കൊവ്വൽപ്പള്ളി ഹണിട്രാപ്പ് കേസ്സിൽ സാജിദയടക്കമുള്ള ആറ് പ്രതികൾക്ക് ജാമ്യം

മുൻകൂർ ജാമ്യം തേടി ഇരിട്ടി സ്വദേശി കോടതിയിൽ

കാഞ്ഞങ്ങാട്:  കൊവ്വൽപ്പള്ളി ഹണിട്രാപ്പ് കേസ്സിൽ ഒരു മാസത്തിലേറെ റിമാന്റിൽ കഴിഞ്ഞ യുവതിയടക്കമുള്ള ആറ് പ്രതികൾക്ക് കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചു. അരമങ്ങാനം സ്വദേശി സാജിദ, അരമങ്ങാനം ഉമ്മർ, ഫാത്തിമ, ചെറുതാഴത്തെ ഇഖ്ബാൽ, കുമ്പള കോയിപ്പാടി പെർവാഡ് കടപ്പുറത്തെ അബ്ദുൾ ഹമീദ്, ഇരിട്ടി മുഴക്കുന്ന് വിളയക്കാട്ടെ പി. സി. അഷറഫ് എന്നിവർക്കാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യമനുവദിച്ചത്.

കേസ്സന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുർഗ് എസ്ഐ, കെ. പി. സതീഷ് കുമാറിന് മുന്നിൽ ആഴ്ചതോറും ഹാജരായി ഒപ്പ് നൽകണമെന്ന വ്യവസ്ഥയിലാണ് പ്രതികൾക്ക് കോടതി ജാമ്യമനുവദിച്ചത്. പ്രതികളുടെ പാസ്പോർട്ടുകൾ പോലീസിൽ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. കേസ്സിൽ ഒളിവിലുള്ള ഇരിട്ടി സ്വദേശി ശംസുദ്ദീൻ മുൻകൂർ ജാമ്യം തേടി കാസർകോട് ജില്ലാ കോടതിയെ സമീപിച്ചു.

പ്രതിയുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. കേസ്സിൽ മറ്റ് പ്രതികളായ കണ്ണൂർ വള്ളിക്കുന്നിലെ മൊയ്തു, മലപ്പട്ടത്തെ അബ്ദുൾ ഖാദർ, മാവിലാകടപ്പുറത്തെ ഉസ്മാൻ എന്നിവർ കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. പ്രതികൾ മൂന്ന് പേരും നേരത്തെ മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചിരുന്നു.

കൊച്ചി കടവന്ത്രയിലെ വ്യവസായി സി. ഏ. സത്താറിനെ 58, ഹണിട്രാപ്പിൽ കുടുക്കി മുന്നേമുക്കാൽ ലക്ഷം രൂപ, ഏഴരപ്പവന്റെ സ്വർണ്ണമാല, 15700 രൂപ വില വരുന്ന മൊബൈൽ ഫോൺ എന്നിവ തട്ടിയെടുത്തതാണ് കേസ്സ്. നാട്ടിൽ ഭാര്യയും കുട്ടികളുമുള്ള സത്താർ കാഞ്ഞങ്ങാട്ട് മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമത്തിനിടയിലാണ് ഹണിട്രാപ്പിൽ കുടുങ്ങിയത്. കൊവ്വൽപ്പള്ളിയിൽ വാടക വീടെടുത്ത ശേഷം പ്രതികൾ ഹണിട്രാപ്പ് കെണിയൊരുക്കുകയായിരുന്നു.

സാജിദയെ വധുവായി ചിത്രീകരിച്ച് വ്യവസായിയും  സാജിദയും തമ്മിലുള്ള വിവാഹം തട്ടിക്കൂട്ടി നടത്തി. പ്രതികൾ ഇരുവരുടെയും കിടപ്പറ രംഗങ്ങൾ രഹസ്യമായി ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. കൂടുതൽ പണമാവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ പ്രതികൾക്കെതിരെ പരാതിയുമായി ഹൊസ്ദുർഗ് പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികൾ വാടകയ്ക്കെടുത്ത കൊവ്വൽപ്പള്ളിയിലെ ഡോക്ടറുടെ വീട് റെയ്ഡ് ചെയ്ത് ഉമ്മറിനെയും  ഫാത്തിമ്മയെയും പോലീസ് പിടികൂടി.

സൈബർ സെല്ലിന്റെ സഹായത്തോടെ സാജിദയടക്കമുള്ള ആറ് പ്രതികൾ അറസ്റ്റിലായതോടെ ഒളിവിൽ കഴിഞ്ഞ മറ്റ് പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു. അറസ്റ്റിലായ ഉമ്മറിന്റെയും ഫാത്തിമയുടെയും മകളാണ് സാജിദയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വ്യവസായിയെ പ്രതികൾ ചേർന്ന് വിവാഹം കഴിപ്പിച്ച് പണം തട്ടിയെടുത്തത്. റിമാന്റിൽ കഴിഞ്ഞ അബ്ദുൾ ഹമീദാണ് ഇരുവരുടെയും വിവാഹത്തിന് കാർമ്മികത്വം വഹിച്ചത്.

LatestDaily

Read Previous

യുവതലമുറയ്ക്ക് മുൻതൂക്കം നൽകി സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ

Read Next

ഉമ്മർ ഹാജിയുടെ ആത്മഹത്യയിൽ ബന്ധുക്കൾ നൽകിയ പരാതി ചുവപ്പുനാടയിൽ