ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിലെ താൽക്കാലിക നിയമനങ്ങളിൽ ഉദ്യോഗസ്ഥരുടെ കൈകടത്തലുണ്ടായിട്ടും, ആരോഗ്യ വകുപ്പ് അറിഞ്ഞ ഭാവം നടിക്കുന്നില്ല. ജില്ലാ മെഡിക്കൽ ഓഫീസറെയും, ആശുപത്രി സൂപ്രണ്ടിനെയും നോക്കുകുത്തിയാക്കി ആശുപത്രിയിലെ ചില ഉദ്യോഗസ്ഥർ നടത്തിയ തോന്ന്യാസങ്ങൾക്കെതിരെ ജില്ലാശുപത്രിയുടെ നടത്തിപ്പ് ചുമതലക്കാരായ ജില്ലാപഞ്ചായത്തും വായ തുറക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
താൽക്കാലികാടിസ്ഥാനത്തിൽ 6 മാസത്തേക്ക് ജോലിക്ക് കയറിയവരിൽ 10 വർഷത്തിലധികം ജോലിയെടുത്തവർ വരെ ജില്ലാശുപത്രിയിലുണ്ട്. ഇവരിൽ മടിക്കൈ സ്വദേശിയായ ഡ്രൈവർ കം സെക്യുരിറ്റി ജോലിക്കാരൻ 15 വർഷത്തോളമായി ജില്ലാശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്. ജില്ലാശുപത്രിയിൽ ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്ന മടിക്കൈ സ്വദേശി 10 വർഷത്തിലധികമായി അതേ തസ്തികയിൽ തുടരുന്നുണ്ട്.
ജില്ലാശുപത്രിയിൽ താൽക്കാലിക ഇലക്ട്രീഷ്യനായി ജോലിക്ക് കയറിയ ഉദയപുരം സ്വദേശി വല്ലപ്പോഴും മാത്രമാണ് ആശുപത്രിയിലെത്തുന്നത്. പകരം ആളെ നിർത്തി ഉദയപുരം സ്വദേശി മറ്റ് ജോലികൾക്ക് പോകുന്നതായും ആക്ഷേപമുണ്ട്. ഇത്തരത്തിൽ ഇരുപതോളം താൽക്കാലിക ജീവനക്കാർ ജില്ലാശുപത്രിയിൽ താൽക്കാലിക ജോലി ചെയ്യുന്നുണ്ട്. ശുചീകരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന നീലേശ്വരം തുരുത്തി സ്വദേശിയായ യുവാവ് 5 വർഷമായി ജില്ലാശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്.
ജില്ലാശുപത്രിയിലെ ഒരു ഹെഡ് നഴ്സിന്റെ തണലിലാണ് തുരുത്തി സ്വദേശി 5 വർഷമായി ജോലിയിൽ തുടരുന്നത്. ആശുപത്രി പരിസരത്ത് സ്ഥിരമായി ചുറ്റിക്കറങ്ങി നടക്കുന്ന ഇദ്ദേഹത്തിനും സർക്കാർ ശമ്പളം കൊടുക്കുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജില്ലാശുപത്രിയിൽ 6 മാസക്കാലം ജോലി പൂർത്തിയാക്കിയവരെ ടാറ്റാ കോവിഡ് ആശുപത്രിയിലേക്കും, ഉക്കിനട്ക്ക മെഡിക്കൽ കോളേജിലേക്കും മാറി മാറി പ്രതിഷ്ഠിച്ചാണ് ജില്ലാശുപത്രിയിലെയും, ഡിഎംഒ ഓഫീസിലെയും ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നത്.
ഇവരെയെല്ലാം പിന്നീട് തിരികെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുവന്ന് വീണ്ടും താൽക്കാലിക ജോലിയിൽ പ്രതിഷ്ഠിക്കുന്നതാണ് രീതി. സർക്കാരിൽ നിന്ന് പെൻഷനും ആനുകൂലങ്ങളും കൈപ്പറ്റി റിട്ടയറായ ചിലരെ വീണ്ടും ജില്ലാശുപത്രിയിൽ താൽക്കാലിക ജീവനക്കാരായി നിയമിച്ചെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തായിട്ടുണ്ട്. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത് ജില്ലാശുപത്രിയിലെ ഭരണ നിർവ്വഹണ വിഭാഗത്തിലെയും, ഡിഎംഒ ഓഫീസിലെയും ചുരുക്കം ചില ഉദ്യോഗസ്ഥരാണ്.
ജില്ലയിൽ ആയിരക്കണക്കിന് തൊഴിൽ രഹിതർ തൊഴിലൊന്നുമില്ലാതെ അലയുമ്പോഴാണ് ജില്ലാശുപത്രിയിൽ ഒരു വിഭാഗമാൾക്കാർ വർഷങ്ങളായി താൽക്കാലിക സേവനത്തിൽ തുടരുന്നത്. ഭരണ കക്ഷിയുടെ ആശ്രിതരെ തിരുകിക്കയറ്റുന്നതിനുള്ള ലാവണമായും ജില്ലാശുപത്രി മാറിയതായി ആക്ഷേപമുണ്ട്. 6 മാസത്തേക്ക് ജോലിക്ക് കയറി ജില്ലാശുപത്രിയിൽ സ്ഥിര താമസമാക്കിയവർ പി.എസ് സി നിയമനം വഴി ജോലിയിലെത്തിയ മറ്റ് ജീവനക്കാരെയും നഴ്സുമാരെ വരെയും ഭീഷണിപ്പെടുത്തുന്നതായി ആക്ഷേപമുണ്ട്.
ജില്ലാശുപത്രി ഓഫീസിലെയും, ഡിഎംഒ ഓഫീസിലെയും ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ബന്ധുനിയമനവും, ആശ്രിത നിയമനവും നടക്കുമ്പോഴും ജില്ലാ പഞ്ചായത്ത് വിഷയത്തിൽ ഇടപെടാത്തതിൽ ദുരൂഹതയുണ്ട്. പ്രവർത്തനമാരംഭിക്കാനിരിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രിയിലും ചില ഉദ്യോഗസ്ഥർ കണ്ണ് വെച്ചിട്ടുണ്ടെന്ന് വിവരമുണ്ട്. ഇഷ്ടക്കാരെ ഇവിടെയും തിരുകിക്കയറ്റാൻ ഉദ്യോഗസ്ഥർ പിൻവാതിലിലൂടെ ശ്രമിക്കുമ്പോൾ തല്ലിക്കെടുത്തുന്നത് തൊഴിൽ രഹിതരുടെ തൊഴിൽ മോഹങ്ങളാണ്.