ജില്ലാ ഭരണകൂടത്തിന്റെ ശ്രമവും പാഴായി, അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തന സജ്ജമായില്ല

കാഞ്ഞങ്ങാട്: ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ഡിഎംഒ ഉൾപ്പെടെയുള്ളവരുടെ  അമ്മയും കുഞ്ഞും ആശുപത്രി തുറക്കുമെന്ന പ്രഖ്യാപനവും പാഴായി. 2021 സെപ്തംബർ 15  മുതൽ കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞുമാശുപത്രി പ്രവർത്തന സജ്ജമാകുമെന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രഖ്യാപനമാണ് പാഴായത്. കഴിഞ്ഞ മാസം  അമ്മയും കുഞ്ഞും ആശുപത്രിയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും  കലക്ടറും ഈ മാസം 15നുള്ളിൽ ആശുപത്രി  തുറക്കുമെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചത്.

കലക്ടറും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആശുപത്രിയിലെത്തി കാര്യങ്ങൾ വിലയിരുത്തിയ ശേഷവും ആശുപത്രി തുറക്കുന്നതിനാവശ്യമായ കാര്യങ്ങളിലൊന്നിലും ഇതിന് ശേഷവും പുരോഗതിയുണ്ടായില്ല. എല്ലാം പഴയ പടിയിലെന്ന അവസ്ഥയിലാണിപ്പോഴും. ജനറേറ്റർ, വൈദ്യൂതീകരണം പൂർത്തിയാക്കാനാവാത്തതാണ് ആശുപത്രി പ്രവർത്തനം സജ്ജമാകുന്നതിന്റെ പ്രധാന തടസ്സം.

അമ്മയും കുഞ്ഞുമാശുപത്രിയിലേക്ക് മാത്രമായി ഡോക്ടർമാരുടെ ഉൾപ്പെടെ നിയമനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, മറ്റ് ആശുപത്രികളിൽ നിന്നും ഡോക്ടർമാരെയും നഴ്സുമാരെയും നിയമിച്ച്  തൽക്കാലം പരിഹാരം കാണുമെന്നാണ് സൂചന. വൈദ്യൂതീകരണം പൂർത്തിയാകുന്നതോടൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാനുമുണ്ട്.

വൈദ്യൂതിപോലും ലഭിക്കും മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രിയിപ്പോഴും നൂലാമാലകളിൽപ്പെട്ട് കിടക്കുകയാണ്. കോവിഡ് മൂന്നാം തരംഗസാധ്യത കണക്കിലെടുത്താണ് ആശുപത്രി അടിയന്തിരമായി പ്രവർത്തന സജ്ജമാക്കാൻ ജില്ലാ ഭരണകൂടം ഒരുങ്ങിയത്. മൂന്നാം തരംഗം ഗർഭിണികളേയും  കുട്ടികളേയും ബാധിക്കുമെന്നതിനാലാണ് അമ്മയും കുഞ്ഞും ആശുപത്രി തുറക്കാൻ ഭരണകൂടം അടിയന്തിരശ്രമം നടത്തിയത്.

ജില്ലാ കലക്ടർ സ്വാഗത്  ഭണ്ഡാരി റൺവീർ ചന്ദ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ഡിഎംഒ ഡോ. കെ.ആർ. രാജൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഏ.ടി. മനോജ് എന്നിവർ 15-ന് അമ്മയും കുഞ്ഞുമാശുപത്രി  പ്രവർത്തനമാകുമെന്നുറപ്പ് നൽകിയതാണ്. ഫെബ്രുവരിയിലാണ് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ആശുപത്രി  ഉദ്ഘാടനം ചെയ്തത്.

വൈദ്യൂതി കണക്ഷൻ, ജനറേറ്റർ സംവിധാനത്തിന് പുറമെ ഫയർ ആന്റ് സേഫ്റ്റി  സംവിധാനവും ഒരുക്കാതെയായിരുന്നു ധൃതിപിടിച്ച് മന്ത്രി  കെട്ടിടം ഉദ്ഘാടനം ചെയ്തത്. ലിഫ്റ്റും സ്ഥാപിച്ചിട്ടില്ല. ഒരു കോടി 80 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും, പൊതുമരാമത്ത് ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും അനുമതി ലഭിക്കണം. കെട്ടിടത്തിനകത്തെ  നവീകരണം വിവിധ ഭാഗങ്ങളെ തരം തിരിക്കൽ തുടങ്ങിയ ജോലികൾ പൂർത്തിയായിട്ടില്ല. കിടത്തി ചികിത്സയ്ക്കാവശ്യമായ മറ്റ് സൗകര്യങ്ങൾ ഒരുക്കാനുണ്ട്.  ഓക്സിജൻ ലൈൻ ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തികളും പൂർത്തിയായിട്ടുണ്ടെങ്കിലും, ഗർഭിണികളെ പ്രവേശിപ്പിച്ചാൽ തന്നെ പ്രസവത്തിനുള്ള തിയേറ്റർ പൂർത്തിയായിട്ടില്ല.

LatestDaily

Read Previous

ആഡംബര വാഹനങ്ങൾ സ്വന്തമായുള്ളയാൾക്കും ജില്ലാശുപത്രിയിൽ താൽക്കാലിക നിയമനം

Read Next

സീബ്ര ലൈൻ മുറിച്ച് കടക്കുമ്പോൾ വാഹനമിടിച്ച് പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു