്കാൻ ഫോട്ടോഗ്രാഫർ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല.

വീട്ടമ്മ പോലീസിനെ സമീപിച്ചതോടെ സ്റ്റുഡിയോ പൂട്ടി ബിനു മുങ്ങുകയായിരുന്നു.

LatestDaily

Read Previous

കൈക്കൂലി 2.7 ലക്ഷം രൂപയുടെ ഇടനിലക്കാർ യൂത്ത് ലീഗ് ഭാരവാഹികൾ

Read Next

നഗരസഭയ്ക്കും നാട്ടുകാർക്കും ഉപകാരമില്ലാത്ത ആറങ്ങാടി മത്സ്യ മാർക്കറ്റ് ദേശീയപാതയ്ക്ക് വഴി മാറും