പോക്സോ കേസ്സിൽ ഇരയാക്കപ്പെട്ടെന്ന് യുവാവ്: പരാതി കോടതി ഫയലിൽ സ്വീകരിച്ചു

കാഞ്ഞങ്ങാട്: പോക്സോ കേസ്സിൽ പ്രതിയാക്കപ്പെട്ട യുവാവ്, ഇരയുടെ പിതാവിനും, സഹോദരങ്ങൾക്കുമെതിരെ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായം കോടതി ഫയലിൽ സ്വീകരിച്ചു.


അബുദാബിയിൽ സ്വകാര്യാശുപത്രി ജീവനക്കാരനും, ചിത്താരിയിലെ അബൂബക്കറിന്റെ മകനുമായ ഷിഹാബുദ്ദീനാണ് പോക്സോ കേസ്സിൽ പരാതിക്കാരിയായ പെൺകുട്ടിയുടെയും, പിതാവ്, സഹോദരങ്ങൾ എന്നിവർക്കുമെതിരെ കോടതിയിൽ ഹരജി നൽകിയത്.


ഹരജി പെൺകുട്ടി ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ പോക്സോ, ബലാൽസംഗം തുടങ്ങിയ വകുപ്പുകൾ ചേർത്ത് ഷിഹാബുദ്ദീനെതിരെ കേസ്സെടുത്തിരുന്നു. ഈ പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് കോടതിയെ സമീപിച്ചത്.
പെൺകുട്ടിയുമായി ഷിഹാബുദ്ദീന്റെ വിവാഹം നിശ്ചയിച്ചിരുന്നു. യുവാവിന്റെ രക്ഷിതാക്കൾ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. 2019-ലാണ് വിവാഹനിശ്ചയം നടന്നത്.


നിക്കാഹ് സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല. ഇതിനാൽ പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുന്ന 2020 ജനുവരിയിൽ വിവാഹത്തീയതി ഉറപ്പിച്ചു. വിവാഹനിശ്ചയ സമയത്ത് നാട്ടിലില്ലാതിരുന്ന ഷിഹാബുദ്ദീൻ നാട്ടിലെത്തി പെൺകുട്ടിയെ നേരിൽക്കണ്ടിരുന്നു.  2019 ഡിസംബറിൽ നാട്ടിലെത്തി വിവാഹങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ്, യുവാവിന്റെ മൊബൈൽ ഫോണിലേക്ക് പ്രതിശ്രുത വധുവിന്റെയും മറ്റൊരു യുവാവിന്റെയും ചിത്രങ്ങൾ ലഭിച്ചത്.


തനിക്ക് ലഭിച്ച ചിത്രങ്ങൾ ഷിഹാബുദ്ദീൻ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു. ഇതോടെ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്നും ഷിഹാബുദ്ദീനും കുടുംബവും പിൻമാറുകയും, ബേക്കൽ പോലീസിൽ നടന്ന ഒത്തു തീർപ്പിൽ പെൺകുട്ടിയുടെ രക്ഷിതാക്കൾ ഷിഹാബുദ്ദീന്റെ കുടുംബത്തിന് 43,000 രൂപ നഷ്ടപരിഹാരമായി നൽകുകയും ചെയ്തു.


പിന്നീടാണ് പെൺകുട്ടി ഇദ്ദേഹത്തിനെതിരെ ബലാൽസംഗ പരാതിയുമായി ബേക്കൽ പോലീസിലെത്തിയത്.  പ്രസ്തുത പരാതി വ്യാജമാണെന്നും, വിവാഹം മുടങ്ങിയതിലുള്ള വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഷിഹാബുദ്ദീൻ കോടതിയെ സമീപിച്ചത്. മറ്റൊരാളുമായി അടുപ്പത്തിലുള്ള വിവരം പെൺകുട്ടി തന്നെ അറിയിച്ചതായും, ഇതിനുള്ള തെളിവുകൾ തന്റെ പക്കലുള്ളതായും, ഷിഹാബുദ്ദീൻ
പറഞ്ഞു.പോക്സോ കേസ്സിൽ ഇരയാക്കപ്പെട്ട മകന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ പിതാവാണ് കോടതിയിൽ ഹരജി നൽകിയത്.

LatestDaily

Read Previous

ഫേസ്ബുക്ക് പ്രണയം : കൊല്ലം ഭർതൃമതിയും, യുവാവും നീലേശ്വരത്ത് പിടിയിൽ

Read Next

കർഷക ക്ഷേമനിധി ബോർഡ് ഉചിതമായ തീരുമാനം