മരക്കുറ്റിയിൽ റീത്തുവെച്ചു

കാഞ്ഞങ്ങാട് സൗത്ത്: പുത്തൻ ഇരുനിലക്കെട്ടിടത്തിന്  കാഴ്ച കിട്ടാൻ കെട്ടിടയുടമ മുറിച്ചു മാറ്റിയ തണൽ മരങ്ങളുടെ കുറ്റിയിൽ നൻമ മരം പ്രവർത്തകർ ഇന്ന് റീത്തുവെച്ചു.

നൻമ മരത്തിന്റെ ഭാരവാഹികളും  അംഗങ്ങളുമടക്കം ഇതുപത്തിയഞ്ചോളം പേർ റീത്തു സമർപ്പണ പ്രതിഷേധച്ചടങ്ങിൽ സംബന്ധിച്ചു.

കാഞ്ഞങ്ങാട് സൗത്തിൽ മാതോത്ത് ക്ഷേത്രത്തിന് തൊട്ടു വടക്കുഭാഗത്ത് ചെമ്മനാട്  സ്വദേശി പണിതീർത്ത പന്ത്രണ്ട് ഷട്ടർ മുറികളുള്ള  പുത്തൻ ഇരുനിലക്കെട്ടിടത്തിന്  കാഴ്ചയൊരുക്കാൻ, കാഞ്ഞങ്ങാട് സാമൂഹ്യ വനവത്ക്കരണ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയിൽ കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്ന് അനധികൃത മാർഗ്ഗത്തിൽ സമ്പാദിച്ച അനുമതിയുടെ ബലത്തിലാണ് അഞ്ചു വലിയ തണൽ മരങ്ങൾ കരാറുകാരനായ ഉദുമ സ്വദേശി കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയത്.

റീത്ത് സമർപ്പണച്ചടങ്ങ് നഗരസഭാ കൗൺസിലർ സന്തോഷ് കുശാൽനഗർ ഉദ്ഘാടനം ചെയ്തു. സിക്രട്ടറി എൻ. ഗംഗാധരൻ സ്വാഗതം പറഞ്ഞു.  ഉണ്ണി ബ്രിട്ട്കോ, അരവിന്ദൻ മാണിക്കോത്ത്, ജീവകാരുണ്യ പ്രവർത്തകൻ അഹമ്മദ് കിർമ്മാനി,  നൻമ മരം പ്രസിഡണ്ട് സലാം കേരള, കവയിത്രി സി.പി. ശുഭ, രാജൻ ബാലൂർ എന്നിവർ സംസാരിച്ചു. മുറിച്ചിട്ട മരങ്ങൾ 40 വർഷം മുമ്പ് നട്ടുവളർത്തിയ വർക്ക് ഷാപ്പ്  തൊഴിലാളി സൗത്തിലെ ലോഹിതാക്ഷനാണ് മരക്കുറ്റിയിൽ റീത്തുവെച്ചത്.

പൊതു സ്ഥലങ്ങളിലുള്ള തണൽ മരങ്ങൾക്ക് കോടാലി വെക്കുന്നതിന് കൂട്ടുനിൽക്കുന്ന വനം വകുപ്പുദ്യോഗസ്ഥരെ പ്രതിഷേധ യോഗം താക്കീതു ചെയ്തു. സാമൂഹ്യ വനവത്ക്കരണ ഓഫീസിന് മുന്നിൽ ധർണ്ണ നടത്താനും  പോലീസിൽ പരാതി നൽകാനും യോഗം തീരുമാനിച്ചു.

LatestDaily

Read Previous

മരംമുറിക്ക് കൂട്ട് ഉദ്യോഗസ്ഥർ

Read Next

ഇരുവൃക്കകളും തകരാറിലായ വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചു