ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മാവേലിക്കര: 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച് പിതാവ്. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെട്ടികുളങ്ങരയ്ക്കടുത്തുള്ള ഒരു വീട്ടിൽ നിന്ന് എടുത്ത ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മദ്യപിച്ചെത്തുന്ന പിതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്‍റെ സഹോദരൻ പറഞ്ഞു. ‘ഹൃദയഭേദകമായ രംഗങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. തടയാൻ പോയാൽ അറയ്ക്കുന്ന ഭാഷയിൽ തെറിവിളിക്കും. ചൈൽഡ് ലൈൻ അധികൃതരുടെയും മറ്റും ഇടപെടൽ ആവശ്യമാണ്. പൊലീസും മറ്റ് ഏജൻസികളും ഇക്കാര്യത്തിൽ ഇടപെടണം. ഏതാനും മാസങ്ങൾക്ക് മുമ്പ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ചേച്ചിയും (ഏട്ടത്തിയമ്മ) ചേട്ടനും കുടുംബപ്രശ്നങ്ങൾ കാരണം വേർപിരിഞ്ഞു. ചേച്ചിക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. അവർ മറ്റൊരാളെ വിവാഹം കഴിച്ചു. അപ്പോഴേക്കും കുട്ടിക്ക് അച്ഛനെ കാണണമെന്നായി. കഴിഞ്ഞ വർഷമാണ് അവനെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. തുടക്കത്തിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. പിന്നീട് നിരന്തരം മദ്യപിച്ചെത്തി അവനോട് ദേഷ്യപ്പെടുകയും മർദ്ദിക്കുകയുമായിരുന്നു. പലപ്പോഴും ഉറങ്ങാൻ പോലും അനുവദിക്കില്ല. തടയാൻ ചെന്നാൽ ചീത്ത വിളിക്കും. അമ്മയ്ക്കും മറ്റുള്ളവർക്കുമെതിരെ ആക്രമണം തിരിഞ്ഞതോടെയാണ് മാവേലിക്കര പൊലീസിനെ സമീപിച്ചത്. ചേട്ടനെതിരെ ശിശുസംരക്ഷണ നിയമ പ്രകാരം കേസെടുത്തു. ഇടയ്ക്ക് പരിശോധിക്കാൻ പൊലീസും എത്തി. എന്നാൽ അതിനുശേഷവും കുട്ടിയെ ഉപദ്രവിക്കുന്ന രീതിയിൽ മാറ്റമുണ്ടായില്ല’, കുട്ടിയുടെ അച്ഛന്‍റെ സഹോദരൻ പറഞ്ഞു.
കുട്ടിയെ മർദ്ദിക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് രണ്ട് മാസം മുമ്പ് സംഭവത്തിൽ കേസെടുത്തതായി മാവേലിക്കര പൊലീസ് പറഞ്ഞു. പൊലീസ് ഇടപെടലിന് ശേഷം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നറിയില്ല. പുതിയ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിവരമനുസരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.