ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുറിക്കരുതെന്ന് കെഞ്ചി യാചിച്ചിട്ടും, പോലീസ് സബ് ഇൻസ്പെക്ടർ ഇടപെട്ടിട്ടും, പുത്തൻ കെട്ടിടത്തിന് കാഴ്ചയൊരുക്കാൻ കെട്ടിടമുടമ, ഇരുനിലക്കെ ട്ടിടത്തിന് മുന്നിലുള്ള രണ്ട് കൂറ്റൻ തണൽ മരങ്ങൾ മുറിച്ചു മാറ്റി. സൗത്ത് കാഞ്ഞങ്ങാട് മാതോത്ത് ക്ഷേത്രത്തിന് തൊട്ട് വടക്കുഭാഗത്ത് നിർമ്മിച്ച പത്ത് ഷട്ടർ മുറികളുള്ള പുത്തൻ ഇരുനിലക്കെട്ടിടത്തിന് കാഴ്ചയൊരുക്കാനാണ് ഒന്താന്തരം തണൽ മരങ്ങൾ ഇന്നലെ തിരക്കിട്ട് മുറിച്ചു തുണ്ടംതുണ്ടമാക്കിയത്.
കെഎസ്ടിപി റോഡിന് കിഴക്കുഭാഗത്ത് 30 മീറ്റർ ദൂരത്തിലാണ് മുറിച്ചു മാറ്റിയ മരങ്ങൾ ഭൂമിക്ക് തണലായി നിന്നിരുന്നത്. കണ്ണൂരിലുള്ള കെഎസ്ടിപി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉത്തരവിന്റെ വെളിച്ചത്തിലാണ് ഇന്നലെ രാവിലെയുണ്ടായ കനത്ത മഴയിൽ ആദ്യം ഈ തണൽമരങ്ങളുടെ വലിയ കൊമ്പുകൾ മുറിച്ചു മാറ്റിയത്.
നാട്ടുകാർ വിവരം നൽകിയതനുസരിച്ച് നൻമമരം പ്രവർത്തകൻ കൂടിയായ ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്തും, സാമൂഹ്യ പ്രവർത്തകൻ കൊവ്വൽപ്പള്ളിയിലെ ജ്യോതിഷ്കുമാറും രാവിലെ കോരിച്ചൊരിയുന്ന മഴയത്ത് സ്ഥലത്തെത്തി തണൽ മരങ്ങൾ മുറിക്കരുതെന്ന് അപേക്ഷിച്ചപ്പോൾ, മരങ്ങൾ മുറിക്കാൻ കെഎസ്ടിപി എഞ്ചിനീയറുടെ അനുമതിയുടെ പകർപ്പ് ഉദുമ സ്വദേശിയായ മരം കരാറുകാരൻ പുറത്തെടുക്കുകയായിരുന്നു.
കണ്ണൂർ കെഎസ്ടിപി അസിസ്റ്റന്റ് എഞ്ചിനീയറെ ഫോണിൽ ബന്ധപ്പെട്ട് അപകടകാരിയല്ലാത്ത മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകിയതിന്റെ പൊരുൾ അന്വേഷിച്ചപ്പോൾ, കാഞ്ഞങ്ങാട്ടുള്ള സാമൂഹ്യ വനം വൽക്കരണ വകുപ്പ് ഈ മരങ്ങൾ മുറിച്ചു മാറ്റുന്നതിന് രേഖാമൂലം തങ്ങളോട് ശിപാർശ ചെയ്തിട്ടുണ്ടെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയർ വെളിപ്പെടുത്തി. സാമൂഹ്യ വനവൽക്കരണ വിഭാഗം ഓഫീസുമായി ഇന്നലെ തന്നെ ഫോണിൽ ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ, ഹൊസ്ദുർഗ്ഗ് പോലീസ് സബ് ഇൻസ്പെക്ടർ മരം പാതി മുറിച്ച കരാറുകാരനെ സ്റ്റേഷനിൽ വിളിപ്പിക്കുകയും, കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തപ്പോൾ, കെഎസ്ടിപി എഞ്ചിനീയറുടെ അനുമതിയുണ്ടെന്ന് കരാറുകാരൻ പറഞ്ഞു.
അനുമതിയുണ്ടെങ്കിലും, തൽക്കാലം മരം മുറിച്ചു മാറ്റരുതെന്ന് സബ് ഇൻസ്പെക്ടർ കെ. പി. വിനോദ്കുമാർ നിർദ്ദേശിച്ചുവെങ്കിലും ഉച്ചയ്ക്ക് ശേഷം രണ്ട് തണൽ മരങ്ങളും കരാറുകാരൻ പാടെ മുറിച്ചു മാറ്റുകയായിരുന്നു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലുള്ള സാമൂഹ്യ വനവൽക്കരണ ഓഫീസിൽച്ചെന്ന് മാതോത്തെ തണൽ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ കാര്യം ലേറ്റസ്റ്റ് അന്വേഷിച്ചപ്പോൾ, നഗരസഭാ ചെയർമാന്റെ നേതൃത്വത്തിലുള്ള ട്രീ കമ്മറ്റി യോഗം ചേർന്നാണ് മാതോത്തെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതെന്ന് നാട്ടിൽ വനം നട്ടു പിടിപ്പിക്കേണ്ട ചുമതലയുള്ള ഉദ്യോഗസ്ഥൻ പാണത്തൂർ സ്വദേശി ചന്ദ്രൻ പറഞ്ഞു.
ആരെല്ലാമാണ് ട്രീ കമ്മറ്റിയിലുള്ളതെന്ന് ചോദിച്ചപ്പോൾ, ചെയർമാനടക്കം പത്തു പേർ ഉണ്ടെന്നും വെളിപ്പെടുത്തിയ ചന്ദ്രൻ മരത്തിന്റെ വേരുകൾ കെട്ടിടത്തിനകത്തേക്ക് നുഴഞ്ഞു കയറിയത് ബോധ്യപ്പെട്ടതി നാലാണ് മരങ്ങൾ മുറിച്ചു മാറ്റാൻ ട്രീ കമ്മറ്റി ശിപാർശ ചെയ്തതെന്നും ഫോറസ്റ്ററായ ചന്ദ്രൻ പറഞ്ഞു.