പ്രതിയുടെ തടവുചാട്ടം പോലീസറിഞ്ഞത് നീണ്ട 15 മണിക്കൂറിന് ശേഷം പ്രതിയെ കണ്ടെത്താനായില്ല∙ ആശങ്ക

കാഞ്ഞങ്ങാട്: വധശ്രമക്കേസ്സ് പ്രതിയായ കോവിഡ് രോഗി തടവുചാടിയ വിവരം കാവൽക്കാരായ രണ്ട് പോലീസുകാരും, കോവിഡ് സെന്ററിലെ ജീവനക്കാരുമറിയുന്നത് 15 മണിക്കൂറുകൾക്ക് ശേഷം.

മഞ്ചേശ്വരം ബങ്കള കോമ്പൗണ്ട് കൈക്കമ്പയിലെ അബ്ദുൾ ഹമീദ്ഖാന്റെ മകൻ ആദംഖാൻ 24, പടന്നക്കാട് കാർഷിക കോളേജ് താൽക്കാലിക കോവിഡ് ആശുപത്രിയിൽ നിന്നും തടവ് ചാടിയ വിവരം, ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരും നഴ്സുമാരടക്കം മറ്റ് ജീവനക്കാരും ആശുപത്രിക്ക് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുമറിഞ്ഞത് സെപ്തംബർ 29-ന് രാത്രി 9 മണിക്ക്.

ആദംഖാൻ അന്നേ ദിവസം രാവിലെ 6 മണിക്ക് തന്നെ ശൗചാലയത്തിലെ വെന്റിലേറ്റർ ജനൽ തകർത്ത് പുറത്ത് ചാടിയിരുന്നു.

രാവിലെ ശൗചാലയത്തിൽ കയറിയ പ്രതിയെ മറ്റ് രോഗികളാരും പിന്നീട് കണ്ടിരുന്നില്ല. കോവിഡ് രോഗികൾക്കെല്ലാം പ്രത്യേകമായാണ് മുറികൾ ഒരുക്കിയിരിക്കുന്നത് ഇതിനാൽ, കോവിഡ് രോഗികൾക്ക് പരസ്പര സമ്പർക്കമില്ലാത്തതും,  പ്രതിയുടെ  തടവുചാട്ടം ഏറെ വൈകിയറിയാൻ കാരണമായി.

അതുകൊണ്ട് തന്നെ രക്ഷപ്പെടാൻ  പോലീസ് അറിയുന്നതിന് മുമ്പ് 15 മണിക്കൂർ സമയം ലഭിച്ച പ്രതി വിദൂര സ്ഥലത്ത് ലക്ഷ്യസ്ഥാനത്തെത്തിയിരിക്കാനണ് സാധ്യത.

രക്ഷപ്പെട്ടതിന് ശേഷം ഇയാൾ വഴിമധ്യേയടക്കം ഒട്ടേറെ പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ടാകാമെന്നത് മറ്റൊരു ആശങ്കയാണ്.    കഴിഞ്ഞ ജനുവരിയിൽ മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാവ് മുസ്തഫയെ വധിക്കാൻ ശ്രമിച്ച കേസ്സിൽ പ്രതിയാണ് ആദംഖാൻ.

റിമാന്റ് തടവുകാരായ രണ്ട് കോവിഡ് രോഗികൾ കൂടി പടന്നക്കാട്ടെ താൽക്കാലിക കോവിഡ് ആശുപത്രിയിലുണ്ട്.രക്ഷപ്പെട്ട പ്രതിയെക്കുറിച്ച് സൂചനയൊന്നുമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

LatestDaily

Read Previous

എക്സൈസ് സംഘത്തെ ഇടിച്ചു തെറിപ്പിച്ച വാഹനം കസ്റ്റഡിയിൽ; പ്രതി കീഴടങ്ങി

Read Next

50 കോടിയും കള്ളപ്പണം