വി. എം. സുധീരന്റെ രാജി: കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷം

കാഞ്ഞങ്ങാട്: മുൻ നിയമസഭാ സ്പീക്കറും, മുൻ കെപിസിസി പ്രസിഡണ്ടുമായ വി. എം. സുധീരന്റെ രാജിയും, മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും, മുൻ കെപിസിസി പ്രസിഡണ്ടുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ കോൺഗ്രസ്സിൽ നിന്നുള്ള അകൽച്ചയും സംസ്ഥാനത്ത് കോൺഗ്രസ്സിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ചു.

കഴിഞ്ഞ ദിവസമാണ് വി. എം. സുധീരൻ തന്റെ ഏ. ഐ. സി. സി. അംഗത്വവും രാജി വെച്ചത്. സംസ്ഥാനത്ത് കെപിസിസിക്ക് പുതിയ നേതൃത്വം വന്നപ്പോൾ ഏറെ പ്രതീക്ഷിച്ചിരുന്നുവെന്നും, പുതിയ നേതൃത്വം പ്രതീക്ഷയ്ക്കൊത്ത് വളർന്നില്ലെന്നുമുള്ള കടുത്ത വിമർശനമാണ് വി. എം. സുധീരൻ കഴിഞ്ഞ ദിവസം നടത്തിയത്.

പാർട്ടിയിലെ തെറ്റായ പ്രവർത്തന ശൈലിയും, അനഭിലഷണീയമായ പ്രവണതകളുമാണ് തന്റെ രാജിക്ക് കാരണമെന്നും സുധീരൻ വെട്ടിത്തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വി. എം. സുധീരൻ നടത്തിയതിന് സമാനമായ പ്രസ്താവനയാണ് മുല്ലപ്പള്ളി രാമചന്ദ്രനും കഴിഞ്ഞ ദിവസം നടത്തിയത്.

മുല്ലപ്പള്ളി രാമചന്ദ്രൻ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന കെ. സുധാകരന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത ഭാഷയിലാണ് മുല്ലപ്പള്ളി പ്രതികരിച്ചത്. കോൺഗ്രസ്സിൽ മൃദുശൈലി സ്വീകരിക്കുന്ന രണ്ട് വ്യത്യസ്ത നേതാക്കളാണ് കഴിഞ്ഞ ദിവസം കെപിസിസി നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിച്ചത്.

വരാനിരിക്കുന്ന ദിവസങ്ങളിൽ കോൺഗ്രസ്സിനകത്തുണ്ടായേക്കാവുന്ന ഉരുൾ പൊട്ടലുകളുടെ സൂചനകളാണ് വി. എം. സുധീരനും, മുല്ലപ്പള്ളിയും നൽകിയത്. കോൺഗ്രസ്സിനെ സെമികേഡർ പാർട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച കെ.  സുധാകരന്റെ അച്ചടക്ക വാൾ ബൂമറാങ്ങ്  പോലെ പാർട്ടിയെത്തന്നെ തിരിച്ചടിക്കുമെന്നാണ് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ ഭയക്കുന്നത്.

ഗ്രൂപ്പുകളുടെ അതിപ്രസരം മൂലം ഈജിയൻ തൊഴുത്ത് പോലെയായ  കേരളത്തിലെ കോൺഗ്രസ്സിൽ  പെട്ടെന്നൊരു  ദിവസം അച്ചടക്കം നടപ്പിലാക്കാൻ ശ്രമിക്കുന്നത് കതിരിന്മേൽ വളം വെക്കുന്നതുപോലെയുള്ള നിഷ്ഫല പ്രവർത്തനമാണെന്നാണ് കോൺഗ്രസ്സിന്റെ ഉറച്ച അനുയായികൾ പറയുന്നത്.

കെ. സുധാകരന്റെ എതിരാളികളെ വെട്ടിനിരത്തുന്ന ശൈലി ഇനിയും പിന്തുടർന്നാൽ കോൺഗ്രസ്സ് തന്നെ ഇല്ലാതാകുമെന്നും അവർ വിശ്വസിക്കുന്നു. വി. എം. സുധീരൻ കോൺഗ്രസ്സിന്റെ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നും, ഏഐസിസിയിൽ നിന്നും രാജി വെച്ചതോടെ  അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

കോൺഗ്രസ്സിലെ സൗമ്യമുഖമായ വി. എം. സുധീരൻ ഗ്രൂപ്പുകൾക്കതീതനാണ്. കോൺഗ്രസ്സ് പ്രവർത്തകനായി പാർട്ടിയിൽ തുടരുമെന്നാണ് അദ്ദേഹം പറയുന്നതെങ്കിലും സുധീരൻ ഉന്നയിച്ച വിഷയങ്ങളിൽ ഹൈക്കമാന്റ് യുക്തമായ തീരുമാനമെടുത്തില്ലെങ്കിൽ അദ്ദേഹം പാർട്ടിയിൽ നിന്നും രാജി വെക്കാനും സാധ്യതയുണ്ട്.

അടുത്ത കാലത്തായി കോൺഗ്രസ്സിന്റെ പല നേതാക്കളും പാർട്ടി വിട്ട് മറ്റ് പാർട്ടികളിൽ ചേർന്നിട്ടുണ്ട്. ആര്  പോയാലും കോൺഗ്രസ്സിന് ഒരു ചുക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോൺഗ്രസ്സിൽ നിന്നുള്ള നേതാക്കളുടെ രാജി സംസ്ഥാനത്ത് കോൺഗ്രസ്സിനകത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെയടക്കം ഒതുക്കിയുള്ള കെ. സുധാകരന്റെ പ്രവർത്തനശൈലി ഏകാധിപത്യ പ്രവണത സൃഷ്ടിക്കുമെന്നാണ് കോൺഗ്രസ്സിലെ ഒരു വിഭാഗം പ്രവർത്തകരുടെ ആശങ്ക. ഏഐസിസി നേതാവ് താരീഖ് അൻവർ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെയെല്ലാം തള്ളി വി. എം. സുധീരൻ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ വിഷയത്തിൽ ഹൈക്കമാന്റിന്റെ ഇടപെടലുണ്ടായില്ലെങ്കിൽ അദ്ദേഹം പാർട്ടി വിടാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

വി. എം. സുധീരൻ രാഷ്ട്രീയ പ്രവർത്തനം നിർത്തി വനവാസത്തിന് പോകുമോ അതോ ഇടതുപക്ഷത്തേക്ക് ചേക്കേറുമോയെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ഏറ്റവുമൊടുവിൽ, പുരാവസ്തു തട്ടിപ്പ് കേസ്സിൽ പ്രതിയായ മോൻസൻ മാവുങ്കാലുമായി കെ. സുധാകരന് അടുത്ത ബന്ധമുണ്ടെന്ന ആരോപണം കൂടി ഉയർന്നതോടെ എതിർപക്ഷത്തിന് അദ്ദേഹത്തെ  അടിക്കാനുള്ള വടി ലഭിച്ചിരിക്കുകയാണ്.

LatestDaily

Read Previous

മടിക്കൈ പെൺകുട്ടി കാമുകനുമായി വിവാഹിതയായി

Read Next

മാതാവിനെയും മകനെയും ആക്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ്