ഡോക്ടർമാരുടെ തന്തക്ക് വിളി; സെൽഫോണുകൾ ഹാജരാക്കാൻ പോലീസ് നോട്ടീസ് നൽകി

കാഞ്ഞങ്ങാട്: 150 ഓളം ഡോക്ടർമാർ അംഗങ്ങളായുള്ള ഡോക്ടേഴ്സ് അറ്റ് കാഞ്ഞങ്ങാട് ഡോട്ട് കോം വാട്സാപ്പ് ഗ്രൂപ്പിൽ ഡോക്ടർമാർ പരസ്പരം തന്തയ്ക്ക് വിളിച്ച സംഭവത്തിൽ സെൽഫോണുകൾ ഹാജരാക്കുന്നതിനായി ഡോക്ടർമാർക്ക് പോലീസ് അന്വേഷണ സംഘം നോട്ടീസ് നൽകി.


ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത ഒരു കേസ്സിലും, മറ്റൊരു ഡോക്ടറുടെ പരാതിയിലുമാണ് സെൽഫോണുകൾ ഹാജരാക്കുന്നതിന് കാഞ്ഞങ്ങാട് ജില്ലാശുപത്രി മുൻ സൂപ്രണ്ടും, ഐഎംഏ എത്തിക്സ് കമ്മിറ്റി ആന്റ് കാക്കറി ചെയർമാനുമായ ഡോ. ടി.വി. പത്മനാഭൻ, കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്കാനിംഗ് സെന്ററിലെ ഡോ. സുബ്രഹ്മണ്യ ഭട്ട് എന്നിവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ആവശ്യമെങ്കിൽ , ഡോക്ടർമാരുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനടക്കമുള്ള ഡോക്ടർമാരെ ചോദ്യം ചെയ്യുകയും ചെയ്യും.


ഡോ. ടി.വി. പത്മനാഭന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ ഡോ. സുബ്രഹ്മണ്യഭട്ടിൽ നിന്നും മൊഴിെയടുക്കാനായി ഹാജരാകാൻ പോലീസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും, ഡോക്ടർ ഹാജരായില്ല. തന്റെ അഭിഭാഷകനോട് ആലോചിച്ച് മാത്രമെ, മൊഴി ഉൾപ്പെടെ പോലീസ് അന്വേഷണവുമായി സഹകരിക്കാനാകൂ എന്ന നിലപാടിലാണ് ഡോക്ടർ ഭട്ട്. ഇതോടെ ഡോക്ടറിൽ നിന്നും മൊഴിയെടുക്കാനുള്ള പോലീസിന്റെ നീക്കം പരാജയപ്പെട്ടു. ഡോ. ടി.വി. പത്മനാഭനെതിരെയുള്ള പരാതിയിൽ കേസ്സ് രജിസ്റ്റർ ചെയ്തശേഷം ഡോക്ടർമാരോട് അശ്ലീല സന്ദേശമയച്ച സ്വന്തം സെൽഫോണുകൾ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെടും.


ഗ്രൂപ്പ് അംഗങ്ങളായ ഡോക്ടർമാരെ സാക്ഷികളാക്കാനും, അന്വേഷണസംഘം ആലോചിക്കുന്നുണ്ടെങ്കിലും, കേസ്സ് ഗൗരവകരമായ ക്രിമിനൽ കേസ്സല്ലാത്തതിനാൽ അറസ്റ്റ് നടപടികൾ ഉടൻ ഉണ്ടാകില്ല. എംബിബിഎസ് ബിരുദധാരിയായ ഡോ. സുബ്രഹ്മണ്യ ഭട്ട് കൺസൾട്ടന്റ് സോണോളജിസ്റ്റെന്ന പേരിൽ സ്കാനിംഗ് റിപ്പോർട്ട് നൽകുന്നതായി കാണിച്ച് മെഡിക്കൽ കൗൺസിലിന് ഡോ. ടി.വി. പത്മനാഭൻ പരാതി നൽകിയതിനെച്ചൊല്ലിയായിരുന്നു ഡോക്ടർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഡോക്ടർമാർ പരസ്പരം തന്തയ്ക്ക് വിളിച്ചത്.


ഇപ്പോഴത്തെ സംഭവത്തിന് സമാനമായി ഡോക്ടർമാർ തമ്മിൽ ഫോണിലൂടെ അസഭ്യവർഷം മുഴക്കിയ സംഭവം ഒരു മാസം മുമ്പും ഹൊസ്ദുർഗ് പോലീസിന് മുന്നിലെത്തിയിരുന്നു. കാഞ്ഞങ്ങാട്ടെ സർക്കാർ ഡോക്ടറും ആലപ്പുഴ ഡോക്ടറും തമ്മിൽ ഒരു മണിക്കൂറിലേറെ ദൈർഘ്യമുള്ള കേട്ടാലറക്കുന്ന അസഭ്യ വർഷമാണ് അന്നുണ്ടായത്. പരാതി പിന്നീട് പോലീസിന് മുന്നിൽ ഒത്തുത്തീർപ്പിലെത്തുകയായിരുന്നു

LatestDaily

Read Previous

ജ്വല്ലറിത്തട്ടിപ്പ്: ലീഗ് സംസ്ഥാന നേതൃത്വവും നിക്ഷേപകരെ കൈയ്യൊഴിഞ്ഞു

Read Next

ആ തണൽമരങ്ങൾ മുറിച്ചു മാറ്റി, അനുമതി നൽകിയത് സാമൂഹ്യ വനം വകുപ്പ് അറിഞ്ഞില്ലെന്ന് ചെയർമാൻ