അക്കിത്തം

മലയാള കവിതയ്ക്ക് നവഭാവുകത്വം സൃഷ്ടിച്ച ആധുനിക കവിതാശാഖയിലെ അഗ്രഗണ്യനാണ് അന്തരിച്ച കവി അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട്. സ്വന്തം പേര് അന്വർത്ഥമാക്കുന്ന വിധത്തിൽ ച്യുതിയില്ലാത്ത കവിതാ മലരുകൾ കൈരളിക്ക് സമ്മാനിച്ചാണ് അദ്ദേഹം കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞത്.


വൃത്തവും പ്രാസവുമൊപ്പിച്ച സങ്കേതബദ്ധമായ മലയാള കവിതാശാഖയിൽ നവഭാവുകത്വം പ്രസരിപ്പിച്ചാണ് അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പ്രസിദ്ധീകൃതമാകുന്നത്. അക്കിത്തത്തിന് പിന്നാലെയാണ് മലയാള കവിതയിൽ പരീക്ഷണ കവിതകളുടെ കാലഘട്ടം ആരംഭിക്കുന്നത്.


ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കുമ്പോൾ ആത്മാവിൽ ആയിരം സൗര മണ്ഡലങ്ങൾ തെളിയിച്ച മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് കാവ്യ കുതുകികൾക്ക് മുന്നിൽ അക്കിത്തം തുറന്നു കാട്ടിയത്. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന വരികൾ അദ്ദേഹത്തിന്റെ നിലപാടല്ലെങ്കിലും ഏറെ ചർച്ച ചെയ്യപ്പെട്ട കാവ്യ ശകലങ്ങളാണ്.


ജി. ശങ്കരപ്പിള്ള, തകഴി, എസ്.കെ.പൊറ്റക്കാട്, എം.ടി വാസുദേവൻ നായർ, ഒഎൻവി കുറുപ്പ് എന്നിവർക്ക് പിന്നാലെ ഭാരത സർക്കാറിന്റെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരനായിരുന്നു അക്കിത്തം. പത്മശ്രീ, കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം മുതലായ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ അക്കിത്തത്തിന്റെ വിയോഗത്തോടെ മലയാള സാഹിത്യത്തിലെ തലപ്പൊക്കമുള്ള മഹാമനീഷിയെയാണ് കേരളത്തിന് നഷ്ടമായത്.


കവിതയിൽ വിതച്ചതെല്ലാം നൂറുമേനി വിളയായി പൊലിഞ്ഞ കാവ്യകുശലതയുടെ മറുപര്യായം കൂടിയായിരുന്നു അമേറ്റിക്കര അക്കിത്തത്ത് മനയിൽ അച്യുതൽ നമ്പൂതിരി എന്ന അക്കിത്തം. കൈവച്ച മേഖലകളിലെല്ലാം തന്റെ സർഗ്ഗ സൗരഭ്യം വാരി വിതറിയ കവി എട്ടു വയസ്സു മുതൽ തുടങ്ങിയ കാവ്യനുശീലനം മരണം വരെ പിന്തുടർന്നയാളാണ്.


ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനത്തിലും, നമ്പൂതിരി സമുദായത്തിന്റെ ഉദ്ധരണത്തിനുമായി പ്രവർത്തിച്ച അക്കിത്തത്തിന്റെ നിര്യാണത്തോടെ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചവരുടെ കണ്ണികളിൽ ഒന്നുകൂടിയാണ് നഷ്ടമാകുന്നത്. അക്കിത്തം ആരായിരുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം അദ്ദേഹം പിന്നിട്ട കാവ്യ വഴികളിലും പ്രവർത്തന മേഖലകളിലും നാഴികക്കല്ലുകളായി ബാക്കി നിൽക്കുന്നുണ്ട്.


മാനവികതയ്ക്ക് വേണ്ടി തൂലിക ചലിപ്പിച്ച അക്കിത്തം തൂലികയിൽ മഷിക്കൊപ്പം മനുഷ്യ സ്നേഹവും കൂട്ടിക്കലർത്തിയാണ് കവിതകൾ രചിച്ചത്. നീതി നിഷേധങ്ങളോട് നിരന്തരം കലഹിച്ചും, സഹജീവികളെ ആവോളം സ്നേഹിച്ചും ജീവിച്ചയാളാണ് അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട്.

LatestDaily

Read Previous

മിണ്ടാതിരുന്നാല്‍ എല്ലാവരും വെറും ഷമ്മിമാരായിപ്പോകും: അഞ്ജലി മേനോന്‍

Read Next

കോവിഡ് പോരാളികൾക്കുള്ള ആദരം കടലാസ്സ് സംഘടന അട്ടിമറിച്ചു