ഫാഷൻ ഗോൾഡ് തട്ടിപ്പ് പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനം: ഹൈക്കോടതി

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സുകൾ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന എം.സി. ഖമറുദ്ദീൻ എംഎൽഏയുടെ നിലപാട് ഈ വർഷത്തെ ഏറ്റവും വലിയ ഫലിതമാമാണെന്ന് തട്ടിപ്പിനിരയായ നിക്ഷേപകർ.

തനിക്കെതിരെയുള്ള വഞ്ചനാക്കേസ്സുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംഎൽഏ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കേസ്സുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന  അവകാശവാദമുന്നയിച്ചത്.

കേസ്സിൽ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച എം.സി. ഖമറുദ്ദീൻ നിക്ഷേപകരുമായുണ്ടാക്കിയ കരാർ പാലിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്ന് സമ്മതിക്കുന്നുമുണ്ട്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് സമാനമാണെന്ന് ഖമറുദ്ദീന്റെ ഹർജി പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് വി.ജി. അരുൺ നിരീക്ഷിച്ചു. ഹർജിയിൽ കോടതി, സർക്കാറിന്റെ നിലപാട് തേടിയതോടെ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി വെച്ചു.

കേരള ചരിത്രത്തിൽ സമാനതകളില്ലാത്ത വിധത്തിലാണ് ഒരു എംഎൽഏ ഇത്രയധികം വഞ്ചനാക്കേസ്സുകളിൽ പ്രതിയായിരിക്കുന്നത്.

എണ്ണൂറോളം  നിക്ഷേപകരിൽ നിന്ന് 150 കോടിയോളം രൂപ തട്ടിയെടുത്ത നിക്ഷേപത്തട്ടിപ്പിനെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് നിസ്സാരവത്ക്കരിക്കാനാണ് എംഎൽഏയുടെ ഏറ്റവും പുതിയ ശ്രമം.

ജ്വല്ലറിത്തട്ടിപ്പിൽ നിലവിൽ തൊണ്ണൂറോളം പരാതികളിലാണ് കേസ്സെടുത്തിരിക്കുന്നത്. ബാക്കിയുള്ള നിക്ഷേപകർ കൂടി പരാതിയെുമായെത്തിയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വഞ്ചനാക്കേസ്സുകളുള്ള എംഎൽഏ എന്ന പദവിയും ഖമറുദ്ദീന് സ്വന്തമാകും.

എംഎൽഏ തട്ടിപ്പിനിരയാക്കിയവരിൽ ഭൂരിഭാഗവും മുസ്്ലീം ലീഗിന്റെ അനുഭാവികളായതിനാൽ, വഞ്ചനാക്കേസ്സുകൾ എങ്ങിനെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാകും എന്ന് വിശദീകരിക്കേണ്ടത് ഖമറുദ്ദീനാണ്. ലീഗിനകത്തുനിന്നും എംഎൽഏയ്ക്കെതിരെ രാഷ്ട്രീയ ഗൂഢാലോചനകൾ നടക്കുന്നുണ്ടോയെന്നും ഖമറുദ്ദീൻ വിശദീകരിക്കണം.

അത്ര പെട്ടെന്ന് ഊരിപ്പോകാൻ പറ്റാത്ത തരത്തിലുള്ള ഊരാക്കുടുക്കുകളാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിന് പിറകിലുള്ളതെന്നതിനാൽ, തട്ടിപ്പ് നിസ്സാരവത്ക്കരിച്ച് രക്ഷപ്പെടാമെന്ന എംഎൽഏയുടെ ശ്രമം പാഴ്ശ്രമമാണ്.

കോടികൾ തട്ടിയെടുത്ത നിക്ഷേപത്തട്ടിപ്പിൽ ലീഗ് സംസ്ഥാന നേതൃത്വവും അർത്ഥഗർഭമായ മൗനത്തിലാണ്.

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിനെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക  അന്വേഷണ സംഘം  സാമ്പത്തിക അഴിമതിയുടെ മഞ്ഞുമലയുടെ ഒരറ്റത്ത് മാത്രമാണ് ഇപ്പോൾ സ്പർശിച്ചിരിക്കുന്നത്.

എഎൽഏയ്ക്കെതിരെ ദിനംപ്രതി കൂടുതൽ വഞ്ചനാക്കേസ്സുകൾ റജിസ്റ്റർ ചെയ്യുന്നതോടെ വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ സങ്കീർണ്ണമാകും.

അതിനിടെ, എംഎൽഏ ചെയർമാനായ ട്രസ്റ്റിന്റെ മറ്റൊരു തട്ടിപ്പ് കൂടി മറ നീക്കി പുറത്തുവന്നു. തൃക്കരിപ്പൂർ ആർട്സ് ആന്റ് സയൻസ് കോളേജ് എന്ന സ്ഥാപനത്തിന് വേണ്ടി  പലരിൽ നിന്നായി എംഎൽഏയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ സംഭാവന സ്വീകരിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ എജ്യുക്കേഷണൽ ആന്റ് കൾച്ചറൽ ട്രസ്റ്റ് എന്ന സ്ഥാപനമാണ് തൃക്കരിപ്പൂരിലെ കോളേജ് നടത്തുന്നത്.

ഈ കോളേജിന് വേണ്ടി തൃക്കരിപ്പൂരിലെ  വഖഫ് ഭൂമി  ചുളുവിലയ്ക്ക് തട്ടിയെടുത്ത എംഎൽഏ, സംഭവം വിവാദമായതിനെത്തുടർന്ന് ഭൂമി തിരികെ നൽകി തടിയൂരുകയായിരുന്നു.

സർവ്വകലാശാലയെ  തെറ്റിദ്ധരിപ്പിച്ചാണ് എംഎൽഏ ചെയർമാനായ ട്രസ്റ്റ് കോളേജിന് അഫിലിയേഷൻ നേടിയത്. സ്വന്തമായി  കെട്ടിടമില്ലാത്ത കോളേജിന്റെ ഭാവിയും  അനിശ്ചിതത്വത്തിലാണ്.

അതേസമയം, വിവാദ പുരുഷനായ   എംഎൽഏയെ കോളേജ് ട്രസ്റ്റിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും ഭരണസമിതി നീക്കിക്കഴിഞ്ഞു. ജ്വല്ലറി  നിക്ഷേപത്തട്ടിപ്പിൽ പ്രതിയായ ഖമറുദ്ദീനെ പാർട്ടി സംസ്ഥാന നേതൃത്വവും കയ്യൊഴിഞ്ഞ മട്ടിലാണ്.

LatestDaily

Read Previous

ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉണ്ണിത്താൻ എംപിക്ക് വക്കീൽ നോട്ടീസ്

Read Next

മരംമുറിക്ക് കൂട്ട് ഉദ്യോഗസ്ഥർ