ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വനപാലകർ 50 കിലോ മീറ്റർ ദൂരം കൊണ്ടുവിട്ട പരുന്ത് ഒാട്ടോ ഡ്രൈവറുടെ വീട്ടിലെത്തിയത് രണ്ട് തവണ
കാഞ്ഞങ്ങാട്: ജീവൻ തിരിച്ചുനൽകി ഭക്ഷണം നൽകിയ നല്ല മനുഷ്യനെ തേടി കിലോമീറ്ററുകൾ താണ്ടി പരുന്തെത്തി. ഒടയംചാൽ കോടോത്തെ ഷാജിയെ തേടിയാണ് പരുന്ത് കോടോത്തേക്ക് തിരിച്ചുവന്നത്. ഏഴ് മാസം മുമ്പ് പറമ്പിൽ ഉറുമ്പരിക്കുന്ന നിലയിൽ കണ്ട പരുന്തിനെ ഷാജി ഉറുമ്പിൻ കൂട്ടത്തിൽ നിന്നും രക്ഷപ്പെടുത്തി വെള്ളവും ഭക്ഷണവും നൽകിയിരുന്നു.
ഒരു മാസം മാത്രം പ്രായമുണ്ടായിരുന്ന പരുന്തിൻ കുഞ്ഞിനെ ജീവൻ തിരിച്ചുപിടിച്ചതോടെ ഷാജി സ്വതന്ത്രമാക്കിവിട്ടെങ്കിലും, ദൂരെയെങ്ങും പോകാതെ പരുന്ത് ഷാജിയുടെ വീട്ടു പരിസരത്ത് തന്നെ കഴിഞ്ഞുകൂടി. തന്നെവിട്ടു പോകാൻ കൂട്ടാക്കാത്ത പരുന്തിൻ കുഞ്ഞിന് ഭക്ഷണം നൽകിയതോടെ പരുന്ത് ഷാജിയുടെ ഉറ്റ ചങ്ങാതിയായി മാറി. കഴിഞ്ഞ ഏഴ് മാസമായി പരുന്ത് ഷാജിയുടെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ്.
ഒാട്ടോ ഡ്രൈവറായ ഷാജിക്കും കുടുംബത്തിനും നാട്ടുകാർക്കോ, പരുന്തിനെക്കൊണ്ട് ഉപദ്രവവുമുണ്ടായിട്ടില്ല. ഷാജി യുമായി വല്ലാത്ത അടുപ്പം പ്രകടിപ്പിച്ച പരുന്ത് വളർത്തു കോഴികളെക്കാൾ സ്വാതന്ത്ര്യത്തോടെ കഴിഞ്ഞുവരുന്നതിനിടയിൽ അയൽവാസികളിൽ ചിലർ പരുന്തിനെതിരെ പരാതിയുമായി വനപാലകരെ സമീപിക്കുകയായിരുന്നു. ഷാജിയുടെ വീട്ടിലുള്ള പരുന്തിനെ കണ്ട് കുട്ടികൾ ഭയപ്പെടുന്നുവെന്ന് അയൽവാസികൾ വനപാലകരെ അറിയിച്ചു.
കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഒാഫീസർ കെ. അഷറഫ്, പനത്തടി സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ വി. ശേഷപ്പ എന്നിവരുടെ നേതൃത്വത്തിൽ വന പാലകർ ഷാജിയുടെ വീട്ടിലെത്തി കാര്യങ്ങൾ മനസ്സിലാക്കി പരുന്തിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മനുഷ്യരോട് ഇണങ്ങിയ പരുന്ത് ഉപദ്രവകാരിയല്ലെങ്കിലും പരാതിയുണ്ടായ സാഹചര്യത്തിൽ പരുന്തിനെ ഉപേക്ഷിക്കണമെന്ന വനപാലകരുടെ നിർദ്ദേശത്തിന് വഴങ്ങി മനസ്സില്ലാതെ ഷാജി പരുന്തിനെ പിടികൂടി വനപാലകർക്ക് കൈമാറുകയായിരുന്നു.
നീലേശ്വരത്തിനും, തൃക്കരിപ്പൂരിനുമിടയിൽ വിജനമായ കടൽ തീരത്തെത്തിച്ച് പരുന്തിനെ വനപാലകർ തുറന്നുവിട്ടെങ്കിലും അരമണിക്കൂർ സമയത്തിനുള്ളിൽ പരുന്ത് ഷാജിയെ തേടി കോടോത്തെ വീട്ടിലേക്ക് പറന്നെത്തി. വീട്ടിലെത്തിയ പരുന്തിനെ വനപാലകരുടെ നിർദ്ദേശാനുസരണം രണ്ടാംതവണയും പിടിച്ചു നൽകി.
റാണിപുരം വനത്തിനകത്ത് ഉപേക്ഷിക്കുന്നതിനായി റാണിപുരത്തെത്തിച്ച് വനപാലകർ കൂട്ടിലടച്ച പരുന്തിനെ വീണ്ടും കൂട് തുറന്നുവിട്ടു. അന്ന് രാത്രി ഷാജിയുടെ വീട്ടിലേക്ക് പരുന്ത് തിരിച്ചു വന്നു. എവിടെകൊണ്ട് വിട്ടാലും പരുന്ത് ഷാജിയെ തേടിയെത്തുന്നതായി വനപാലകർ പറഞ്ഞു. സ്നേഹനിധിയായ പരുന്ത് ഷാജിയെ വിട്ടൊഴിയാൻ തയ്യാറാകാതെ നിൽക്കുന്നു. മറുഭാഗത്തുള്ള അയൽവാസികളുടെ പരാതിയിൽ ധർമ്മസങ്കടത്തിലായത് വനപാലകർ കൂടിയാണ്.