ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലാശുപത്രിയുടെ മേൽനോട്ട ചുമതലയുള്ള ഹോസ്പിറ്റർ മാനേജ്മെന്റ് കമ്മിറ്റി നോക്കുകുത്തിയായി. ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷൻ ചെയർമാനായും, ആശുപത്രി സൂപ്രണ്ട് കൺവീനറുമായുള്ള ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും പ്രതിനിധികളും, സാമൂഹ്യ സന്നദ്ധ സംഘടനകളിലെ പ്രതിനിധികളുമുണ്ടെങ്കിലും ജില്ലാശുപത്രിയിലെ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വെറും നോക്കുകുത്തിയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
അതാത് കാലത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻമാരാണ് മാനേജ്മെന്റ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം വഹിക്കേണ്ടത്. ആശുപത്രിയുടെ ഭൗതിക വികസനം ലക്ഷ്യമിട്ട് രൂപീകരിച്ച കമ്മിറ്റികൾ മാസത്തിൽ ഒരു തവണയാണ് സമ്മേളിക്കാറുള്ളത്. ഇവയിൽ മിക്ക യോഗങ്ങളിലും ജില്ലാ പഞ്ചായത്ത് അധ്യക്ഷൻമാരുടെ സാന്നിദ്ധ്യമുണ്ടാകാറില്ല. ഫലത്തിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗങ്ങൾ വെറും ചടങ്ങായിത്തീരുകയാണ് ചെയ്യുന്നത്. ഭരണ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളുൾപ്പെട്ട കമ്മിറ്റിയിൽ അതാത് കാലത്തെ ഭരണ കക്ഷികളുടെ അപ്രമാദിത്വമാണ് നിലനിൽക്കുന്നത്.
ഇത്തവണ ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത് ഇടതുപക്ഷമായതിനാൽ സിപിഎം തീരുമാനിക്കുന്ന വിധത്തിലാണ് ജില്ലാശുപത്രിയിലെ താൽക്കാലിക നിയമനങ്ങളെന്നാണ് ആക്ഷേപം. ജില്ലാശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ ആശുപത്രിയുടെ 2 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്നവരെ പരിഗണിക്കണമെന്നാണ് നിയമമെങ്കിലും, നിലവിൽ പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം മുതലായ പ്രദേശങ്ങളിലുള്ളവർ ഇവിടെ താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്.
ജില്ലാശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾ ഭരണകക്ഷി യുണിയന്റെ ഒത്താശയോടെയാണെന്ന് നാട്ടുകാർ ആക്ഷേപിക്കുന്നു. ജില്ലാശുപത്രി ഓഫീസ് വിഭാഗത്തിലും, ജില്ലാ മെഡിക്കൽ ഓഫീസ് വിഭാഗത്തിലും ജോലി ചെയ്യുന്നവരുടെ ബന്ധുക്കളും, ഭാര്യാബന്ധുക്കളും വരെ താൽക്കാലിക തസ്തികകളിൽ സേവനത്തിലുണ്ടെന്ന് തൊഴിൽരഹിതരായ യുവാക്കൾ ആക്ഷേപിക്കുന്നു.
ആശുപത്രി സൂപ്രണ്ടിനെയും, ജില്ലാ മെഡിക്കൽ ഓഫീസറെയും നോക്കുകുത്തിയാക്കി യൂണിയനുകൾ താൽക്കാലിക നിയമനത്തിൽ അവകാശമുറപ്പിച്ചതോടെ എംപ്ലോയ്മെന്റ് എക്സേഞ്ചുകളിൽ പേർ റജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന തൊഴിൽ രഹിതരുടെ കാര്യമാണ് കഷ്ടത്തിലായത്. താൽക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് ഇന്റർവ്യൂ നടത്താറുണ്ടെങ്കിലും, ഇത് വെറും പ്രഹസനമാണെന്നാണ് ആക്ഷേപം.
താൽക്കാലിക നിയമനത്തിനുള്ള ചുരുക്കം തസ്തികകളിൽ ഇന്റർവ്യൂവിനായി നൂറുകണക്കിനാളുകളെ വിളിച്ചുവരുത്താറുണ്ടെങ്കിലും, നിയമനം ലഭിക്കുന്നത് സ്ഥിരം മുഖങ്ങൾക്കാണെന്ന് തൊഴിൽ രഹിതർ പരാതിപ്പെടുന്നു. ജില്ലാശുപത്രിയിലെ താൽക്കാലിക നിയമനങ്ങളിലെ ഉദ്യോഗസ്ഥരുടെ കൈകടത്തലിന് പിന്നിൽ സ്വജന പക്ഷപാതവും, അഴിമതിയുമുണ്ടെന്നാണ് തൊഴിൽരഹിതരായ യുവാക്കളുടെ ആക്ഷേപം.
ജില്ലാശുപത്രിയിലെ ഉദ്യോഗസ്ഥ മേധാവിത്വം അവസാനിപ്പിച്ച് താൽക്കാലിക നിയമനങ്ങൾ സുതാര്യമായി നടത്തണമെന്നും അവരാവശ്യപ്പെടുന്നു. ആശുപത്രിയുടെ മേൽനോട്ടച്ചുമതലയുള്ള ജില്ലാ പഞ്ചായത്ത് ഇക്കാര്യത്തിൽ കടുത്ത അനാസ്ഥ കാണിക്കുന്നതായി തൊഴിൽ രഹിതർ പരാതിപ്പെടുന്നു.