മൽസ്യത്തൊഴിലാളിയുടെ ദുരൂഹ മരണം ഓഡിറ്റോറിയത്തിൽ രക്തക്കറ

പള്ളിക്കര: മൽസ്യത്തൊഴിലാളി ബേക്കൽ രാമഗുരു നഗറിലെ സുധാകരന്റെ 37, മരണത്തിലേക്ക് ചെറിയൊരു തലനാരിഴ തുമ്പു ലഭിച്ചു. സുധാകരന്റെ മൃതദേഹം കണ്ടെത്തിയ പൂച്ചക്കാട്ട് നിർമ്മാണത്തിലിരിക്കുന്ന ഓഡിറ്റോറിയത്തിന്റെ മുകളിലേക്കുള്ള കൽപ്പടവുകളിൽ കണ്ടെത്തിയ രക്തക്കറയ്ക്ക് എന്തു തന്നെയായാലും സുധാകരന്റെ കൊലയുമായി ബന്ധമുണ്ടായിരിക്കാനുള്ള സാധ്യത കാണുന്നു.


ഓഡിറ്റോറിയത്തിന്റെ ഏറ്റവും പിറകിൽ മൂന്നാം യിലയിൽ നിന്ന് നാലാം നിലയിലെ ടെറസ്സിലേക്കുള്ള ഗ്രാനൈറ്റ് പടവുകളിലാണ് രക്തത്തുള്ളികൾ ഇറ്റിവീണു കിടക്കുന്നതായി കൊല നടന്നതിന് തൊട്ട് പിറ്റേന്ന് രാവിലെ 8 മണിക്ക് കണ്ടെത്താൻ കഴിഞ്ഞത്. ടെറസ്സിലേക്ക് കയറാനുള്ള പടവുകൾ എട്ടെണ്ണമുണ്ട്. ഈ പടവുകളിൽ അഞ്ചു പടവുകളിലും രക്തക്കറയുണ്ട്.


ഇറ്റിവീണ രക്തം ഗ്രാനൈറ്റിൽ പറ്റിപ്പിടിച്ച നിലയിലാണ് കണ്ടെത്തിയത്.
താഴത്തെ നിലയിൽ നിന്ന് സുധാകരനെ തലയ്ക്കടിച്ച് മൃതപ്രായനാക്കിയ ശേഷം കൽപ്പടവുകൾ വഴി ടെറസ്സിന് മുകളിൽ കൊണ്ടുപോയി കോൺക്രീറ്റിലൂടെ വലിച്ചിഴച്ച് നാലാം നിലയിൽ നിന്ന് താഴേയ്ക്ക് തള്ളിയതാകാനുള്ള സാധ്യത കാണുന്നുണ്ട്.
കോൺക്രീറ്റിലൂടെ വലിച്ചിഴക്കുമ്പോൾ, സംഭവിച്ച പാടുകളാണ് സുധാകരന്റെ മുഖത്തുള്ളതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുണ്ട്. ഓഡിറ്റോറിയം കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ആറോളം ബംഗാളികൾ താമസിക്കുന്നുണ്ട്.


ഓഡിറ്റോറിയത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള പാർക്കിംഗ് സ്ഥലത്തിന് പടിഞ്ഞാറുഭാഗം വയലിലാണ് മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.
ബംഗാളികൾ എല്ലാവരും നല്ല ആരോഗ്യമുള്ളവരാണ്. ഇവർ പതിവായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ്.  ഉച്ചയ്ക്ക് ശേഷം കടൽപ്പണി കഴിഞ്ഞ് സുധാകരൻ ഓഡിറ്റോറിയത്തിൽ താമസിക്കുന്ന ബംഗാളികളെ കാണാൻ വരികയും, മയക്കുമരുന്ന് കൈമാറ്റം സംബന്ധിച്ച് ഏതെങ്കിലും വിധത്തിലുള്ള തർക്കം ഉടലെടുക്കുകയും, സുധാകരനെ ബംഗാളികൾ വക വരുത്തി കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടതാകാനുള്ള സാധ്യതയാണ് സാഹചര്യത്തെളിവുകളും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും പരിശോധിച്ച ലേറ്റസ്റ്റ് അന്വേഷണത്തിൽ സംഘത്തിന്റെ നിഗമനം.


ഇതിനുള്ള പ്രബലമായ തെളിവ് ഓഡിറ്റോറിയത്തിന്റെ ടെറസ്സിലേക്കുള്ള കൽപ്പടവുകളിൽ കണ്ടെത്തിയ രക്തക്കറ തന്നെയാണ്. സുധാകരന്റെ മൃതദേഹം വയലിൽ കണ്ടെത്തിയത് ഒക്ടോബർ 8-ന് വ്യാഴാഴ്ച വൈകുന്നേരം 5-30 മണിയോടെയാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് സുധാകരനെ ബേക്കലിൽ കണ്ടവരുണ്ട്.


അന്ന് നാലരമണിക്കൂറിനകം 6 മണിക്ക് മുമ്പ് മൃതദേഹം ആദ്യം കണ്ടെത്തിയത് ഓഡിറ്റോറിയത്തിൽ താമസിക്കുന്ന ബംഗാളികളിൽ ഒരു യുവാവാണ്.
ലേറ്റസ്റ്റ് ഈ ബംഗാളി യുവാവിനോട് ഒക്ടോബർ 9-ന് കാലത്ത് 8 മണിക്ക് ഇവർ നാലു പേർ താമസിക്കുന്ന മുറിയിൽ സംസാരിട്ടിരുന്നു. ഇവർ താമസിക്കുന്ന മുറിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് നോക്കിയാൽ വയലിൽ പുൽച്ചെടികളിൽ വീണു കിടക്കുന്ന മൃതദേഹം ഒട്ടും കാണാൻ കഴിയില്ല.


എങ്ങിനെയാണ് മൃതദേഹം കണ്ടതെന്ന് ചോദിച്ചപ്പോൾ, ജാലകത്തിന്റെ ഇരുമ്പിൽ അയൽ കെട്ടാൻ കയറിയപ്പോൾ, കണ്ടിവെന്നാണ് ബംഗാളി പറഞ്ഞത്. തൽസമയം, ജാലകത്തിന്റെ ഇരുമ്പഴിയിൽ അയൽ നേരത്തെ കെട്ടിയതാണെന്നും, ഒറ്റ നോട്ടത്തിൽ വ്യക്തമായിരുന്നു. ഓഡിറ്റോറിയം അതിഥിത്തൊഴിലാളികളുമായി ഈ കൊലപാതകത്തിനുള്ള ബന്ധം ഒട്ടും തള്ളിക്കളയാനാവില്ല.


ഓഡിറ്റോറിയത്തിന്റെ ടെറസ്സിലേക്കുള്ള കൽപ്പടവുകളിൽ കണ്ടെത്തിയ രക്തം സുധാകരന്റെ രക്തമാണോയെന്ന് രാസ പരിശോധനയിൽ ഉറപ്പായാൽ പോലീസ് അന്വേഷണം അതിഥി തൊഴിലാളികളിലെത്തുമെന്ന് തന്നെ കണക്കു കൂട്ടണം.
ഓഡിറ്റോറിയത്തിന്റെ മൂന്നാം നിലയിൽ ഏറ്റവും പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന അതിഥി തൊഴിലാളികൾ കാണാതെയും. അറിയാതെയും ഒരാൾക്കും ഈ കെട്ടിടത്തിന്റെ മൂന്നാം നില ടെറസ്സിൽ കയറിപ്പറ്റാൻ കഴിയില്ല. ഉയരത്തിൽ നിന്നുള്ള വീഴ്ച്ചയിലാകാം സുധാകരന്റെ തുടയെല്ല് പൊട്ടിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഉറപ്പാക്കുന്നുണ്ട്.

LatestDaily

Read Previous

ഹാജിക്ക് തെരുവുഗുണ്ടയുടെ സ്വരം, ശബ്ദ സന്ദേശത്തിൽ പുറത്തു വിട്ടത് ലേറ്റസ്റ്റിനെതിരായ അപകീർത്തി

Read Next

വാട്സാപ്പ് ഗ്രൂപ്പിൽ ഡോക്ടർമാരുടെ പോര്, ഡോ. ടി.വി. പത്മനാഭനെതിരെ ഡോ. സുബ്രഹ്മണ്യ ഭട്ട് പോലീസിൽ പരാതി നൽകി