ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡ്രൈവിങ്ങ് ടെസ്റ്റിന്റെ മറവിൽ സംസ്ഥാനത്തെ റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന കൈക്കൂലി കൊള്ളകളെക്കുറിച്ചറിഞ്ഞാൽ കായംകുളം കൊച്ചുണ്ണി പോലും നാണിച്ചുപോകും.
ഇത്തരത്തിൽ നടക്കുന്ന ആസൂത്രിത കൊള്ളയുടെ ചെറിയൊരു ഉദാഹരണം മാത്രമാണ് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് ആർടി ഓഫീസിലെ വിജിലൻസ് റെയ്ഡിലൂടെ പുറത്തുവന്നിരിക്കുന്നത്. രണ്ടേമുക്കാൽ ലക്ഷത്തോളം രൂപയാണ് വിജിലൻസ് റെയ്ഡിലൂടെ കണ്ടെത്തിയിരിക്കുന്നതെന്നത് തന്നെ തട്ടിപ്പിന്റെ വ്യാപ്തി ഏറെയുണ്ടെന്നതിന്റെ സൂചനയാണ്.
ഡ്രൈവിങ്ങ് ടെസ്റ്റിന്റെ മറവിൽ ലൈസൻസ് അപേക്ഷകരിൽ നിന്ന് പണം തട്ടിയെടുക്കുന്നതിന് പിന്നിൽ ഡ്രൈവിങ്ങ് സ്കൂൾ ഇടനിലക്കാരും, ആർടി ഓഫീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്നതിൽ സംശയമില്ല.
പൊതുജനങ്ങൾക്ക് സേവനം നൽകാൻ സർക്കാർ ശമ്പളം നൽകുന്ന ഉദ്യോഗസ്ഥർ തന്നെയാണ് നികുതിദായകരായ പൊതുജനത്തിന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കൈക്കൂലി കവരുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെക്കൊണ്ട് മലിനമായ ആർടി ഓഫീസുകളിൽ ശുദ്ധീകരണം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
സ്വന്തമായി വാഹനം വാങ്ങുന്നതു മുതൽ ഡ്രൈവിങ്ങ് പഠിച്ച് ലൈസൻസ് ലഭിക്കുന്നതുവരെ പൊതുജനം അനുഭവിക്കുന്ന ഗതികേടുകൾ വർണ്ണിക്കാൻ ആയിരം നാവുള്ള അനന്തന് പോലുമാകില്ല. ലൈസൻസ് അപേക്ഷകരുടെയും, വാഹന റജിസ്ട്രേഷൻ അപേക്ഷകരുടെയും ചോര കുടിക്കാൻ തക്കം പാർത്തിരിക്കുന്ന ആർടി ഓഫീസ് ഇടനിലക്കാരെ ഒാഫീസുകളുടെ വരാന്തകളിൽ നിന്നും അടിച്ചോടിച്ച് അവിടെ അണുനശീകരണം നടത്തിയാൽ മാത്രമേ അർടി ഒാഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഇടനില തട്ടിപ്പുകൾക്ക് ശമനമുണ്ടാകുകയുള്ളൂ. ആർടി ഒാഫീസ് സേവനങ്ങൾ ഒാൺലൈനിലായിട്ടും ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൈക്കൂലിക്കൊള്ളയ്ക്ക് നിയന്ത്രണമുണ്ടായിട്ടില്ലെന്നത് ഇരുകൂട്ടരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഇഴയടുപ്പം എത്രത്തോളമുണ്ടെന്നതിന്റെ ദൃഷ്ടാന്തമാണ്.
കൈക്കൂലിയെന്ന ദുർഭൂതത്തെ സർക്കാരോഫീസുകളിൽ നിന്ന് തുരത്താൻ സർക്കാരുകൾ കാലാകാലങ്ങളായി നടത്തി വരുന്ന ശ്രമങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് അഴിമതി അഭംഗുരം തുടരുന്നതിന്റെ കാരണം ഉദ്യോഗസ്ഥരുടെ മനോഭാവത്തിൽ മാറ്റമുണ്ടാകാത്തതാണ്. പൊതുജനത്തിന്റെ നികുതിപ്പണമാണ് തങ്ങളുടെ ശമ്പളമെന്ന സാമാന്യ അറിവ് പോലുമില്ലാത്ത ഉദ്യോഗസ്ഥരാണ് ജനങ്ങളെ പല വിധത്തിൽ കൈക്കൂലിയുടെ പേരിൽ ദ്രോഹിച്ചു കൊണ്ടിരിക്കുന്നത്. സേവനങ്ങൾ പലതും ഒാൺലൈനിലൂടെ ലഭിക്കാൻ തുടങ്ങിയതിന് ശേഷം റവന്യൂ വകുപ്പിൽ വില്ലേജ് ഒാഫീസുകൾ കേന്ദ്രീകരിച്ച് നടന്നു വന്നിരുന്ന അഴിമതി കുറക്കാനായിട്ടുണ്ടെങ്കിലും ആർടി ഒാഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതി ഇനിയും അവസാനിപ്പിക്കാനായിട്ടില്ല.
സർക്കാരോഫീസുകളുടെ തൂണുകൾ പോലും കൈക്കൂലിക്ക് കൈ നീട്ടുന്ന കാലമുണ്ടായിരുന്നു. അഴിമതി ആചാരമാക്കിയ സർക്കാർ വകുപ്പുകൾ പലതും കാലത്തിനൊത്ത് പരിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും റീജണൽ ട്രാൻസ്പോർട്ട് ഒാഫീസുകളിലെ ഉദ്യോഗസ്ഥരിൽ പലരും ഇനിയും കാലത്തിനൊത്ത് മാറാൻ തയ്യാറായിട്ടില്ലെന്നതാണ് വസ്തുത. കൈക്കൂലി തങ്ങളുടെ അവകാശമാണെന്ന മിഥ്യാധാരണ പുലർത്തുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും സർക്കാർ സർവ്വീസുകളിലുണ്ടെന്നതാണ് യാഥാർത്ഥ്യം. ഇത്തരം ഉദ്യോഗസ്ഥരെ തിരുത്തിയെടുക്കാൻ സർവ്വീസ് സംഘടനകൾ ഇനിയും വൈകരുത്. ന്യായമായി ലഭിക്കേണ്ട സർക്കാർ സേവനങ്ങൾക്ക് കൈക്കൂലി നൽകേണ്ടി വരുന്ന പൊതുജനത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് സർവ്വീസ് സംഘടനകൾ ഇനിയെങ്കിലും ചർച്ച നടത്തണം.
ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൈക്കൂലി കവരുന്നതിനപ്പുറം മനുഷ്യത്വരാഹിത്യം മറ്റൊന്നില്ല തന്നെ. സർവ്വീസിലിരുന്ന് പൊതുജനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്ന ആർത്തിപ്പണ്ടാരങ്ങളായി സ്വയം തരം താഴണോയെന്ന് ഉദ്യോഗസ്ഥർ ആത്മപരിശോധന നടത്തണം. സർക്കാർ സേവന മേഖലയിലെ പുഴുക്കുത്തുകളായ അഴിമതിക്കാരെ തള്ളിപ്പറയാനെങ്കിലും സർവ്വീസ് സംഘടനകൾ തയ്യാറാകണം.