കൊലക്കത്തി താഴെയിടണം

ഒന്നര മാസത്തിനിടെ നാലാമതൊരു യുവാവിന്റെയും ജീവൻ കത്തിമുനയിൽ കുരുങ്ങി
അവസാനിച്ചിരിക്കുകയാണ്. ഇക്കുറിയും കൊല്ലപ്പെട്ടത് ഇടതുപക്ഷ അനുഭാവിയായ
ചെറുപ്പക്കാരനാണ്. കായങ്കുളത്തും, വെഞ്ഞാറമ്മൂടിലും, തൃശൂരിലുമായി രാഷ്ട്രീയ കുടിപ്പകയുടെ പേരിലാണ് നാല് യുവാക്കൾ കൊല്ലപ്പെട്ടത്.

വെഞ്ഞാറമ്മൂടിൽ ഇരട്ടക്കൊലപാതകത്തിലും, കായങ്കുളത്തെ കൊലപാതകത്തിലും
പ്രതിസ്ഥാനത്ത് ആരോപിക്കുന്നത് മഹാത്മാഗാന്ധിജിയുടെ പിൻമുറക്കാരെന്ന്
ഊറ്റം കൊള്ളുന്ന കോൺഗ്രസ്സാണെങ്കിൽ, തൃശൂരിലെ യുവാവിന്റെ ജീവനെടുത്തത്
സംഘപരിവാർ ബന്ധമുള്ളവരാണെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

കുടുംബാംഗങ്ങളുടെ കണ്ണീരും ശാപങ്ങളും ഏറ്റുവാങ്ങിയാണ് ഓരോ രാഷ്ട്രീയ
കക്ഷികളും യുവാക്കൾക്ക് ചാവുനിലമൊരുക്കുന്നത്. മകൻ നഷ്ടപ്പെട്ട
മാതാപിതാക്കളുടെയും, പിതാവിനെ നഷ്ടപ്പെട്ട മക്കളുടെയും, ഉടയോനില്ലാതായ
ഭാര്യമാരുടെയും കണ്ണീരുപ്പ് കലർന്ന മണ്ണിൽ നിന്നാണ് ഒന്നരമാസത്തിനുള്ളിൽ
രാഷ്ട്രീയ പാർട്ടികൾ നാല് യുവാക്കളുടെ ചോര കുടിച്ചതിന്റെ വീരസ്യം
വിളമ്പുന്നത്. ഓരോ മരണവും അനാഥമാക്കുന്നത് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയാണെന്ന് തിരിച്ചറിയാൻ പോലും വിവേകബുദ്ധിയില്ലാതെ പോയ രഷ്ട്രീയ പാർട്ടികൾ, ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ വിലാപങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് ഖേദകരമാണെന്ന് പറയാതെ വയ്യ. കൊലക്കത്തിയുമായി ഇരുളിൽ പതിയിരിക്കുന്ന ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ ഓരോ രാഷ്ട്രീയ പാർട്ടിയും രംഗത്ത് വരേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുകയാണ്.

അടുത്തകാലത്തായി നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിലെ ക്രമസമാധാനനില തകർക്കാൻ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണെന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ കുറ്റം പറയാൻ കഴിയില്ല. മറിച്ചാണെന്ന്
തെളിയിക്കേണ്ട ബാധ്യത ആരോപണ നിഴലിൽ നിൽക്കുന്ന രാഷ്ട്രീയ
പാർട്ടികൾക്കാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പകരം വീട്ടാൻ കൊല്ലപ്പെട്ടവരുടെ പ്രസ്ഥാനവും തെരുവിലിറങ്ങിയാൽ കേരളത്തിൽ ചോരപ്പുഴകൾ ഒഴുകുമെന്ന് തിരിച്ചറിയാൻ ജ്യോതിഷ വിദഗ്ധനെ ആശ്രയിക്കേണ്ട ആവശ്യമൊന്നുമില്ല.

അങ്ങിനെ ഉണ്ടാകാതിരിക്കട്ടെയെന്ന് ആശിക്കാൻ മാത്രമെ തൽക്കാലം നിവൃത്തിയുള്ളൂ. എതിരാളികളെ കൊലക്കത്തിയിൽ കുരുക്കുന്ന രാഷ്ട്രീയ നീതി
കാട്ടുനീതിയാണെന്ന് പറയാതെ വയ്യ. കൊലക്കത്തികൾ താഴെ വെച്ച് സഹജീവി
സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും രാഷ്ട്രീയത്തെക്കുറിച്ച് ഗൗരവതരമായ
ചർച്ചകൾ നടക്കേണ്ട കാലം ഇനിയും അതിക്രമിച്ചിട്ടില്ല.

രാഷ്ട്രീയ പാർട്ടികൾക്ക് വോട്ടുകളുടെ എണ്ണം കൂട്ടാൻ കൊലക്കത്തികൾ രാകി
മിനുക്കുന്നവരെ അണികൾ തിരിച്ചറിയുക തന്നെ വേണം. അക്രമരാഷ്ട്രീയത്തിനിരയായി ഇനിയൊരു ജീവൻ കൂടി മണ്ണിൽ പൊലിയാതിരിക്കാൻ രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടായി തീരുമാനമെടുക്കണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. ശവങ്ങൾ കൊത്തിക്കീറുന്ന കഴുകന്റെ സ്ഥാനത്തായിരിക്കരുത് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനം.

LatestDaily

Read Previous

കാഞ്ഞങ്ങാട്ടെ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തം

Read Next

ബേക്കൽ മത്സ്യത്തൊഴിലാളിയെ പൂച്ചക്കാട്ട് കൊന്നുതള്ളി