മാസ്ക് ധരിക്കാനാവശ്യപ്പെട്ട വനിതാ എസ്ഐക്ക് സിപിഎം പ്രാദേശിക നേതാവിന്റെ ഭീഷണി

നീലേശ്വരം: മാസ്ക് ധരിക്കാനാവശ്യപ്പെട്ട നീലേശ്വരം സ്റ്റേഷനിലെ വനിതാ എസ്. ഐ. രൂപയ്ക്ക് സിപിഎം നേതാവിന്റെ ഭീഷണി. ഞായറാഴ്ച വൈകീട്ട് മടിക്കൈ ബങ്കളത്ത് പരിശോധനയ്ക്കെത്തിയ വനിതാ പോലീസ് ഓഫീസറെയാണ് സിപിഎം പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തിയത്. വൈകീട്ട് 5-30 മണിയോടെ മറ്റ് പോലീസുകാർക്കൊപ്പം ഔദ്യോഗിക കൃത്യനിർവ്വഹണത്തിനെത്തിയതായിരുന്നു വനിതാ എസ്ഐ.
മടിക്കൈ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കോവിഡ് വ്യാപകമായതിനാൽ, സാമൂഹിക അകലം പാലിക്കാത്തവരെയും മാസ്ക് ധരിക്കാത്തവരെയും കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായാണ് എസ്ഐയും പാർട്ടിയും ബങ്കളത്തെത്തിയത്.


ഈ സമയം ധരിച്ചിരുന്ന മാസ്ക് താഴ്ത്തി മറ്റ് രണ്ട് പേരോട് സംസാരിക്കുകയായിരുന്നു നേതാവ്. മാസ്ക് മുഖത്ത് ധരിക്കാതെ താടിക്ക് താഴെ താഴ്ത്തിവെച്ച് സംസാരത്തിലേർപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട വനിതാ എസ്ഐ, സ്ഥലത്തെത്തി നേതാവിനോട് മാസ്ക് ധരിക്കാനാവശ്യപ്പെട്ടും, വായയും മൂക്കും മറയ്ക്കുന്നവിധം ധരിക്കാതെ മാസ്ക് താടിക്ക് താഴെ താഴ്ത്തി സംസാരിച്ചതിന്റെ കുറ്റത്തിന് പിഴയടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് വനിതാ എസ്ഐക്ക് നേരെ ഭീഷണിയുണ്ടായത്. തുമ്മാൻ വേണ്ടിയാണ് മാസ്ക് താഴ്ത്തിയതെന്നും, റാഫിയും ബാലേട്ടനും സാക്ഷിയുണ്ടെന്നും, നേതാവ് പറഞ്ഞെങ്കിലും, പിഴയടച്ച് നിയമത്തിന് വിധേയമാകണമെന്ന് പോലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടു. പിഴയടക്കാൻ തയ്യാറല്ലെന്നും, പോലീസിന് എന്ത് ചെയ്യാൻ പറ്റുമോ അതുപോലെ ചെയ്തോ എന്നായി രുന്നു നേതാവിന്റെ വെല്ലുവിളി.


തുടർന്ന് ഏറെ നേരം വനിതാ എസ്ഐയും സിപിഎം നേതാവും തമ്മിൽ സ്ഥലത്ത് വാഗ്വാദമുണ്ടായി. പിഴയടയ്ക്കുന്ന പ്രശ്നമില്ലെന്ന് നേതാവ് തറപ്പിച്ച് പറഞ്ഞതോടെ പോലീസ് സംഘം മടങ്ങിയെങ്കിലും, പരസ്യമായുണ്ടായ അധിക്ഷേപത്തിനും, ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സമുണ്ടാക്കിയ കുറ്റത്തിനും കേസ്സെടുക്കാവുന്ന വകുപ്പുണ്ടായിട്ടും വനിതാ എസ്ഐ നീലേശ്വരം സ്റ്റേഷനിലോ, മേൽ ഉദ്യോഗസ്ഥൻമാർക്കോ ഇന്ന് രാവിലെവരെ രേഖാമൂലമുള്ള പരാതി നൽകിയിട്ടില്ല.


മാസ്ക് ധരിക്കാത്തതിന് പിഴയടക്കാൻ ആവശ്യപ്പെട്ടിട്ടും, സിപിഎം പ്രാദേശിക നേതാവ് പിഴയടച്ചില്ലെന്ന് വനിതാ എസ്ഐ, സ്റ്റേഷൻ ഹൗസ് ഓഫീസറെ ധരിപ്പിച്ചു. മാസ്ക് ധരിക്കാത്ത കുറ്റത്തിന് 200 രൂപ സ്റ്റേഷനിൽ ഹാജരായി പിഴയടക്കാൻ നേതാവിന് ഒരാഴ്ച സമയമനുവദിച്ചിട്ടുണ്ടെന്നും, പിഴയടക്കാത്ത പക്ഷം ഒരാഴ്ചയ്ക്ക് ശേഷം നേതാവിനെതിരെ തുടർ നടപടികൾ സ്വീകരിക്കാൻ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും പോലീസ് പറഞ്ഞു.

LatestDaily

Read Previous

പയ്യന്നൂരില്‍ തോക്കിന് പിന്നാലെ വ്യാജ ബോംബും

Read Next

ഭാര്യയാക്കാമെന്ന് പറഞ്ഞ് ഒന്നര വർഷക്കാലം കൂടെ താമസിപ്പിച്ചു: ഗർഭിണിയായപ്പോൾ മുങ്ങി