ഭർതൃഗൃഹത്തിൽ കടുത്ത പീഡനം മകന് ചേർന്ന പെണ്ണല്ലെന്ന് മാതാവ്

∙ സൗന്ദര്യമില്ലെന്ന് നിരന്തരം അധിക്ഷേപം ∙ സ്ത്രീകളടക്കം അഞ്ചു പേർക്കെതിരെ കേസ്സ്

കാഞ്ഞങ്ങാട്: ഇസ്്ലാം മതാചാരപ്രകാരം വിവാഹം കഴിക്കുകയും, കുട്ടി പിറന്ന് മൂന്ന് വർഷം പിന്നിടുകയും ചെയ്തപ്പോൾ, ഭർതൃവീട്ടുകാരുടെ കടുത്ത പീഡനവും, ഭർത്താവിന്റെ അവഗണനയും അസഹനീയമായതോടെ യുവഭർതൃമതി ഭർത്താവിനും, സഹോദരിമാർക്കും, മാതാപിതാക്കൾക്കുമെതിരെ പരാതിയുമായി പോലീസിലെത്തി.

നിത്യാനന്ദ പോളിടെക്നിക്ക് ഇട്ടമ്മൽ റോഡിൽ സഫീറ മൻസിലിൽ താമസിക്കുന്ന പ്രവാസി മജീദിന്റെ മകൾ പി. ആയിഷത്ത് സഫൂറയാണ് 26, നേരിട്ട് ഇന്നലെ ഹൊസ്ദുർഗ്ഗ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അജാനൂർ കൊളവയൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ മുനീറുമായി 34, 2015 മെയ് 1-ന് അജാനൂർ തെക്കേപ്പുറം ജുമാമസ്ജിദിലാണ് ആയിഷത്ത് സഫൂറയുടെ നിക്കാഹ് നടന്നത്.

2019 സപ്തംബർ വരെ കൊളവയലിലുള്ള ഭർതൃഗൃഹത്തിലായിരുന്നു താമസം. അതിനിടയിൽ ഒരു കുഞ്ഞു പിറന്നു. സഫൂറ ബിടെക്കിന് പഠിക്കുമ്പോഴാണ് വിവാഹം നടന്നത്. വിവാഹാനന്തരം ബിടെക് പഠനം പൂർത്തിയാക്കി. ഭർത്താവ് മുനീർ എംബിഏ കഴിഞ്ഞ ആളാണ്. കാഞ്ഞങ്ങാട്ട് ട്രാവൽ സ്ഥാപനത്തിലായിരുന്നു മുനീറിന് ജോലി. അതിനിടയിൽ മുനീറിന് മംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ കസ്റ്റമർ സർവ്വീസിൽ ജോലി ലഭിച്ചു. നാലു വർഷം മുനീറിന്റെ വീട്ടിൽ താമസിച്ചു. അതിനിടയിൽ മുനീറിന് കണ്ണൂർ വിമാനത്താവളത്തിൽ കസ്റ്റമർ എക്സിക്യുട്ടീവായി സ്ഥലം മാറ്റം ലഭിച്ചു.

കണ്ണൂരിൽ ജോലി ലഭിച്ച ശേഷം മുനീർ കൊളവയലിലെ വീട്ടിൽ വരാതെയായി.
മുനീറിന്റെ മാതാവ് ആയിഷ 58, മകൻ അസീസ് 40, അസീസിന്റെ ഭാര്യ ഷാഹിന 38, ഷമീറിന്റെ ഭാര്യ ഷഹാന എന്നിവരാണ് ഭർതൃവീട്ടിൽ താമസം. മുനീറിന്റെ അസാന്നിദ്ധ്യത്തിൽ മാതാവ് ആയിഷ സഫൂറയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. “തന്റെ മോന് പറ്റിയ പെണ്ണല്ല നീ” എന്ന് മാതാവ് നിരന്തരം സഫൂറയെ അധിക്ഷേപിച്ചു. മുൻവരിയിലുള്ള പല്ലിന്റെ ഘടന ശരിയല്ലെന്നും, മറ്റും പറഞ്ഞ് ആയിഷയും മക്കളും നിരന്തരം മാനസ്സികമായി തന്നെ തകർത്തുവെന്ന് സഫൂറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഒരു ദിവസം ഭർതൃവീട്ടിൽ പാര ഉപയോഗിച്ച് തേങ്ങ ഉലിക്കുമ്പോൾ, ഭർതൃമാതാവ് പിറകിൽ നിന്ന് പാരയിലേക്ക് തള്ളിയിട്ടു. ഭാഗ്യം കൊണ്ട് പാരയ്ക്ക് വീഴാതെ രക്ഷപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം പറയാൻ സ്വന്തം കുട്ടിയോടൊപ്പം കണ്ണൂർ വിമാനത്താവളത്തിൽ ചെല്ലുകയും, ഭർത്താവ് മുനീറിനെ നേരിൽക്കണ്ട് സങ്കടങ്ങൾ പറഞ്ഞപ്പോൾ ” എനിക്ക് നിന്നേക്കാൾ വലുത് എന്റെ ഉമ്മയും സഹോദരിമാരുമാണെന്ന്” പറഞ്ഞ മുനീർ ഒട്ടും ഗൗനിക്കാത്തതിനാൽ നിരാശയായി വീട്ടിൽ തിരിച്ചെത്തി.

വിവാഹ സമ്മാനമായി സ്വന്തം വീട്ടുകാർ നൽകിയ 50 പവൻ സ്വർണ്ണം ഭർത്താവ് മുനീർ കൈക്കലാക്കി. സംഭവത്തിൽ പള്ളിക്കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും, നീതി ലഭിക്കാത്തതിനാലാണ് പരാതിയുമായി പോലീസിലെത്തിയതെന്നും ഫാത്തിമത്ത് സഫൂറ പരാതിയിൽ സങ്കടപ്പെടുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 498 ഗാർഹിക പീഡനക്കുറ്റം ചുമത്തി പോലീസ് സഫൂറയുെട ഭർത്താവ് മുനീർ, മാതാവ് ആയിഷ, മകൻ മുഹമ്മദ് കുഞ്ഞി 40, സഹോദരിമാരായ അസീസിന്റെ ഭാര്യ ഷാഹിന 38, ഷമീറിന്റെ ഭാര്യ ഷഹാന എന്നിവരെ പ്രതി ചേർത്ത് കേസ്സ് രജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

അനശ്വര വസ്ത്രാലയം തൊഴിൽ തർക്കം ഒത്തുതീർന്നു

Read Next

കട മുറികൾക്ക് കാഴ്ച കിട്ടാൻ തണൽ മരങ്ങൾ മുറിച്ചു മാറ്റി