ജോഷിമഠിലെ 2 ഹോട്ടലുകള്‍ പൊളിക്കും; വിപണിമൂല്യം അനുസരിച്ച് നഷ്ടപരിഹാരം നൽകും

ദെഹ്റാദൂണ്‍: ജോഷിമഠിൽ പൊളിക്കുന്ന കെട്ടിടങ്ങളുടെ ഉടമകൾക്ക് വിപണി മൂല്യം അനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ജോഷിമഠിലെ മലരി ഇന്‍, മൗണ്ട് വ്യൂ ഹോട്ടല്‍ എന്നിവ പൊളിക്കും. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും അവസ്ഥ പഠിക്കുന്നതിനുള്ള സർവേ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്ന് സർക്കാർ അറിയിച്ചു.

സമുദ്രനിരപ്പിൽ നിന്ന് 6,107 അടി ഉയരത്തിലുള്ള ജോഷിമഠ് പട്ടണത്തിലെ കെട്ടിടങ്ങളിൽ കഴിഞ്ഞ വർഷം ഡിസംബർ മുതൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. ദിവസങ്ങൾ കഴിയുന്തോറും പ്രശ്നം വഷളായി. കൂടുതൽ കെട്ടിടങ്ങൾ തകരുകയും ഭൂമി വിണ്ടുകീറുകയും ചെയ്തതോടെ പ്രശ്നം ഗുരുതരമായി.

നഗരത്തിലെ 600 ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം, ഹോട്ടലുകൾ പൊളിക്കാനുള്ള ശ്രമം ചൊവ്വാഴ്ച ഹോട്ടൽ ഉടമകൾ തടസ്സപ്പെടുത്തി. കെട്ടിടം പൊളിക്കുന്ന കാര്യം അധികൃതർ തങ്ങളെ അറിയിച്ചില്ലെന്ന് പറഞ്ഞ് കെട്ടിട ഉടമകൾ രംഗത്തെത്തി. ബാധിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 1.5 ലക്ഷം രൂപ നല്‍കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Previous

2022 ല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് അയച്ചത് ഏട്ട് ലക്ഷം കോടി: നിർമ്മല സീതാരാമൻ

Read Next

വഖഫ് കമ്മീഷണർ നീലേശ്വരം പള്ളി സന്ദർശിക്കും