136 കോടിയുടെ കടം ഖമറുദ്ദീന് 6 മാസത്തിനകം തീർക്കാനാവില്

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർക്ക് മഞ്ചേശ്വരം എംഎൽഏ, എം. സി. ഖമറുദ്ദീൻ ആറുമാസത്തിനകം പണം കൊടുത്തു തീർക്കണമെന്നാണ് ലീഗ് സംസ്ഥാന നേതൃത്വം ഇന്നലെ പാണക്കാട്ട് തീരുമാനിച്ചത്.

പാർട്ടിക്ക് വേണ്ടി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് ഈ തീരുമാനം പുറത്തു വിട്ടത്. നിലവിൽ എം. സി. ഖമറുദ്ദീനും, പൂക്കോയ തങ്ങളും 136 കോടി രൂപയാണ് നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്തിട്ടുള്ളത്.

ഈ 136 കോടിയിൽ നല്ലൊരു തുക ബംഗളൂരുവിൽ റിയൽ എസ്റ്റേറ്റ് ഭൂമിയിൽ മുടക്കിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഭൂമിയിൽ  മുടക്കിയ കോടികൾ 6 മാസത്തിനകം തിരിച്ചു പിടിക്കാൻ ഖമറുദ്ദീന് ഒട്ടും കഴിയില്ല.

കാരണം, ആവശ്യക്കാർ എത്തുന്ന മുറയ്ക്ക് പ്ലോട്ടുകളാക്കി മുറിച്ചു വിൽക്കുന്ന തരിശുഭൂമി വ്യാപാരത്തിലാണ് ബംഗളൂരുവിൽ ഖമറുദ്ദീനും, പൂക്കോയയും പണം മുടക്കിയിട്ടുള്ളത്. 

കർണ്ണാടകയിലെ വൻ ഭൂമിയിടപാട് ലോബി നടത്തി വരുന്ന റിയൽ എസ്റ്റേറ്റിൽ 10 ലക്ഷം രൂപയുടെ ഭൂമി മുറിച്ചു വിറ്റാൽ ഒരു ലക്ഷം  രൂപ കമ്മീഷൻ ലഭിക്കുന്ന ഭൂമിയിടപാടാണിത്.

ഫാഷൻ ഗോൾഡിന്റെ പേരിൽ ഇപ്പോഴുള്ള ഏക ആസ്തി പയ്യന്നൂർ പുതിയ ബസ്്സ്റ്റാന്റിലുള്ള രണ്ടു നിലക്കെട്ടിടമാണ്. 

ഈ കെട്ടിടം വിൽപ്പന നടത്തുന്നതും  എളുപ്പമല്ല. കാരണം, കെട്ടിടത്തിന്റെ താഴത്തെ നില കെട്ടിടത്തോടനുബന്ധിച്ചുള്ള  മൊത്തം കെട്ടിടങ്ങളുടെ പാർക്കിംഗ് സ്ഥലമാണ്.

ഒന്നും രണ്ടും നിലകൾ മാത്രമാണ് ഫാഷൻ ഗോൾഡ് വിലയ്ക്കെടുത്തത്. ഇനി ഈ കെട്ടിടം വിൽപ്പന ചെയ്താൽ തന്നെ മൂന്നു കോടിയിലധികം വരുന്ന തുക ലഭിക്കില്ല.

കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്തു വാങ്ങിയ ഒരു ഇന്നോവ വണ്ടിയും, മറ്റൊരു എർട്ടിഗ കാറും ഇതിനകം തന്നെ വിറ്റു കഴിഞ്ഞ സ്ഥിതിക്ക്,  നിക്ഷേപകരുടെ കടം കൊടുത്തു തീർക്കാൻ 136 കോടി 6 മാസത്തിനകം സ്വരൂപിക്കാൻ ഖമറുദ്ദീന് ഒരിക്കലും കഴിയില്ല.

പടന്ന എടച്ചാക്കൈയിൽ ഖമറുദ്ദീൻ താമസിച്ചു വരുന്ന വീടും പറമ്പും ഭാര്യയുടെ പേരിലാണ്. ഈ വീടിന് ഗ്രാമീൺ ബാങ്കിന്റെ വായ്പ്പയും കുടിശ്ശികയുമുണ്ട്. 

മംഗളൂരു നഗരത്തിൽ ഭൂമിയും കെട്ടിടവുമുണ്ടെന്ന് കേൾക്കുന്നുണ്ടെങ്കിലും,  ഉറപ്പില്ല. അതുകൊണ്ട് ഖമറുദ്ദീന്റെ ഇന്നത്തെ സാമ്പത്തിക നില കണക്കിലെടുക്കുമ്പോൾ, ഏറിയാൽ എല്ലാ ആസ്തികളും വിറ്റഴിച്ചാൽ തന്നെ ഏറ്റവും കൂടിയ തുക 10 കോടിയിലധികം രൂപ ഖമറുദ്ദീന് സ്വരൂപിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 136 കോടി രൂപയുടെ കടം എങ്ങിനെ നിക്ഷേപകർക്ക് കൊടുത്തു തീർക്കുമെന്ന കാര്യം ചോദ്യചിഹ്നം തന്നെയാണ്.

ഇനി 6 മാസം പൂർത്തിയാകുന്നതോടെ നിയമസഭ തിരഞ്ഞെടുപ്പ്  പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഖമറുദ്ദീന് ഇനി മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ഒരിക്കലും ജനവിധി തേടാനും കഴിയില്ല.

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം 6 മാസത്തിന് ശേഷവും പണം തിരിച്ചു കിട്ടാൻ നിക്ഷേപകർക്ക് കേസ്സും കൂട്ടവുമായി പോകേണ്ടിവരുമെന്ന് ഉറപ്പാണ്.   

മുകളിലുദ്ധരിച്ച കണക്കുകൾ കൂട്ടിക്കൊണ്ട് മുസ്ലീം ലീഗിന് ഖമറുദ്ദീൻ ഉണ്ടാക്കിവെച്ച ഊരാക്കുടുക്കിൽ നിന്ന് തൽക്കാലം തലയൂരാനാണ് 6 മാസത്തിനകം നിക്ഷേപകരുടെ പണം ഖമറുദ്ദീൻ തിരിച്ചു നൽകുമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചത്. ഖമറുദ്ദീന്റെ  പണത്തിന് ഒരിക്കലും ലീഗ് ഒരിക്കലും ഉത്തരവാദിയായിരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി അടിവരയിടുകയും ചെയ്തത് ശ്രദ്ധേയമാണ്.

ഒരർത്ഥത്തിൽ ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ചവരോടുള്ള മറ്റൊരു വഞ്ചനയാണ് സംസ്ഥാന മുസ്ലീംലീഗ് നേതൃത്വം ഇപ്പോൾ നടത്തിയത്.

LatestDaily

Read Previous

സിപിഎമ്മും -ബിജെപിയും ഖമറുദ്ദീനെ തടയും

Read Next

ഇരുപത്തിരണ്ടുകാരൻ തൂങ്ങിമരിച്ചു