സുധാകരന്റെ മരണം വീഴ്ച മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ബേക്കൽ: ബേക്കലിൽ മത്സ്യത്തൊഴിലാളി സുധാകരന്റെ മരണം കെട്ടിടത്തിൽ നിന്നും താഴേയ്ക്കുണ്ടായ വീഴ്ച മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  പരിയാരം മെഡിക്കൽ കോളേജിൽ ഫോറൻസിക് സർജ്ജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വീഴ്ച മൂലമാണെന്ന് സ്ഥിരീകരിച്ചത്.


സുധാകരന്റെ മുഖത്തുണ്ടായ മുറിവുകൾ താഴേയ്ക്കുണ്ടായ വീഴ്ചയ്ക്കിടെ മുഖം ഉരസിയതുമൂലമാകാമെന്നാണ് പോലീസ് സർജ്ജന്റെ വിശദീകരണം. വീഴ്ചയിൽ വാരിയെല്ലുകളും, തുടയെല്ലും തകർന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. മുറിവിൽ നിന്നും ചോര വാർന്നതും മരണകാരണമായി. ഓഗസ്റ്റ് 8-ന് പൂച്ചക്കാട്ട് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളിയുടെ ജഡം 4 ദിവസത്തിന് ശേഷമാണ് ഇന്ന് പോസ്റ്റ്മോർട്ടം നടത്തിയത്.


പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായുള്ള കോവിഡ് പരിശോധനയുടെ ഫലം പോസിറ്റീവായതിനെത്തുടർന്ന് ആന്തരിക സ്രവങ്ങൾ വിശദ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചിരുന്നു. ഇവിടത്തെ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്നാണ് ഇന്ന് പോസ്റ്റ്മോർട്ടം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന ഓഡിറ്റോറിയത്തിന് വയലിലാണ് സുധാകരന്റെ മൃതദേഹം കണ്ടെത്തിയത്.


സുധാകരൻ കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് വീണതാണോ അതോ, ആരെങ്കിലും താഴേയ്ക്ക് തള്ളിയിട്ടതാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ബേക്കൽ പോലീസ് പറഞ്ഞു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിക്കണമെന്നും പരേതന്റെ ബന്ധുക്കളും, മത്സ്യത്തൊഴിലാളി സംഘടനയും ആവശ്യപ്പെട്ടിരുന്നു.

മരിച്ച ദിവസം പകൽ മത്സ്യ ബന്ധനത്തിന് പോയിരുന്ന സുധാകരൻ പൂച്ചക്കാട്ട് എത്തിയത് എന്തിനാണെന്ന് വ്യക്തമല്ല. അതേ സമയം പൂച്ചക്കാടും പരിസര പ്രദേശങ്ങളും സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പൂച്ചക്കാട് പ്രദേശങ്ങൾ മയക്കുമരുന്ന് മാഫിയയുടെ താവളമാണ്.


കഞ്ചാവ് മുതൽ എംഡിഎംഏ ലഹരി മരുന്ന് വരെ സുലഭമായി ലഭിക്കുന്ന പ്രദേശങ്ങൾ പൂച്ചക്കാട്ടുണ്ട്. മയക്കു മരുന്ന് വിൽക്കാനും, വാങ്ങാനും കൗമാരപ്രായത്തിലുള്ളവ വരെ ഇവിടങ്ങളിൽ തമ്പടിക്കാറുണ്ടെന്ന് പരിസര വാസികൾ പറഞ്ഞു.

LatestDaily

Read Previous

ലൈംഗിക ആരോപണം ബാങ്ക് കാവൽക്കാരനെ തരം താഴ്ത്തി

Read Next

അനശ്വര വസ്ത്രാലയം അടച്ചുപൂട്ടി, 15 തൊഴിലാളികൾ പെരുവഴിയിൽ