ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പ്രതിയുടെ മൊബൈൽ ഫോൺ സൈബർ ഫോറൻസിക്കിന് കൈമാറും
മേൽപ്പറമ്പ്: അധ്യാപകന്റെ പ്രണയ കുടുക്കിൽപ്പെട്ട് എട്ടാം തരം വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ്സിൽ റിമാന്റിൽ കഴിയുന്ന പ്രതിയെ കോടതി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ദേളി സഅദിയ്യ സ്കൂൾ അധ്യാപകൻ ആദൂർ സ്വദേശി ഉസ്മാനെയാണ് 26, കാഞ്ഞങ്ങാട് പോക്സോ കോടതി നാളെ വരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
കേസ്സന്വേഷണ സംഘം പ്രതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആദൂരിലെ സ്വന്തം വീട്ടിലെത്തിച്ച് മേൽപ്പറമ്പ് പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, പ്രതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തി. പ്രസ്തുത സെൽഫോണുപയോഗിച്ചാണ് ഉസ്മാൻ 13 വയസ്സുകാരിയുമായി ചാറ്റിംഗിലേർപ്പെട്ട് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്.
കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ കോടതി വഴി സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു. അധ്യാപകനെ പ്രതി ചേർത്ത് മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ, ബാലപീഡനനിരോധനം, ആത്മഹത്യാ പ്രേരണ കുറ്റം മുതലായവ ചുമത്തപ്പെട്ട കേസ്സിൽ നിർണ്ണായക തെളിവായി നശിപ്പിക്കപ്പെടാതെ ലഭിച്ച സെൽഫോൺ, ഉസ്മാൻ നിരന്തരം പെൺകുട്ടിക്കയച്ച സന്ദേശങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
ഫോറൻസിക് സൈബർ സെല്ലിന്റെ സഹായത്തോടെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പ്രതിയുടെ ഉടമസ്ഥതയിലുള്ള ഇരുചക്ര വാഹനം ആദൂരിലെ വീട്ടുപരിസരത്ത് പോലീസ് കണ്ടെത്തി. ഒരുതവണ പെൺകുട്ടിയെ അന്വേഷിച്ച് ഉസ്മാൻ മേൽപ്പറമ്പിലെ വീട്ടിലെത്തിയ മോട്ടോർ ബൈക്കാണിത്.
ഒാൺലൈൻ പഠനത്തിന് ഉപയോഗിച്ച മാതാവിന്റെ മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ച് ചാറ്റിംഗിലൂടെ കെണിയിൽപ്പെടുത്തി പെൺകുട്ടിയെ അധ്യാപകൻ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു. പോലീസ് അന്വേഷണമാരംഭിച്ച സമയം കർണ്ണാടകയിലേക്ക് മുങ്ങിയ പ്രതി മഹാരാഷ്ട്രയിലെത്തി മുംബൈ വിമാനത്താവളം വഴി ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലാവുകയായിരുന്നു.
ആദൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയത് കൂടാതെ പ്രതി ജോലി ചെയ്യുന്ന സഅദിയ സ്കൂളിലെത്തിച്ചു തെളിവെടുപ്പ് നടത്തും. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. കസ്റ്റഡി ദിവസം പൂർത്തിയാക്കി ഉസ്മാനെ അടുത്ത ദിവസം വീണ്ടും കോടതിയിൽ ഹാജരാക്കും.