ചികിത്സ തേടി കോട്ടച്ചേരി നഗരസഭാ മത്സ്യ മാർക്കറ്റ്

കാഞ്ഞങ്ങാട്: കോട്ടച്ചേരി നഗരസഭാ മത്സ്യ മാർക്കറ്റ് ചികിത്സ തേടുന്നു. നഗരസഭാ മാർക്കറ്റ് കെട്ടിടത്തിന്റെ നാലുപാടും മാലിന്യങ്ങൾ നിറഞ്ഞു. കോഴി, മാട് അറവ് മാലിന്യങ്ങൾ,  മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ, അഴുക്ക് ജലം, പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കൂടി ചേർന്ന് മാർക്കറ്റ് പരിസരത്ത് മാലിന്യങ്ങൾ കുമിഞ്ഞ് കൂടി കിടക്കുന്നു.

മാർക്കറ്റിനകത്തും പുറത്തും മലിനജലം തളം കെട്ടിനിൽക്കുന്നു. ഒരു പതിറ്റാണ്ട് മുമ്പ്  മാർക്കറ്റിൽ ലക്ഷങ്ങൾ മുതൽ മുടക്കി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിരുന്നുവെങ്കിലും, വർഷങ്ങളോളം കുഴിയിൽ കിടന്ന് നശിച്ച പ്ലാന്റ് പിന്നീട് നഗരസഭ എടുത്ത് മാറ്റി. 2018 ൽ മാർക്കറ്റിൽ നഗരസഭ 1 ലക്ഷം രൂപ മുതൽ മുടക്കി മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിരുന്നു.

മാർക്കറ്റിലെ മലിനജലം ശുദ്ധീകരിച്ചാണിപ്പോൾ തൊഴിലാളികൾ മാർക്കറ്റ് കെട്ടിടം പതിവായി ശുദ്ധീകരിക്കുന്നത്. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നത് ഒരു പരിധി വരെ മാർക്കറ്റിലെ മലിനീകരണ പ്രശ്നങ്ങൾക്ക് പരിഹാരമാണെങ്കിലും മറ്റ് ഖര മാലിന്യങ്ങൾ ഇപ്പോൾ മാർക്കറ്റിന് ബാധ്യതയായി നിലനിൽക്കുന്നു.

പുറത്ത് നിന്നുമെത്തുന്ന മത്സ്യങ്ങൾ കൊണ്ടുവരുന്ന ലോറികളുൾപ്പെടെ വലിയ വാഹനങ്ങൾ മാർക്കറ്റിനകത്ത് നിർത്തിയിടുന്നതാണ് അഴുക്ക് ജലം തളം കെട്ടി നിൽക്കാൻ കാരണമെന്ന് നഗരസഭാധികൃതർ പറഞ്ഞു. മാർക്കറ്റിൽ പ്രവേശിക്കുന്നതിന് ലോറികൾക്കുൾപ്പെടെ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാധികൃതർ ചൂണ്ടിക്കാട്ടി.

LatestDaily

Read Previous

ഫർണിച്ചർ മോഷണം: പോലീസ് അന്വേഷണമാരംഭിച്ചു

Read Next

ഡ്രൈവിങ്ങ് ടെസ്റ്റിന്റെ മറവിൽ കൊള്ള, റെയ്ഡ് ആസൂത്രിതമായി, പിടിച്ചെടുത്തത് 2,69,860