ഗ്രൂപ്പിതര നേതാക്കളും സുധാകരനെതിരെ; ഗ്രൂപ്പിന് പുറത്ത് പടയൊരുക്കം

കാഞ്ഞങ്ങാട്:  വി. എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കം ഗ്രൂപ്പിന്നതീതരായി നിൽക്കുന്ന കോൺഗ്രസ്സ് നേതാക്കളും കെപിസിസി പ്രസിഡണ്ട് കെ. സുധാകരനുമായി ഇടഞ്ഞതോടെ കോൺഗ്രസ്സ് ഗ്രൂപ്പുകൾക്ക് പുറത്ത് പടയൊരുക്കം ശക്തമായി. കോൺഗ്രസ്സിനകത്തെ ഗ്രൂപ്പ് പരസ്യമാക്കിയാണ് മുൻ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ കെ. സുധാകരനെതിരെ രംഗത്ത് വന്നത്.

കെ. സുധാകരനെ പ്രസിഡണ്ടായി നിയമിച്ച ഹൈക്കമാന്റ് തീരുമാനം തെറ്റായിരുന്നുവെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ തുറന്നടിച്ചത്. സമവായ ചർച്ചകൾക്കായി തന്നെ സന്ദർശിച്ച ഏഐസിസി ജനറൽ സിക്രട്ടറി താരീഖ് അൻവറിനോട് മുല്ലപ്പള്ളി എല്ലാം തുറന്ന് പറയുകയായിരുന്നു.

തന്നെ നീക്കിയതിൽ തെറ്റില്ലെന്നും എന്നാൽ, സുധാകരനെ പ്രസിഡണ്ടാക്കിയത് തെറ്റായിരുന്നുവെന്നുമാണ് താരീഖ് അൻവറെ മുല്ലപ്പള്ളി ധരിപ്പിച്ചത്. ഇപ്രകാരം മുൻ കെപിസിസി പ്രസിഡണ്ടും രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന വി. എം. സുധീരനും സുധാകരനെ പ്രസിഡണ്ടാക്കിയതിലുള്ള അപാകതയും വിഷയത്തിൽ ഹൈക്കമാന്റ് സമീപനവും ചൂണ്ടിക്കാട്ടിയാണ് താരീഖുമായി സംസാരിച്ചത്.

കെപിസിസി നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവിന്റെയും സമീപനങ്ങളോട് വിയോജിച്ച് ഗ്രൂപ്പ് നേതാക്കൾക്ക് പുറമെ ഗ്രൂപ്പിതര നേതാക്കളും രംഗത്ത് വന്നതോടെ സംസ്ഥാന കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു. കെപിസിസി പുനഃസംഘടനാ നീക്കം സജീവമായതോടെയാണ് ഹൈക്കമാന്റിനെ തന്നെയും പ്രതികൂട്ടിലാക്കുന്ന തീരുമാനങ്ങൾ ഗ്രൂപ്പിതര പക്ഷത്ത് നിന്നുണ്ടായത്.

പാർട്ടി അടിമുടി ഉടച്ച് വാർക്കുന്നതിന് മുന്നോടിയായി കെപിസിസി പുനഃ സംഘടനയ്ക്ക് സംസ്ഥാന നേതൃത്വം നീക്കം തുടങ്ങിയതോടെയാണ് ഗ്രൂപ്പ് വഴക്കുകളും ഗ്രൂപ്പിതരരുടെ നീക്കങ്ങളും സജീവമായത്. കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതിയാണ് ഗ്രൂപ്പിതര നേതാക്കൾ ഉന്നയിക്കുന്നത്. നേരത്തെ ഇതേ പരാതികൾ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും  ഉന്നയിച്ചപ്പോൾ പദവികൾ പങ്കിടുന്നതിനാണ് പരാതികൾ ഉന്നയിക്കുന്നതെന്നാരോപിച്ച് ഇരു നേതാക്കളെയും തള്ളുകയായിരുന്നു.

എന്നാൽ വി. എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ഇതേ പരാതികളുമായി രംഗത്ത് വന്നതോടെ ഹൈക്കമാന്റിന് നിലപാട് തിരുത്തേണ്ട സാഹചര്യമുണ്ടായിരിക്കുന്നു. മുതിർന്ന നേതാക്കളെപ്പോലും വിശ്വാസത്തിലെടുക്കാതെ പുതിയ നേതൃത്വം ഏക പക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന തോന്നൽ ഇപ്പോൾ ഹൈക്കമാന്റിനും ഉണ്ടായിരിക്കുന്നു. പരാതികൾ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിലേക്കാണ് ദേശീയ നേതൃത്വവും ഇപ്പോൾ എത്തിനിൽക്കുന്നത്.

കെപിസിസിയുടെ പുതിയ ഭാരവാഹിപ്പട്ടിക ഈ മാസം തന്നെ പുറത്തിറക്കാനാവുമെന്ന കെ. സുധാകരന്റെയും വി. ഡി. സതീശന്റെയും പ്രതീക്ഷകൾക്ക് മങ്ങലേറ്റിരിക്കുന്നു. പട്ടിക തയ്യാറാക്കും മുമ്പേ ഇനിയും വിപുലമായ ചർച്ച വേണ്ടിവരുമെന്ന സ്ഥിതിയിലെത്തി നിൽക്കുകയാണ് ഹൈക്കമാന്റും ദേശീയ നേതൃത്വവും. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് ഏഐസിസി ജനറൽ സിക്രട്ടറി താരീഖ് അൻവറിനുമുള്ളത്.

LatestDaily

Read Previous

ജില്ലാശുപത്രിയിൽ ഉദ്യോഗസ്ഥ മേധാവിത്വം

Read Next

ഫർണിച്ചർ മോഷണം: പോലീസ് അന്വേഷണമാരംഭിച്ചു