മൽസ്യത്തൊഴിലാളി വീണതാണെന്ന് തീരം വിശ്വസിക്കുന്നില്ല

ബേക്കൽ: മൽസ്യത്തൊഴിലാളി ബേക്കൽ രാമഗുരു നഗറിലെ സുധാകരൻ 38, കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണുമരിച്ചതാണെന്ന് മൽസ്യത്തൊഴി സമൂഹം ഒട്ടും വിശ്വസിക്കുന്നില്ല. സുധാകരന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ എന്തോ കാര്യമായ പന്തികേടുണ്ടെന്ന്, തൈക്കടപ്പുറം മുതൽ കാസർകോട് നെല്ലിക്കുന്ന് കടൽത്തീരം വരെയുള്ള മൽസ്യത്തൊഴിലാളി സമൂഹം ഒന്നടങ്കം ആരോപിക്കുന്നു.


ജഡം കണ്ടെത്തിയ ദിവസം ബേക്കൽ തീരത്തു നിന്ന് കുടുംബവകയിലുള്ള തോണിയിൽ പതിവുപോലെ മൽസ്യബന്ധനത്തിന് പോയ സുധാകരൻ തോണി അടുപ്പിച്ച ശേഷം, ഉച്ചയ്ക്ക് ഒരു മണി വരെ ബേക്കലിൽ തന്നെയുണ്ടായിരുന്നു. വൈകുന്നേരം 5-30 നും 6 മണിക്കും മദ്ധ്യെയാണ് സുധാകരന്റെ മൃതദേഹം പള്ളിക്കര പൂച്ചക്കാട്ട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഓഡിറ്റോറിയത്തിന്റെ ഏറ്റവും പിറകിൽ വയലിൽ കാണപ്പെട്ടത്.


സുധാകരന്റെ മുഖം ആയുധം കൊണ്ട് കോറിയിട്ട നിലയിലായിരുന്നു. തുടയെല്ല് പൊട്ടിയിരുന്നു.  ശരീരത്തിലും പരിക്കുകളും ചതവുകളുമുണ്ട്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണതു മൂലമുള്ള പരിക്കുകളാകാം സുധാകരന്റെ ദേഹത്ത് കണ്ടെത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെങ്കിലും, ഈ റിപ്പോർട്ട് നൂറുശതമാനം വിശ്വാസ്യയോഗ്യമല്ല. കാരണം, സുധാകകൻ മരിച്ചു കിടന്ന സ്ഥലത്തോടു ചേർന്നുള്ള 3 നിലക്കെട്ടിടത്തിന്റെ മുകൾ നിലയിൽ പട്ടാപ്പകൽ ഒരാൾക്ക് കയറിപ്പറ്റാനുള്ള സാഹചര്യങ്ങൾ ഇല്ല എന്നതു തന്നെയാണ്.


ഇനി സുധാകരന് ഈ കെട്ടിടത്തിന് മുകളിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യേണ്ട കാര്യമോ, കാരണങ്ങളോ ഒട്ടും തന്നെയില്ല. സുധാകരന് സ്വയം ജീവൻ വെടിയണമെങ്കിൽ, ബേക്കൽ കടൽത്തീരത്ത് നിന്ന് 4 കിലോമീറ്റർ ദൂരം നടന്നുവന്ന് പൂച്ചക്കാട്ടുള്ള കെട്ടിടത്തിന് മുകളിൽ കയറി താഴേയ്ക്ക് ചാടേണ്ട കാര്യമേയില്ല. അരോഗദൃഢഗാത്രനായ ഈ മൽസ്യത്തൊഴിലാളിയുടെ മുഖത്ത് ദൃശ്യമായ കഠാര കൊണ്ട് കോറിയതുപോലുള്ള പരിക്കുകൾ വലിച്ചിഴച്ചതു മൂലമാകാമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുമ്പോൾ, സുധാകരനെ ആരോ വലിച്ചിഴച്ചിട്ടുണ്ടെന്ന കാര്യം ഉറപ്പാണ്.


അങ്ങിനെ ഒരാളെ വലിച്ചിഴക്കണമെങ്കിൽ മറ്റ് രണ്ടു പേരെങ്കിലും ഉണ്ടായിരിക്കണം. മാത്രമല്ല, “വലിച്ചിഴച്ച പരിക്ക്” എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം മാത്രമെടുത്താൽ ഈ മൽസ്യത്തൊഴിലാളിയെ പട്ടാപ്പകൽ അതിവിദഗ്ധമായി ആരോ അപായപ്പെടുത്തിയെന്ന് തന്നെ ഉറച്ചു വിശ്വസിക്കണം. നിർമ്മാണത്തിലിരിക്കുന്ന മൂന്നു നില ഓഡിറ്റോറിയത്തിന്റെ മുകളിൽ നിന്ന് സുധാകരൻ സ്വയം താഴേക്ക് ചാടിയെന്നു തന്നെ കരുതിയാൽപ്പോലും, ഒരിക്കലും സുധാകരന്റെ മുഖത്ത് കഠാര കൊണ്ട് കോറിയതുപോലുള്ളതും, നിലത്ത് വലിച്ചിഴച്ചതു പോലുള്ളതുമായ പരിക്കുകൾ ഒരിക്കലുമുണ്ടാവില്ല.


ആത്മഹത്യ ചെയ്യാനാണെങ്കിൽ ഈ മൽസ്യത്തൊഴിലാളിക്ക് ബേക്കൽ രാമഗുരു നഗറിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം താണ്ടി പൂച്ചക്കാട്ടുള്ള ഓഡിറ്റോറിയത്തിന് മുകളിൽ കയറേണ്ട യാതൊരു കാര്യവുമില്ല.  എന്തോ, എവിടെയോ, ഒരു പാകപ്പിഴ സുധാകരന്റെ മരണത്തിന് പിന്നിൽ ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് കണ്ടെത്തേണ്ട ബാധ്യതയും ഉത്തരവാദിത്വവും പോലീസിന്റെ കൈകളിലാണ്. തീരദേശം ഈ മൽസ്യത്തൊഴിലാളിയുടെ ദുരൂഹ മരണത്തിൽ കടുത്ത പ്രതിഷേധത്തിലാണ്.

LatestDaily

Read Previous

പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ഇരയുടെ കുഞ്ഞനുജനെക്കൊണ്ട് കിടക്ക വിരിപ്പിച്ചു

Read Next

പടന്ന ചകിരിക്കമ്പനിയുടെ മറവിൽ 7.5 കോടിയുടെ നിക്ഷേപത്തട്ടിപ്പ്