കാഞ്ഞങ്ങാട്ടെ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തം

കാഞ്ഞങ്ങാട്: മറ്റെവിടെയും ഇല്ലാത്ത നിയന്ത്രണങ്ങൾ കാഞ്ഞങ്ങാട്ട് മാത്രം
അടിച്ചേൽപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം കാഞ്ഞങ്ങാട്ടുകാരുടെ മൊത്തം
ചോദ്യമാണ്. എന്നാൽ ചോദ്യത്തിനു മറുപടിയില്ലാതെ പോവുന്നു.


സംസ്ഥാനത്ത് കോവിഡ് രോഗികളുടെ പ്രതിദിന വർധനവ്
പതിനായിരത്തോടടുത്തപ്പോഴും കേരളത്തിൽ മറ്റെവിടെയും ഇല്ലാത്ത നിയന്ത്രണം
കാഞ്ഞങ്ങാട്ടുകാർക്ക് മാത്രം ഏർപ്പെടുത്താൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ
എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.


മറ്റെവിടെയും ഉള്ളത് പോലെ സമരങ്ങളും പ്രകടനങ്ങളും മറ്റഭ്യാസങ്ങളും
കാഞ്ഞങ്ങാട്ടും മുറയ്ക്ക് നടക്കുന്നുണ്ട്. സ്വകാര്യ ബസുകളും
കെ.എസ്.ആർ.ടി.സിയും ഓട്ടോറിക്ഷകളും ഇവിടെയും പതിവ് നിയന്ത്രണങ്ങൾക്ക്
വിധേയമായി ഓടുന്നുണ്ട്. എന്നാൽ വ്യാപാരികൾക്ക് മാത്രമായി എന്തിനാണ്
നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതെന്ന ചോദ്യത്തിന് ആരും മറുപടി നൽകുന്നില്ല.
കാഞ്ഞങ്ങാടിനോട് ചേർന്ന് കിടക്കുന്ന അജാനൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ
കാഞ്ഞങ്ങാട് നഗരത്തിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല.


നോർത്ത് കോട്ടച്ചേരി കഴിഞ്ഞാൽ പിന്നെ അജാനൂർ പഞ്ചായത്തിൽപ്പെടുന്നതിനാൽ
അവിടെ നിയന്ത്രണം ബാധകമായിരുന്നില്ല. നേരത്തെ കാഞ്ഞങ്ങാട് പ്രത്യേക
നിയന്ത്രണങ്ങൾ ഉണ്ടായപ്പോഴും അജാനൂരിൽ നിയന്ത്രണങ്ങളുണ്ടായിരുന്നില്ല.
എന്നാൽ ഇന്ന് മുതൽ അജാനൂരിലും നിയന്ത്രണം കടുപ്പിച്ചതിന് പിന്നിൽ
കാഞ്ഞങ്ങാട് നഗര സാരഥികളുടെ ഇടപെടൽ മൂലമാണെന്ന ആക്ഷേപമുണ്ട്.
ആവശ്യത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ആളുകൾക്കും പരാതിയില്ല.
എന്നാൽ കോവിഡ് നിയന്ത്രണം കാഞ്ഞങ്ങാട്ടുകാർക്ക് മാത്രമോ എന്ന
ചോദ്യത്തിനും ഉത്തരം നൽകാൻ നിയന്ത്രണം കടുപ്പിച്ചവർക്കുമാവുന്നില്ല.

LatestDaily

Read Previous

യുവതി കോടതിയിൽ കാമുകനൊപ്പം പോയി

Read Next

കൊലക്കത്തി താഴെയിടണം