മടിക്കൈ ശിലാഫലകം തകർത്ത കേസ്സിൽ മൂന്നുപേർ നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട്:  മുഖ്യമന്ത്രി പിണറായി വിജയന്റേയും, മുൻമന്ത്രി ഇ. ചന്ദ്രശേഖരന്റേയും പേര് കൊത്തിയ റോഡ് ഉദ്ഘാടന ശിലാഫലകം മടിക്കൈയിൽ തകർത്തെറിഞ്ഞ കേസ്സിൽ മൂന്ന് പേർ പോലീസ് പോലീസ് നിരീക്ഷണത്തിൽ. കിഫ്ബിയിൽ നിന്ന് 20 കോടി രൂപ വായ്പയിൽ പുതുക്കിപ്പണിയുമെന്ന് കാഞ്ഞങ്ങാട് എംഎൽഏ ഇ. ചന്ദ്രശേഖരൻ പ്രഖ്യാപിച്ച കാരാക്കോട്- മൈത്തടം റോഡിന് പിന്നീട് ചിലവഴിച്ചത് വെറും 20 ലക്ഷം രൂപയാണ്.

20 കോടി ചിലവു ചെയ്യുമെന്ന് പറഞ്ഞ റോഡ് 20 ലക്ഷത്തിൽ കറുത്ത പൗഡറിട്ട് മിനുക്കിയാണ് ഓൺലൈനിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ഇ. ചന്ദ്രശേഖരൻ എംഎൽഏ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഉദ്ഘാടന ദിവസം പുലർച്ചെ അജ്ഞാതർ  റോഡിന്റെ  മാർബിൾ ശിലാഫലകം തകർത്ത് ദൂരെക്കളഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.

നവോത്ഥാന നായകർക്ക് ജൻമം നൽകിയ മടിക്കൈ നാട്ടിൽ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ പേര് കൊത്തിയ ശിലാഫലകം തകർത്തെറിഞ്ഞ സംഭവം ഏറെ ഗൗരവമുള്ളതാണ്. പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ശിലാഫലകം തകർത്ത സംഭവത്തിൽ മടിക്കൈയിലെ സാധാരണ ജനങ്ങൾക്ക് വലിയ പ്രതിഷേധമൊന്നും പ്രത്യക്ഷത്തിലില്ല.

കാരണം, 20 കോടി ചിലവഴിക്കുമെന്ന് എംഎൽഏ പ്രഖ്യാപിച്ച റോഡ് 20 ലക്ഷത്തിൽ ഒതുങ്ങിപ്പോയത് മടിക്കൈ പ്രദേശത്തുകാരോട് ചെയ്ത കടുത്ത ജനവഞ്ചനയാണെന്ന ശക്തമായ പ്രതിഷേധത്തിലാണ് മടിക്കൈയിലെ പരശ്ശതം കമ്മ്യൂണിസ്റ്റുകാർ എത്തി നിൽക്കുന്നത്. 20 ലക്ഷത്തിന്റെ റോഡിനെതിരെ ഗൾഫിലുള്ള മടിക്കൈ സ്വദേശികളായ ചിന്തിക്കുന്ന  യുവാക്കളും കടുത്ത പ്രതിഷേധത്തിലാണ്.

അതിനിടയിൽ ശിലാഫലകം തകർക്കാൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട് പ്രേരണയുണ്ടാക്കിയെന്ന ആരോപണത്തിൽ മടിക്കൈ മുണ്ടോട്ട് പാർട്ടി അംഗമായ യുവമാധ്യമപ്രവർത്തകനെ പാർട്ടിയിൽ രഹസ്യമായി താക്കീത് ചെയ്ത  സംഭവം മറ്റൊരു പൊട്ടിത്തറിയായി മാറിയിട്ടുണ്ട്. പത്രപ്രവർത്തനം പരിശീലിച്ച് സാമാന്യം നല്ല രീതിയിൽ വാർത്തകൾ അവതരിപ്പിക്കാറുള്ള ഈ മാധ്യമ പ്രവർത്തകൻ പാർട്ടിയംഗമായിരുന്നിട്ടും, ദേശാഭിമാനി പത്രത്തിൽ ജോലി നിഷേധിച്ചതിനാൽ കണ്ണൂരിലെ ഒരു പത്രത്തിൽ സേവനം ചെയ്തു വരികയാണ്.

LatestDaily

Read Previous

ഹോട്ടലിൽ പോലീസിനെ ആക്രമിച്ച സംഭവത്തിൽ 2 പേർ ഒളിവിൽ

Read Next

റിട്ട. ബാങ്ക് മാനേജർ ബാലകൃഷ്ണന്റെ തിരോധാനത്തിന് ഒരു വർഷം