ഡ്രൈവിങ്ങ് ടെസ്റ്റിന്റെ മറവിൽ കൊള്ള, റെയ്ഡ് ആസൂത്രിതമായി, പിടിച്ചെടുത്തത് 2,69,860

കാഞ്ഞങ്ങാട്: ഡ്രൈവിങ്ങ് ടെസ്റ്റിന്റെ പേരിൽ കാഞ്ഞങ്ങാട് സബ്ബ് ആർടി ഓഫീസിന് കീഴിൽ നടക്കുന്നത് കൊള്ളയടി. ഡ്രൈവിങ്ങ് സ്കൂൾ ഏജന്റുമാരെ ഉപയോഗിച്ച് കാഞ്ഞങ്ങാട് ആർടിഒ ഉദ്യോഗസ്ഥർ നടത്തിയത് കായംകുളം കൊച്ചുണ്ണിയെപ്പോലും തോൽപ്പിക്കുന്ന തരത്തിലുള്ള കൊള്ളയാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം വിജിലൻസ് ഡിവൈഎസ്പി, കെ.വി. വേണുഗോപാലും സംഘവും നടത്തിയ മിന്നൽ പരിശോധനയിൽ 2,69,860 രൂപയാണ് ഗുരുവനം ടെസ്റ്റിങ്ങ് ഗ്രൗണ്ടിൽ നിന്നും  പിടിച്ചെടുത്തത്. ഇത്രയുമധികം തുക അടുത്ത കാലത്തൊന്നും ജില്ലയിൽ പിടിച്ചെടുത്തിട്ടില്ല.

ഡ്രൈവിങ്ങ് സ്കൂളുകളിൽ ഡ്രൈവിങ്ങ് പഠിക്കാനെത്തുന്ന പഠിതാക്കളിൽ നിന്നും ഫീസിനത്തിൽ പിരിച്ചെടുക്കുന്ന തുകയോടൊപ്പം പഠിതാക്കളറിയാതെ കൈക്കൂലിപ്പണവും ഈടാക്കുന്നുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ആർടി ഓഫീസ് ഉദ്യോഗസ്ഥർക്ക് കൊടുക്കാനുള്ള വിഹിതം ഡ്രൈവിങ്ങ് സ്കൂളുകൾക്ക് കൈമാറിയിട്ടുള്ളവരുടെ പേരുകൾ പ്രത്യേകമായി അടയാളപ്പെടുത്തി ഉദ്യോഗസ്ഥൻമാർക്ക് കൈമാറുകയും,  ഇത്തരക്കാരെ ഡ്രൈവിങ്ങ് ടെസ്റ്റിൽ വിജയിപ്പിക്കുകയുമാണ് പതിവ്. റോഡ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നവരിൽ  കൈക്കൂലി വിഹിതം കൊടുക്കാത്തവരുണ്ടെങ്കിൽ, അവർ ഒരു കാലത്തും ടെസ്റ്റിൽ വിജയിക്കുകയുമില്ല. ഡ്രൈവിങ്ങ് ടെസ്റ്റിന് തീയ്യതി  നിശ്ചയിച്ചു കിട്ടാൻ ജോയിന്റ് ആർടിഒയ്ക്കും, മോട്ടോർ വെഹിക്കിൾ ഇൽസ്പെക്ടർക്കും പ്രത്യേകമായി കൈക്കൂലി നൽകണമെന്ന വിവരവും പുറത്തായിട്ടുണ്ട്.

ഇന്നലെ 80 ഡ്രൈവിങ്ങ് ടെസ്റ്റുകളാണ് ഗുരുവനത്തെ മോട്ടോർ ഡ്രൈവിങ്ങ് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്നത്. ഇവരിൽ പലരും ഗൾഫിലേക്ക് തിരിച്ചുപോകേണ്ടവരാണ്. കോവിഡ് സാഹചര്യത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റുകൾ മാറ്റിവെച്ച സാഹചര്യത്തിലാണ് അപേക്ഷകരുടെ എണ്ണം വർദ്ധിച്ചത്. ഗൾഫിലേക്ക് തിരിച്ചുപോകാനുള്ള പലരും ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ ചോദിച്ച പണം നൽകിയാണ് ടെസ്റ്റിനെത്തിയത്. ഇതാണ് ഗുരുവനത്തുനിന്നും ഇത്രയധികം പണം പിടിച്ചെടുക്കാൻ കാരണം.

ഇന്നലെ നടന്ന വിജിലൻസ് റെയ്ഡിൽ കാഞ്ഞങ്ങാട് സബ്ബ് ആർടി ഓഫീസ് വെഹിക്കിൾ ഇൻസ്പെക്ടറും, ചെറുപുഴ സ്വദേശിയുമായ കെ.ആർ. പ്രസാദാണ് പിടിയിലായത്. ലേണേഴ്സ് കാലാവധി അവസാനിക്കുന്നവരെ ടെസ്റ്റിൽ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് ഡ്രൈവിങ്ങ് സ്കൂൾ ഏജന്റുമാർ വഴി വ്യാപകമായി കൈക്കൂലി പിരിച്ചെടുത്തത്. പിരിച്ചെടുത്ത പണം ജോയിന്റ് ആർടിഒ അടക്കമുള്ളവർ ചേർന്ന് വീതിച്ചെടുക്കാനായിരുന്നു നീക്കം. റെയ്ഡിനിടെ പിടിച്ചെടുത്ത പണം ട്രഷറിയിൽ നിക്ഷേപിച്ച ശേഷം ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് ആസ്ഥാനത്തേക്ക് റിപ്പോർട്ട് നൽകുമെന്ന്  വിജിലൻസ് ഡിവൈഎസ്പി, കെ.വി. വേണുഗോപാൽ അറിയിച്ചു.

വിജിലൻസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശ പ്രകാരമായിരിക്കും  തുടർ നടപടി. വിജിലൻസ് റിപ്പോർട്ട് ലഭിക്കുന്നതോടെ ആർടി ഓഫീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ്  സൂചന. ആർടി ഓഫീസ് ഉദ്യോഗസ്ഥർക്കുവേണ്ടി കൈക്കൂലി പിരിക്കാൻ ഇടനില നിന്ന ഏജന്റുമാരായ കാഞ്ഞങ്ങാട് റൂബി ഡ്രൈവിങ്ങ് സ്കൂളിലെ നൗഷാദ്, റമീസ് എന്നിവർക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

LatestDaily

Read Previous

ചികിത്സ തേടി കോട്ടച്ചേരി നഗരസഭാ മത്സ്യ മാർക്കറ്റ്

Read Next

മാതൃസഹോദരിയുടെ പരാതിയിൽ ലൂക്ക് ഔട്ടിൽ പിടികൂടിയ പ്രവാസി യുവാവിന് ജാമ്യം