ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പാർട്ടിയിൽ മുമ്പില്ലാത്ത വിധം ഗ്രൂപ്പിസം വളർന്നതോടെ മുസ്ലീം ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയിൽ എം. എസ്. എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ സംസ്ഥാനത്തുടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിന് പുറമെ തളിപ്പറമ്പിൽ ലീഗ് തന്നെ രണ്ടായി പിളർന്ന് വെവ്വേറെ കമ്മിറ്റികൾ രൂപീകരിച്ചിരിക്കുകയാണ്. ഹരിത വിഷയത്തിൽ എംഎസ്എഫിലുണ്ടായ അമർഷം വയനാട് എംഎസ്എഫിൽ രാജിക്ക് വഴി വെച്ചിരിക്കുകയാണ്.
എംഎസ്എഫിന്റെ സംസ്ഥാന നേതാവ് പി. കെ. നവാസ് ഹരിത നേതാക്കൾക്കെതിരെ നടത്തിയ വിവാദപരാമർശത്തിൽ പാർട്ടി ആരോപണ വിധേയനായ നേതാവിനൊപ്പം ചേർന്ന് ഹരിതയിലെ വനിതാ നേതാക്കളെ തള്ളിപ്പറഞ്ഞത് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ഹരിത വിഷയത്തിൽ ലീഗ് സംസ്ഥാന നേതാവായ പി. എം. ഏ സലാമടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ സ്ത്രീ സമൂഹത്തിന്റെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്നതാണെന്ന് ആക്ഷേപമുയർന്നിരുന്നു.
എം. എസ്. എഫ് നേതാവിന്റെ അശ്ളീല പരാമർശത്തിനെതിരെ ഹരിത നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ എം. എസ്. എഫ് സംസ്ഥാന നേതാവിനെ അറസ്റ്റ് ചെയ്തതും പാർട്ടിക്ക് നാണക്കേടായി. പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. സ്ഥാനം രാജിവെച്ച് സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ട്.
അധികാരമോഹം മൂത്താണ് കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചതും കേരളത്തിലേക്ക് തിരിച്ചുവന്നതെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ ക്ഷീണത്തിന് കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും എതിർവിഭാഗം ആരോപിക്കുന്നു.
പാർട്ടിയുടെ സംസ്ഥാനാധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണെങ്കിലും അദ്ദേഹത്തെ നോക്കുകുത്തിയാക്കി പി. കെ. കുഞ്ഞാലിക്കുട്ടി പാർട്ടി പിടിച്ചെടുത്തതിൽ ലീഗിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷമുണ്ട്. ചന്ദ്രികയിലെ കള്ളപ്പണ നിക്ഷേപത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തതും പാർട്ടി അണികളെ ഞെട്ടിച്ചിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിക്കെതിരെ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈനലി തങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. ഭരണമില്ലാത്ത അവസ്ഥ ലീഗ് നേതാക്കൾക്ക് ചിന്തിക്കാൻ കഴിയാത്തതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കണക്കുകൂട്ടിയാണ് പി. കെ. കുഞ്ഞാലിക്കുട്ടി ദൽഹിയിൽ നിന്ന് കേരളത്തിലേക്ക് വണ്ടികയറിയതെങ്കിലും എൽഡിഎഫിന് തുടർഭരണം കിട്ടിയത് ലീഗിന്റെ പ്രതിക്ഷകൾ അസ്ഥാനത്താക്കി.
ആഭ്യന്തര പ്രശ്നങ്ങളും, ഭരണമില്ലാത്ത അവസ്ഥയും ലീഗിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. മുൻ പ്രധാനമന്ത്രി ജവഹാർലാൽ നെഹ്റു ലീഗിനെ ചത്ത കുതിരയെന്ന് വിശേഷിപ്പിച്ചതിന് സമാനമായ സാഹചര്യമാണ് ലീഗിനുള്ളിൽ ഇപ്പോൾ നിലനിൽക്കുന്നത്.
ചന്ദ്രികയിലെ കള്ളപ്പണ ഇടപാട്, പാലാരിവട്ടം അഴിമതിക്കേസ്സ്, പി. കെ. ഫിറോസിനെതിരെയുള്ള കത്വ ഫണ്ട് തട്ടിപ്പ് വിവാദം, കെ. എം. ഷാജിക്കെതിരെയുള്ള കേസ്സുകൾ, എം. സി. ഖമറുദ്ദീനെതിരെയുള്ള ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്സ് മുതലായവ ലീഗിന്റെ രാഷ്ട്രീയ മുഖം വികൃതമാക്കിയിട്ടുണ്ട്.
ഇതിന് പുറമെയാണ് അടുത്ത കാലത്തായി കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന ബാങ്ക് നിക്ഷേപവിവാദം. നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുയരുന്നത് ലീഗിൽ പതിവില്ലാത്തതാണ്. തളിപ്പറമ്പിൽ ലീഗ് രണ്ടായി പിളർന്നതടക്കം കടുത്ത ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടി അഭിമുഖീകരിക്കുന്നുണ്ട്. വനിതകൾക്ക് പ്രാതിനിധ്യം കൊടുക്കാത്ത പാർട്ടി നടപടിക്കെതിരെയും യുവശബ്ദങ്ങൾ ഉയർന്നുവരുന്നുണ്ട്. ഇവയെല്ലാം അതിജീവിക്കാൻ ലീഗ് സംസ്ഥാന നേതൃത്വം ഏറെ വിയർക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.