റിട്ട. ബാങ്ക് മാനേജർ ബാലകൃഷ്ണന്റെ തിരോധാനത്തിന് ഒരു വർഷം

കാഞ്ഞങ്ങാട്: റിട്ട. ബാങ്ക് മാനേജർ അലാമിപ്പള്ളി സ്വദേശി ബാലകൃഷ്ണന്റെ 65, തിരോധാനം നടന്നിട്ട് ഒരു വർഷം കഴിഞ്ഞുവെങ്കിലും അദ്ദേഹം  എവിടെയെന്നത് സംബന്ധിച്ച് എത്തും പിടിയും കിട്ടാതെ ഉഴലുകയാണ് പോലീസ്. 2020 ലെ തിരുവോണ പിറ്റേന്നാണ് ബാലകൃഷ്ണനെ അലാമിപ്പള്ളിയിലെ സ്വന്തം വീട്ടിൽ നിന്നും കാണാതായത്. രാത്രി ഉറങ്ങാൻ കിടന്ന ബാലകൃഷ്ണൻ നേരം പുലർന്നപ്പോൾ സ്വന്തം വീട്ടിലുണ്ടായിരുന്നില്ല.

ബന്ധുക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു. കാഞ്ഞങ്ങാട് ഭാഗത്തുള്ള നിരവധി സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. സ്വന്തം മൊബൈൽ ഫോണും, കാഞ്ഞങ്ങാട്ടെ രണ്ട് ബാങ്കുകളിൽ അക്കൗണ്ടുകളുമുള്ള അദ്ദേഹം എടിഎം കാർഡുകളും കൈയ്യിൽ കരുതാതിരുന്നത്  പോലീസ് അന്വേഷണത്തെ ബാധിച്ചു. ബാലകൃഷ്ണന്റെ കൈവശം ഫോണില്ലാത്തത് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തെയും  വഴിമുട്ടിച്ചു. എടിഎം കാർഡ് കൈവശം സൂക്ഷിച്ചിരുന്നുവെങ്കിൽ അദ്ദേഹം ഏതെങ്കിലും എടിഎം കൗണ്ടറുകളിൽ നിന്നും പണം പിൻവലിക്കുന്ന പക്ഷം കണ്ടെത്താൻ കഴിയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തീർത്ഥാടനത്തിന് പോയതാകുമെന്ന നിഗമനത്തിൽ കേരളത്തിലെ പ്രധാന തീർത്ഥാട ന കേന്ദ്രങ്ങളിൽ പോലീസ് തിരച്ചിൽ നടത്തി. കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിരവധി തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് ഹൊസ്ദുർഗ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ബാലകൃഷ്ണനെ തേടിയെത്താത്ത സ്ഥലങ്ങളില്ലെന്ന് പോലീസ് പറയുന്നു. അദ്ദേഹത്തെ കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറയുമ്പോൾ ഒരു രാത്രി നാടകീയമായി അപ്രത്യക്ഷനായ ബാലകൃഷ്ണൻ നാടകീയമായി ഒരു പകൽ തിരിച്ചെത്തുമെന്ന  പ്രതീക്ഷയിൽ കഴിയുകയാണ് കുടുംബം.

LatestDaily

Read Previous

മടിക്കൈ ശിലാഫലകം തകർത്ത കേസ്സിൽ മൂന്നുപേർ നിരീക്ഷണത്തിൽ

Read Next

പ്രകടനം നടത്തിയ എസ്ഡിപിഐക്കെതിരെ കേസ്സ്; ഡിവൈഎഫ്ഐക്ക് കേസ്സില്