പന്ത്രണ്ടുകാരന്റെ ആത്മഹത്യ സെൽ ഫോൺ കിട്ടാത്തതിനാൽ

ചിറ്റാരിക്കാൽ: കമ്പല്ലൂരിൽ പന്ത്രണ്ടുകാരൻ തൂങ്ങി മരിച്ചത്  മൊബൈൽ ഫോൺ ലഭിക്കാത്തതിൽ. വ്യാഴാഴ്ച വൈകുന്നേരം  5 മണിക്കാണ് കമ്പല്ലൂർ മിൽമയ്ക്ക് സമീപം പന്ത്രണ്ടുകാരൻ വീട്ടിനകത്ത് ചൂരിദാർ ഷാളിൽ തൂങ്ങി മരിച്ചത്.

കമ്പല്ലൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ ഏഴാംതരം വിദ്യാർത്ഥിയും  കമ്പല്ലൂരിലെ അജയ്ബാബുവിന്റെയും ശ്രീരത്നത്തിന്റെയും മൂത്ത മകനുമായ അജയ്ഘോഷാണ്

മൊബൈൽ ഫോൺ കിട്ടാത്തതിന്റെ മനോ വിഷമത്തിൽ ജീവനൊടുക്കിയത്. മാതാപിതാക്കൾ ജോലിക്ക് പോയതിനാൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പന്ത്രണ്ടുകാരൻ വീട്ടിനകത്ത് കെട്ടിത്തൂങ്ങിയത്.

മൃതദേഹം ചിറ്റാരിക്കാൽ പോലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ജൂൺ 15-ന് തിങ്കളാഴ്ചയാണ് സമാനമായ രീതിയിൽ പുങ്ങംചാൽ അടുക്കളക്കണ്ടം നാട്ടക്കല്ലിലെ 15 കാരൻ  വീടിന് സമീപം തൂങ്ങി മരിച്ചത്. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം പുറത്തു വന്നിട്ടില്ല.

നാട്ടക്കല്ലിലെ ദിനേശൻ-ലക്ഷ്മി ദമ്പതികളുടെ മകനായ ജിഷ്ണുവാണ് 15-ാം തീയ്യതി വീടിന് സമീപം തൂങ്ങി മരിച്ചത്  സഹോദരൻ വിഷ്ണുവിനോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ജിഷ്ണു തിങ്കളാഴ്ച പുലർച്ചെ ആരുമറിയാതെ പുറത്തിറങ്ങി വീടിനു സമീപത്തെ മരത്തിൽ കെട്ടിത്തൂങ്ങുകയായിരുന്നു.

ജിഷ്ണുവിന്റെ മരണ വെപ്രാളത്താലുള്ള നിലവിളി കേട്ട് ഉറക്കമുണർന്ന രക്ഷിതാക്കൾ കുരുക്കഴിച്ച് കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിക്കുമ്പോഴേയ്ക്കും ജീവൻ നഷ്ടമായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ കൗമാര പ്രായക്കാരായ രണ്ട് ആൺകുട്ടികളാണ് ജില്ലയിൽ ആത്മഹത്യ ചെയ്തത്.

അതിനിടെ, ഉദുമ മാങ്ങാട്ടെ 15 കാരി ഗ്രീഷ്മയുടെ മരണത്തിൽ  ദുരൂഹതയുണ്ടെന്നാരോപിച്ച് ചക്ലിയ സമുദായ സമിതി ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് പരാതി നൽകി. ഏതാനും ദിവസം മുമ്പാണ് മാങ്ങാട് ആര്യടുക്കത്തെ ഗ്രീഷ്മ വീടിനുള്ളിൽ ജനൽക്കമ്പിയിൽ തൂങ്ങി മരിച്ചത്.

മാതാപിതാക്കൾ തമ്മിൽ വേർപിരിയുന്നതിലുള്ള  മനോ വിഷമത്തിലാണ് ഗ്രീഷ്മ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.

LatestDaily

Read Previous

പോലീസ് വനിതകൾക്ക് പ്രിയം ജില്ലയിലെ തെക്കൻ സ്റ്റേഷനുകൾ

Read Next

വർണ്ണങ്ങളിലൂടെ ദുരിതാശ്വാസ പ്രവർത്തനം