ഹാജിക്ക് തെരുവുഗുണ്ടയുടെ സ്വരം, ശബ്ദ സന്ദേശത്തിൽ പുറത്തു വിട്ടത് ലേറ്റസ്റ്റിനെതിരായ അപകീർത്തി

കാഞ്ഞങ്ങാട്: റെയിൽ മേൽപ്പാലം പണി ധൃതഗതിയിലാക്കാൻ ബിജെപി ദേശീയ ഉപാധ്യക്ഷൻ ഏ.പി അബ്ദുല്ലക്കുട്ടിയെ കാഞ്ഞങ്ങാട്ട് കൊണ്ടുവരാനുള്ള ലീഗ് പ്രാദേശിക നേതാവായ ഹാജിക്ക് ഗുണ്ടയുടെ സ്വരം. ബിജെപി ഉപാദ്ധ്യക്ഷനെ കാഞ്ഞങ്ങാട്ടു കൊണ്ടുവരാൻ താൻ രണ്ടു തവണ അബ്ദുല്ലക്കുട്ടിയെ വിളിച്ചുവെന്നും, ഫോണിൽ കിട്ടിയില്ലെന്നും, വാട്ട്സാപ്പിൽ പ്രവാസികളായ കാഞ്ഞങ്ങാട്ടുകാർക്ക് ഹാജി സന്ദേശമയച്ചിരുന്നു.


ഈ സന്ദേശം പ്രവാസികളായ കാഞ്ഞങ്ങാട് സ്വദേശികളിൽ ലീഗ് നേതാവിനെതിരെ കടുത്ത പ്രതിഷേധമുയർത്തിയ വാർത്തയാണ് ലേറ്റസ്റ്റിനെതിരെ കടുത്ത അപകീർത്തികരമായ പരാമർശങ്ങളുമായി തുടരെത്തുടരെ വാട്ട്സാപ്പ് സന്ദേശങ്ങളിറക്കാൻ ഹാജിയെ പ്രേരിപ്പിച്ചത്.  ”ഏ.പി. അബ്ദുല്ലക്കുട്ടിയെ താൻ രണ്ടു തവണ വിളിച്ചിരുന്നുവെന്ന” ഹാജിയുടെ ശബ്ദസന്ദേശം തന്നെ, മുസ്്ലീം ലീഗുകാരനായ ഹാജി, ബിജെപി നേതാവിനെ കാഞ്ഞങ്ങാട്ട് കൊണ്ടു വരാനുള്ള ശ്രമം നടത്തിയെന്നതിനുള്ള ഡിജിറ്റൽ തെളിവാണ്.


മേൽപ്പാല നിർമ്മാണത്തിലിടപെടാൻ അബ്ദുല്ലക്കുട്ടിയെ കൊണ്ടുവരാനുള്ള ഹാജിയുടെ നീക്കം മുസ്്ലീം ലീഗിൽ മാത്രമല്ല മുസ്്ലീം സമുദായത്തിലും പ്രതിഷേധം കടുപ്പിച്ചിരുന്നു. ഹാജിയുടെ ഈ നീക്കത്തിനെതിരെ പ്രവാസികളിൽ നിന്ന് കനത്ത തിരിച്ചടി ഉയർന്നപ്പോഴാണ്, ഹാജി ലേറ്റസ്റ്റ് പത്രത്തിനും പത്രാധിപർക്കുമെതിരെ തനി ഗുണ്ടയുടെ സ്വരത്തിൽ വീണ്ടും വാട്ട്സാപ്പ് സന്ദേശങ്ങൾ പുറത്തുവിട്ടത്.


”ലേറ്റസ്റ്റ് വാർത്ത സത്യമല്ലെങ്കിൽ താങ്കൾക്ക് പത്രത്തിനെതിരെ കേസ്സ് കൊടുത്തു കൂടെ” എന്ന ചില പ്രവാസികളുടെ ചോദ്യത്തിന്, കേസ്സ് കൊടുക്കാൻ തനിക്കെതിരായി പ്രസിദ്ധീകരിച്ച വാർത്തയിൽ അപകീർത്തി ഇല്ലെന്ന് തുറന്നു പറയുന്ന ഹാജി എന്തിനാണ് ഇപ്പോൾ ലേറ്റസ്റ്റിനെതിരെ കടുത്ത ഭീഷണി സ്വരം ഉയർത്തിയതെന്ന് മനസ്സിലാകുന്നില്ല. ”താൻ പണ്ടും ഈ പത്രത്തിനെതിരെ കേസ്സ് കൊടുത്തിട്ടുണ്ടെന്ന്” പറയുന്ന ഹാജി, ശബ്ദ സന്ദേശത്തിൽ കാസർകോട്ടെ അന്തരിച്ച ലീഗ് നേതാവ് കെ.എസ്. അബ്ദുല്ലയേയും, മാണിക്കോത്തെ ആദ്യകാല കുവൈത്ത് പ്രവാസി കൽക്കണ്ടി അബൂബക്കർ ഹാജിയേയും എടുത്തു പറഞ്ഞു കൊണ്ടാണ് ലേറ്റസ്റ്റ് പത്രാധിപരെ അധിക്ഷേപിച്ചത്.


ഓണക്കാലത്ത് ലേറ്റസ്റ്റിൽ നിന്ന് ഒരു ചെക്കൻ വിളിച്ചിട്ട് തന്നോട് പരസ്യം ആവശ്യപ്പെട്ടുവെന്നും, താൻ പരസ്യം കൊടുത്തില്ലെന്നും തുടങ്ങിയ വീറും, വാശിയും ഉയർത്തിക്കൊണ്ടുള്ള ഹാജിയുടെ ശബ്ദസന്ദേശം നാട്ടിലും, പ്രവസികളിലും പടർന്നിട്ടുണ്ട്. തിരുവോണത്തിന് തന്നെ വിളിച്ച് ആശംസാ പരസ്യം ചോദിച്ചുവെന്ന കാര്യം വലിയ കുറ്റമായിട്ടാണ് സ്വന്തം സന്ദേശത്തിൽ ഇദ്ദേഹം ലേറ്റസ്റ്റിനെതിരെ ആരോപിച്ചിട്ടുള്ളത്.


ഓണത്തിനും, വിഷുവിനും, പെരുന്നാളിനും ആശംസകൾ നേർന്നു കൊണ്ടുള്ള പരസ്യങ്ങൾ വായനക്കാരിൽ നിന്നും, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ചോദിച്ചു വാങ്ങൽ എല്ലാ പത്രങ്ങളുടെയും കാലകാലങ്ങളായിട്ടുള്ള രീതിയാണ്. തിരുവോണത്തിന് ഒരു ആശംസാപരസ്യം തരുമോയെന്ന് ലേറ്റസ്റ്റിൽ നിന്ന് വിളിച്ചു ചോദിച്ച സംഭവത്തെപ്പോലും പർവ്വതീകരിച്ച് ലേറ്റസ്റ്റിനെ അപകീർത്തിപ്പെടുത്തുകയാണ് സ്വന്തം ശബ്ദ സന്ദേശങ്ങളിലൂടെ തുടർച്ചയായി ഇദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്.

LatestDaily

Read Previous

മാന നഷ്ടക്കേസിൽ മുൻസിഫ് കോടതി വിധിക്കെതിരെ അപ്പീൽ സായാഹ്ന പത്രം പത്രാധിപരും ലേഖകനും, കോടതിയിൽ ഹാജരാവണം

Read Next

മൽസ്യത്തൊഴിലാളിയുടെ ദുരൂഹ മരണം ഓഡിറ്റോറിയത്തിൽ രക്തക്കറ