ഗൾഫ് യാത്രകൾ നിഷേധിച്ച് മുട്ടുന്തല ഷെഫീഖ്

കാഞ്ഞങ്ങാട്: ഒരു വർഷത്തിനിടെ 30 തവണ ഗൾഫ് യാത്ര നടത്തിയെന്ന പ്രചാരണങ്ങൾ നിഷേധിച്ച് മുട്ടുന്തല പള്ളിവളപ്പിൽ ഷെഫീഖ്. തന്റെ പാസ്പോർട്ട് പോലീസ് പിടിച്ചെടുത്തതായുള്ള വാർത്തകളെയും അദ്ദേഹം നിഷേധിച്ചു. 2021-ൽ ഒരുതവണ മാത്രമാണ് താൻ ഗൾഫിലേക്ക് പോയതെന്നും അദ്ദേഹം  അവകാശപ്പെട്ടു.

ഏതാനും ആഴ്ചകൾക്ക് മുമ്പാണ് മുട്ടുന്തലയിലെ പള്ളി വളപ്പിൽ ഷെഫീഖിനെ 36, കാസർകോട് നിന്നെത്തിയ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കാസർകോട് സ്വദേശിക്ക് നൽകാൻ ഗൾഫിൽ നിന്നും കൊടുത്തുവിട്ട 30 ലക്ഷത്തിന്റെ സ്വർണ്ണം തട്ടിയെടുത്തെന്നാരോപിച്ചായിരുന്നു സംഭവം.  പ്രസ്തുത സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഷെഫീഖിന്റെ പരാതി പ്രകാരം രജിസ്റ്റർ  ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസ് ഇരു കൂട്ടരും ചേർന്ന് ഹൈക്കോടതിയിൽ ഒത്തു തീർത്തതായും,  തന്നെ കാസർകോട് സംഘം തെറ്റിദ്ധാരണയുടെ പേരിൽ തട്ടിക്കൊണ്ടുപോയതാണെന്നും ഷെഫീഖ് അവകാശപ്പെട്ടു. പോലീസ് കസ്റ്റഡിയിലെടുത്ത പാസ്പോർട്ട് പരിശോധനയ്ക്ക് ശേഷം തനിക്ക് വിട്ടു തന്നിട്ടുണ്ടെന്നും പാസ്പോർട്ട് സഹിതം ലേറ്റസ്റ്റിലെത്തിയ ഷെഫീഖ് പറഞ്ഞു.

ഏറ്റവുമൊടുവിൽ താൻ ഗൾഫിലേക്ക് പോയത് 2021 ഫെബ്രുവരിയിലാണെന്നും, 2021 മാർച്ച് 22-ന് താൻ തിരിച്ചെത്തിയതായും ഷെഫീഖ് പറഞ്ഞു. അബുദാബിയിൽ കട നോക്കാനായി പോയതാണെന്നും അവിടേക്ക് പോകാൻ അനുമതി കിട്ടാത്തതിനാൽ തിരിച്ചുവരികയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകാനാവശ്യപ്പെട്ട് ചിലർ തന്നെ സമീപിച്ചിരുന്നുവെന്നും, പക്ഷെ സ്വർണ്ണം തന്റെ പക്കൽ തന്നുവിട്ടില്ലെന്നുമാണ് ഷെഫീഖിന്റെ അവകാശവാദം.

LatestDaily

Read Previous

ഉമ്മർ ഹാജിയുടെ ആത്മഹത്യയിൽ ബന്ധുക്കൾ നൽകിയ പരാതി ചുവപ്പുനാടയിൽ

Read Next

ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തുന്നതിന് തൊട്ടുമുമ്പ് യുവതി കാമുകനൊപ്പം സ്ഥലം വിട്ടു