രേഷ്മയുടെ തിരോധാനം; സിവിൽ സ്റ്റേഷനും ആർഡി ഒാഫീസും സ്തംഭിപ്പിച്ച് സമരക്കാർ

കാഞ്ഞങ്ങാട്:  തായന്നൂർ എണ്ണപ്പാറയിലെ രേഷ്മയുടെ തിരോധാനക്കേസ്സിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ദളിത് സംഘടന കെപിജെഎസ് നേതൃത്വത്തിൽ നടത്തിയ ഉപരോധ സമരത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പ്രവർത്തനം സ്തംഭിപ്പിച്ചു. ആർഡി ഒാഫീസ് പ്രവർത്തനവും 4 മണിക്കൂർ ഉപരോധത്തിൽ സ്തംഭിച്ചു.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറോളം സമരക്കാർ രാവിലെ 9 മണി മുതൽ സിവിൽ സ്റ്റേഷന്റെ പ്രധാന ഗേറ്റിൽ നിലയുറപ്പിച്ച് മുദ്രാവാക്യം മുഴക്കി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്   പിറകിലൂടെ ഉദ്യോഗസ്ഥർ ഒാഫീസിൽ കയറുമെന്ന് മനസ്സിലാക്കിയ സമരക്കാർ മിനി സിവിൽ സ്റ്റേഷന്റെ മുഴുവൻ കവാടങ്ങളിലും നിലയുറപ്പിച്ച് സിവിൽ സ്റ്റേഷൻ പ്രവർത്തനം സ്തംഭിച്ചു. ഇതേ സമയം തൊട്ടടുത്ത ആർഡി ഓഫീസും സമരക്കാർ ഉപരോധിച്ചു. ജീവനക്കാർക്ക് ഓഫീസുകളിൽ പ്രവേശിക്കാനായില്ല. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ കോമ്പൗണ്ട് വഴി സിവിൽ സ്റ്റേഷനിലേക്ക് ജീവനക്കാരും മറ്റ് ആവശ്യക്കാരും പ്രവേശിക്കുമെന്നറിഞ്ഞ സമരക്കാർ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷന്റെ ഗേറ്റിന് മുന്നിലും നിലയുറപ്പിച്ചു.

പുലർച്ചെ സമരക്കാരെത്താൻ സാധ്യത മുൻ നിർത്തി പുലർച്ചെ 5 മണിക്ക് തന്നെ മിനി സിവിൽ സ്റ്റേഷന് മുന്നിൽ പോലീസ് നിലയുറപ്പിച്ചിരുന്നു. മിനി സിവിൽ സ്റ്റേഷനിലേക്കാണ് സമരം പ്രഖ്യാപിച്ചതെങ്കിലും, ആർഡി ഓഫീസ് ഇതോടൊപ്പം ഉപരോധിക്കാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് പോലീസ് ആർഡി ഓഫീസിൽ സുരക്ഷയൊരുക്കി. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു.

കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ , പോലീസ് ഇൻസ്പെക്ടർമാരായ കെ.പി. ഷൈൻ, പി. നാരായണൻ, സബ് ഇൻസ്പെക്ടർമാരായ കെ.പി. സതീഷ്, വി. മാധവൻ, ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സിവിൽ സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചു. 9 മണിക്കാരംഭിച്ച ഉപരോധം 4 മണിക്കൂർ നീണ്ടു. ഉദ്ഘാടന പരിപാടിയാരംഭിച്ചത് 11-–30 മണിക്കാണ്. സമരം നീണ്ടുപോയപ്പോൾ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പോലീസ് തുനിഞ്ഞില്ല.

കെപിജെഎസ് സംസ്ഥാന  സംസ്ഥാന ജനറൽ സിക്രട്ടറി തെക്കൻ സുനിൽ കുമാർ യുവജന മഹിളാ നേതൃത്വത്തിൽ നടന്ന സിവിൽ സ്റ്റേഷൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. പുഷ്പ, രാജീവൻ എളേരി, രാജേഷ് മഞ്ഞളംബര, ഗോപി കാട്ടിപ്പാറ, രതീഷ് കാർത്തിക, സുധ, എം. മനോജ്, രാധാമണി, സന്ദീപ് നെല്ലിക്കാടൻ, മധു, ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.തായന്നൂർ എണ്ണപ്പാറ മൊയോലം കോളനിയിലെ രേഷ്മയെ പതിനൊന്ന് വർഷം മുമ്പാണ് കാണാതായത്.

രേഷ്മയുടെ തിരോധാനത്തിൽ മാതാപിതാക്കൾ നൽകിയ പരാതിയിൽ അമ്പലത്തറ പോലീസ് കേസ്സെടുത്തുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പാണത്തൂരിലെ യുവാവിനും കുടുംബത്തിനും രേഷ്മയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. രേഷ്മയെ കടത്തിക്കൊണ്ട് പോയതാണെന്ന് ദളിത് സംഘടനകൾ ആരോപണമുന്നയിച്ചു.

LatestDaily

Read Previous

സദാചാര ഗുണ്ടകൾ ഭർതൃമതിയെ തടഞ്ഞുവെച്ചു; 5 പേർ അറസ്റ്റിൽ

Read Next

കോവിഡ് രോഗി മെഡിക്കൽ കോളേജിന്റെ ഏഴാം നിലയിൽ നിന്നും ചാടി മരിച്ചു