ബേക്കൽ മത്സ്യത്തൊഴിലാളിയെ പൂച്ചക്കാട്ട് കൊന്നുതള്ളി

ബേക്കൽ: മത്സ്യത്തൊഴിലാളി യുവാവ് സുധാകരനെ 36, തലക്കടിച്ചു കൊന്ന് വയലിൽ തള്ളി. ബേക്കൽ രാമഗുരു നഗറിലെ കാരിക്കാർന്നോൻ-വെള്ളി ദമ്പദികളുടെ മകനാണ്.
പള്ളിക്കര പൂച്ചക്കാട് കെ.എസ്ടിപി റോഡിന് പടിഞ്ഞാറു ഭാഗം നിർമ്മാണം നടന്നു വരുന്ന ഓഡിറ്റോറിയത്തിന്റെ ഏറ്റവും പിറകിലുള്ള വയലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഓഡിറ്റോറിയം കെട്ടിടത്തിൽ നിർമ്മാണ ജോലിക്കാരായ ബംഗാൾ സ്വദേശികളാണ് ഇന്നലെ ആദ്യം മൃതദേഹം കണ്ടെത്തിയത്.


ഓഡിറ്റോറിയത്തിന്റെ ഏറ്റവും അടിയിലുള്ള പാർക്കിംഗ് സ്ഥലത്തിന്റെ പിറകിൽ വളർന്നു നിൽക്കുന്ന പച്ചപ്പുല്ലിലാണ് മൃതദേഹം കണ്ടെത്തിയത്.
സുധാകരന്റെ മുഖത്തും ശരീരത്തിലും കത്തികൊണ്ട് നിറയെ കോറിയിട്ടതുപോലുള്ള പരിക്കുകളുണ്ട്. രക്തം പറ്റിപ്പിടിച്ചു കിടക്കുന്നു. മൃതദേഹം കണ്ടെത്തിയ പുൽച്ചെടിയിൽ രക്തം വാർന്നതായി കാണപ്പെട്ടു.


അധികമാരും എത്തിപ്പെടാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്.
നാലു നിലകളുള്ള ഓഡിറ്റോറിയത്തിന്റെ രണ്ടാം നിലയിൽ താമസിക്കുന്ന ബംഗാളികളിൽ ഒരാൾ കെട്ടിടത്തിന്റെ ഏറ്റവും പിന്നിലുള്ള തുറന്ന മുറിയിൽ നിന്ന് ഇന്നലെ അയൽ കെട്ടുന്നതിനിടയിലാണ് താഴെ ഒരാൾ മരിച്ചു കിടക്കുന്നതായി കണ്ടത്.
ഉടൻ വിവരം ഓഡിറ്റോറിയം നിർമ്മാണച്ചുമതലയുള്ള ഹമീദ് പള്ളിപ്പുഴയെ അറിയിച്ചു.
വിവരം ലഭിച്ചതനുസരിച്ച് ബേക്കൽ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ പി. അജിത്കുമാർ സ്ഥലത്തെത്തി.


ബേക്കലിൽ നിന്ന് ഗ്രാമപഞ്ചായത്തംഗം ശംബുവും മറ്റും സ്ഥലത്തെത്തി ജഡം തിരിച്ചറിഞ്ഞു. കൊലപാതകമാണെന്ന് സാഹചര്യത്തെളിവുകളിൽ ബോധ്യപ്പെട്ടു. സ്ഥലത്ത് രണ്ട് പോലീസുകാരെ പാറാവു ഡ്യൂട്ടിക്കിട്ടു. ഇന്ന് രാസപരിശോധനാ വിഭാഗവും, പോലീസ് നായയും വരുന്നുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പി, എം. പി. വിനോദ് സ്ഥലത്തെത്തി ഇന്ന് രാവിലെ മൃതദേഹം കണ്ടു. പോലീസ് ഒരു കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

കൊലക്കത്തി താഴെയിടണം

Read Next

ബേക്കൽ മൽസ്യത്തൊഴിലാളി പൂച്ചക്കാട്ടെത്തിയതിൽ ദുരൂഹത