കർഷക ക്ഷേമനിധി ബോർഡ് ഉചിതമായ തീരുമാനം

കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം കാലഘട്ടത്തിന് യോജിച്ചതും അടിസ്ഥാന വർഗ്ഗത്തിന്റെ ക്ഷേമത്തിനുള്ളതുമാണെന്നതിൽ യാതൊരു തർക്കവുമില്ല. കേരളത്തെ അന്നമൂട്ടുന്ന കാർഷിക മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ ജീവിത സായാഹ്നത്തിൽ ലഭിക്കേണ്ടുന്ന സ്വാഭാവിക നീതിയാണ് കർഷക ക്ഷേമനിധി ബോർഡ് രൂപീകൃതമാകുന്നതോടെ നടപ്പിൽ വരിക.


കൃഷി പ്രധാന ഉപജീവനമാർഗ്ഗമായി സ്വീകരിച്ചവർക്കെല്ലാം ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനുളള നിർദ്ദേശം വയലിൽ അധ്വാനിക്കുന്നവന്റെ വിയർപ്പിന്റെ വിലയറിഞ്ഞതിന്റെ ഫലം കൂടിയാണ്. ചെറുകിട നാമമാത്ര കർഷകർക്കും, 15 ഏക്കർ വരെ കൃഷിയുള്ളവർക്കും ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനുദ്ദേശിച്ചുള്ള ക്ഷേമനിധി ബോർഡ് കൃഷിക്കാരന്റെ മഹത്വം തിരിച്ചറിഞ്ഞതിന്റെ ഫലം കൂടിയാണ്.


ക്ഷേമനിധിയിൽ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെയും പെൺമക്കളുടെയും വിവാഹാനുകൂല്യങ്ങളും ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായവും ക്ഷേമനിധി ബോർഡ് വഴി ലഭിക്കുമെന്നതും മികച്ച തീരുമാനം തന്നെയാണ്. രോഗികൾക്ക് ഇൻഷൂറൻസ് വഴി ചികിത്സാ സഹായമടക്കം നിരവധി ആനുകൂല്യങ്ങൾ വിഭാവനം ചെയ്യുന്ന ക്ഷേമനിധി ദീർഘവീക്ഷണമുള്ള ഒരു ഭരണകൂടത്തിന്റെ തീരുമാനമായിത്തന്നെ വിലയിരുത്തപ്പെടണം.


ഇ.എം.എസ് സർക്കാരിന്റെ ഭൂപരിഷ്ക്കരണ ബില്ലിന് ശേഷം കേരളം കർഷക ജനതയ്ക്ക് നൽകുന്ന മികച്ച സമ്മാനമാണ് കർഷക ക്ഷേമനിധി ബോർഡെന്ന് സമ്മതിക്കാതെ വയ്യ. എണ്ണമില്ലാത്ത വിധം ബോർഡുകളും കോർപ്പറേഷനുമുള്ള സംസ്ഥാനത്ത് കർഷക ക്ഷേമനിധി ബോർഡെന്നത് ഏറ്റവും അനുയോജ്യവും കാലം ആവശ്യപ്പെടുന്നതുമാണ്.
കാർഷിക മേഖല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വർത്തമാനകാല സാഹചര്യത്തിൽ കർഷകർക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ച കേരള ഗവൺമെന്റ് നല്ല കയ്യടി അർഹിക്കുന്നുണ്ട്.

സുഭിക്ഷ കേരളം പദ്ധതിയടക്കം നിരവധി കാർഷിക പദ്ധതികൾ വഴി കൃഷി മേഖലയിൽ ഉണർവ്വുണ്ടായിരിക്കുന്ന സാഹചര്യത്തിൽ കേരളം ഉപഭോക്തൃ സംസ്ഥാന മെന്ന നിലയിൽ നിന്നും സ്വയം പര്യാപ്തയിലേക്ക് പിച്ച വയ്ക്കുന്ന കാലം കൂടിയാണിത്. കാർഷിക മേഖലയെ പൂർണ്ണമായി അവഗണിച്ചതിന്റെ വിപരീത ഫലങ്ങൾ മൂലമാണ് കേരളം ഉപഭോക്തൃ സംസ്ഥാനമായിത്തീർന്നത്. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയിൽ പരാശ്രയത്തിന്റെ പിടിയിലായ കേരളത്തിന്റെ കാർഷിക മേഖലയെ ഉത്തേജിപ്പിക്കാൻ കർഷക ക്ഷേമനിധി ബോർഡ് കാരണമാകുമെന്ന് തന്നെ കരുതാം.


കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെക്കുറിച്ച് കർഷക സമൂഹത്തിനിടയിൽ ആശങ്ക പടർന്നിരിക്കുന്ന സാഹചര്യത്തിലാണ് കേരളമെന്ന കൊച്ചു സംസ്ഥാനം കർഷകർക്കായി ക്ഷേമനിധി ബോർഡ് സ്ഥാപിക്കാനൊരുങ്ങുന്നത്. വിശക്കുന്നവന്റെ വയർ നിറയ്ക്കാൻ കൃഷിയിടങ്ങളിൽ ചേറിൽ നുരയ്ക്കുന്ന വെറും കൃമി കീടങ്ങളല്ല കർഷകർ എന്ന തിരിച്ചറിവുണ്ടായതിന് കേരള സർക്കാരിനെ പിശുക്കില്ലാതെ അനുമോദിക്കാം.

LatestDaily

Read Previous

പോക്സോ കേസ്സിൽ ഇരയാക്കപ്പെട്ടെന്ന് യുവാവ്: പരാതി കോടതി ഫയലിൽ സ്വീകരിച്ചു

Read Next

ലാബുകൾക്ക് കോവിഡ് ആർടിപിസി പരിശോധനയ്ക്ക് അനുമതി ലഭിച്ചില്ല