മരംമുറിക്ക് കൂട്ട് ഉദ്യോഗസ്ഥർ

കാഞ്ഞങ്ങാട്: സൗത്ത് കാഞ്ഞങ്ങാട്ട് മാതോത്ത് കെഎസ്ടിപി റോഡരികിലുള്ള രണ്ട് തണൽ മരങ്ങൾ മുറിച്ചു മാറ്റാൻ ഇരുനില കെട്ടിടമുടമയ്ക്ക് കൂട്ടു നിന്നത് ഹൊസ്ദുർഗ്ഗ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ.

കെട്ടിടമുടമയുടെ സ്വാധീനത്തിന് വഴങ്ങിയാണ് പാണത്തൂർ സ്വദേശിയായ  വനം വകുപ്പുദ്യോഗസ്ഥൻ ചന്ദ്രൻ വൻ അഴിമതിക്ക് കൂട്ടു നിന്നത്.

നഗരസഭ- ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ റോഡരികിലും,  പൊതു സ്ഥലങ്ങളിലുമുള്ള തണൽ മരങ്ങൾ മുറിച്ചു മാറ്റാൻ നഗരസഭ ട്രീ- കമ്മറ്റിയുടെ അനുമതി  നിർബ്ബന്ധമാണ്.

വനംവകുപ്പ് താലൂക്ക് തല ഓഫീസിന്റെ ചുമതലയുള്ള റേഞ്ച് ഓഫീസറും,  നഗരസഭ ചെയർമാനും,  കൗൺസിലർമാരും,  പോലീസ് അധികാരികളും ഉൾപ്പെടുന്ന ആറംഗ ട്രീ കമ്മറ്റി സ്ഥലം പരിശോധിക്കുകയും, മുറിച്ചു മാറ്റേണ്ട മരം കെട്ടിടത്തിനും, പൊതു ജനങ്ങൾക്കും ഗുരുതരമായിത്തീരുമെന്ന് ബോധ്യപ്പെട്ടാൽ മാത്രമാണ് അത്തരം മരം മുറിക്കാൻ നിലവിൽ അനുമതി നൽകി വരുന്നത്. മാതോത്ത് ക്ഷേത്രത്തിന് തൊട്ടു വടക്കുഭാഗത്ത് നിർമ്മാണം പൂർത്തിയായ ഇരുനിലക്കെട്ടിടത്തിന്റെ മുന്നിൽ ചുരുങ്ങിയത് 40 വർഷങ്ങളായി പടർന്നു പന്തലിച്ച് നിൽക്കുന്ന മൂന്ന് തണൽ മരങ്ങൾ മുറിച്ചു മാറ്റാനുള്ള അപേക്ഷ നഗരസഭ ട്രീ കമ്മറ്റിക്ക് മുന്നിൽ വന്നിട്ടേയില്ല.

വനം വകുപ്പ് കാഞ്ഞങ്ങാട് സെക്ഷൻ റേഞ്ച് ഓഫീസറാണ് മരങ്ങൾ മുറിച്ചു മാറ്റാനുള്ള സ്വകാര്യ വ്യക്തിയുടെ അപേക്ഷകൾ നഗരസഭാ ട്രീ കമ്മിറ്റി മുമ്പാകെ എത്തിച്ച് തീരുമാനമെടുക്കേണ്ടതെങ്കിലും, മാതോത്ത് മരംമുറി നഗരസഭ ട്രീ കമ്മറ്റിയിൽ നിന്ന് വനം റേഞ്ച് ഓഫീസർ ബോധപൂർവ്വം ഒളിപ്പിച്ചു വെക്കുകയായിരുന്നു.

വാടകക്കാരെ  കാത്തിരിക്കുന്ന വലിയ മൂന്ന് മരങ്ങളുടെ വേരുകൾ പുത്തൻ കെട്ടിടത്തിലേക്ക് തുളച്ചു കയറുന്നുവെന്ന തീർത്തും കളവായ ശിപാർശ കണ്ണൂരിലുള്ള കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക്  സമർപ്പിക്കുകയും, ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ ശിപാർശയുടെ ബലത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് അഞ്ചു തണൽ മരങ്ങൾ മുറിച്ചു മാറ്റാൻ ചെമ്മനാട് സ്വദേശി പാച്ചാലി വീട്ടിൽ ടി. ഗോപാലന് അനുമതി നൽകിയത്.  ട്രീ- കമ്മറ്റി സ്ഥലം മാതോത്തുള്ള മരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയാണ് മുറിക്കാൻ അനുമതി നൽകിയതെന്ന് കാഞ്ഞങ്ങാട് സാമൂഹ്യ വനവൽക്കരണ ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ചന്ദ്രൻ കഴിഞ്ഞ ദിവസം കള്ളം പറയുകയായിരുന്നു.

നഗരസഭ ട്രീ- കമ്മറ്റിക്ക് മുന്നിൽ മാതോത്ത് മരം വെട്ട് സംബന്ധിച്ച അപേക്ഷ എത്തിയിട്ടില്ലെന്ന് നഗരസഭാ ചെയർമാൻ വി. വി. രമേശൻ ഇന്നലെ ലേറ്റസ്റ്റിനോട് പറഞ്ഞിരുന്നു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ് പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനം: ഹൈക്കോടതി

Read Next

മരക്കുറ്റിയിൽ റീത്തുവെച്ചു