കൂട്ടം ചേരലുകൾ മാറ്റിവെയ്ക്കണം

ഓണാഘോഷ സമയത്തെ കൂട്ടം കൂടലുകൾ കേരളത്തിൽ കോവിഡ് വ്യാപനത്തോത് ഉയരുന്നതിന് കാരണമായെന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയെ എതിർക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.
ഓണാഘോഷങ്ങൾക്ക് പിന്നാലെ രോഗികളുടെ എണ്ണം ദിനം പ്രതി പതിനായിരം വരെ എത്തി നിൽക്കുന്ന സാഹചര്യം കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയെ സാധൂകരിക്കുന്നുമുണ്ട്.


നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കേരളത്തിൽ ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകൾ ധാരാളമായി നടക്കുന്നുണ്ട്. വിവാഹച്ചടങ്ങുകളിൽ സർക്കാർ നിഷ്കർഷിച്ച ആളുകളിൽക്കൂടുതൽ പങ്കെടുക്കുന്നുണ്ടെന്നതും നിഷേധിക്കാനാത്ത യാഥാർത്ഥ്യമാണ്. ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്ന സമരങ്ങളും രോഗവ്യാപനത്തോത് വർധിപ്പിക്കാൻ മാത്രമേ സഹായിച്ചിട്ടുള്ളുവെന്നതും കാണേണ്ടതാണ്.


ലോകത്തിന് തന്നെ മാതൃകയായ കേരള മോഡലിനെ അട്ടിമറിക്കാൻ സംസ്ഥാനത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ നടത്തിയ തുടർ സമരങ്ങളാണ് രോഗ വ്യാപന ഭീഷണി വർധിപ്പിച്ചതെന്ന് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മാത്രം മതിയാകും. കോടതിയെപ്പോലും ധിക്കരിച്ച് നടത്തിയ സമരങ്ങൾ ഒരു ജനതയെത്തന്നെ മണ്ണിൽ നിന്നും തുടച്ചു നീക്കാൻ മാത്രമേ സഹായിക്കുകയുള്ളു എന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ പ്രക്ഷോഭകർ തയ്യാറായതുമില്ല.


നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ആവശ്യപ്പെട്ട് പലരും ഇപ്പോഴും സർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. തുലാ മാസം കഴിയുന്നതോടെ സജീവമാകേണ്ട ഉത്തര കേരളത്തിലെ തെയ്യക്കാവുകളിൽ തെയ്യാട്ടത്തിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന ആൾക്കാർക്ക് നിയന്ത്രണമുണ്ട്. ഈ നിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമുദായ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.


മധ്യ കേരളത്തിലെയും, തെക്കൻ കേരളത്തിലെയും ക്ഷേത്രങ്ങളുടെ ഭാരവാഹികൾ കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുണ്ട്. രോഗ വ്യാപനത്തിന്റെ തോത് അതിഭീഷണമായ രീതിയിൽ ഉയർന്നു കൊണ്ടിരിക്കുമ്പോഴും, ആൾക്കൂട്ടങ്ങൾ പങ്കെടുക്കുന്ന ഉത്സവച്ചടങ്ങുകളും ആഘോഷങ്ങളും സംഘടിപ്പിക്കാൻ ധൃതി കാണിക്കുന്നവർ രോഗ ഭീഷണിയെ തൃണവൽഗണിക്കുന്നവരാണെന്ന് പറയേണ്ടി വരും.
കൂട്ടം കൂടലുകൾക്ക് പകരം വിവേക പൂർണ്ണമായ ഒതുങ്ങി നിൽക്കലുകളാണ് കേരളത്തിലെ നിലവിലുള്ള സാഹചര്യത്തിൽ നല്ലതെന്ന് ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. ഇതുവരെ മറു മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത വൈറസിനെ നേരിടാൻ പ്രായോഗിക സമീപനമാണ് എല്ലാവരും സ്വീകരിക്കേണ്ടത്. ഇതിനു പകരം കൂട്ടം കൂടാനുള്ള വെമ്പലും വെപ്രാളവും രോഗികളുടെ എണ്ണത്തിലും കോവിഡ് മരണത്തിലും വർധനവ് മാത്രമേ ഉണ്ടാക്കുകയുള്ളു.


പരിമിതമായ ചികിത്സാ സൗകര്യങ്ങളുപയോഗിച്ച് കേരളത്തിലെ കോവിഡ് മരണ നിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും, രോഗികളുടെ എണ്ണത്തിൽ ദിനംപ്രതിയുണ്ടാകുന്ന ഭീമമായ വർധന കാര്യങ്ങൾ തകിടം മറിക്കുമെന്ന യാഥാർത്ഥ്യം കേരള ജനത ഇനിയും ഉൾക്കൊണ്ടിട്ടില്ലെന്ന് തോന്നുന്നു. ഇനിയും ഉത്സവങ്ങളും, ആഘോഷങ്ങളുമുണ്ടെന്ന ബോധ്യവും , അവ ആഘോഷിക്കണമെങ്കിൽ നാമോരുത്തരും ജീവനോടെ ബാക്കിയുണ്ടാകണമെന്ന തിരിച്ചറിവും ഉണ്ടായിരിക്കുന്നത് നല്ലതാണ്.

Read Previous

മറിയക്കുട്ടി കൊലക്കേസ്സിൽ 7 പേരെ നുണ പരിശോധനയ്ക്ക് വിധേയമാക്കി

Read Next

ബേക്കലിൽ വീണ്ടും കൗമാര ആത്മഹത്യ