മടിക്കൈ പഞ്ചായത്ത് അധ്യക്ഷ: പുതിയ വഴിത്തിരിവ്

പട്ടികവർഗ്ഗ വനിതയെ പഞ്ചായത്ത് അധ്യക്ഷയാക്കാനുള്ള ശ്രമത്തിന് പാർട്ടി യുവജന സംഘടനകളുടെ പിന്തുണ

കാഞ്ഞങ്ങാട്: പാർട്ടി ഗ്രാമമായ മടിക്കൈയിൽ ഭയാനകമാംവിധം രൂപപ്പെട്ട ജാതി
രാഷ്ട്രീയത്തിന് എതിരെ ഒരു പറ്റം പാർട്ടി ഭാരവാഹികൾ പുരോഗമന ആശയ
നിക്കവുമായി രംഗത്തു വന്നു.
പട്ടിക വിഭാഗക്കാരിയായ ഊർമ്മിളയെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജനറൽ
സീറ്റിൽ മത്സരിപ്പിച്ച് ജയിപ്പിച്ചെടുക്കാനും, മടിക്കൈ
ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷ പദവിയിൽ അവരോധിക്കാനുമുള്ള കമ്മ്യൂണിസ്റ്റ്
ആശയ നീക്കമാണ് ഈ വിഭാഗം രൂപപ്പെടുത്തിയത്.


പാർട്ടി പ്രവർത്തകരായ മടിക്കൈയിലെ ബി.ബാലൻ, ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക്
പ്രസിഡന്റ് ഒ.വി. പവിത്രൻ, നൂഞ്ഞി സ്വദേശി സന്തോഷ് എന്നിവരാണ് ജാതി
രാഷ്ട്രീയത്തിന്റെ വക്താക്കൾക്കെതിരെ ആഞ്ഞടിക്കാനുള്ള പുരോഗമന ആശയത്തിന്
തുടക്കമിട്ടത്.


സർക്കാർ സർവ്വീസിൽ നിന്ന് പിരിഞ്ഞ ബി. ബാലൻ മടിക്കൈയിൽ പാർട്ടി
ഭാരവാഹിയും, പാർട്ടയുടെ മുഴുനീള പ്രവർത്തകനുമാണ്.
മൂവരും മൂന്ന് വ്യത്യസ്ഥ ജാതികളിൽപ്പെട്ടവരാണെങ്കിലും, ”നമുക്ക്
ജാതിയില്ല” എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടതു മന്ത്രിസഭാ നിലപാട്
ഉയർത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ് പുതിയ നീക്കവും, പുതിയ ആശയവും.
ജാതീയത കത്തി നിന്ന നവോത്ഥാനകാലത്ത് തൊട്ടുകൂടായ്മയ്ക്കും, തീണ്ടി
ക്കൂടായ്മയ്ക്കും, കൂലിത്തൊഴിലാളിക്ക് പാളത്തൊപ്പിയിൽ കഞ്ഞി നൽകിയ
അരുതായ്മയ്ക്കുമെതിരെ പട നയിച്ച ആദ്യകാല നേതാക്കളുടെ രംഗപ്രവേശനമാണ് ബി.
ബാലന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവർത്തകർ മടിക്കൈയിൽ
തുടക്കമിട്ടത്.


ബിരുദധാരിണിയും, ചങ്കുറപ്പുമുള്ള വനിത ഊമ്മിള അമ്പതുകാരിയാണ്.
ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ഭരണത്തിൽ ഏ.ഡി.എസ് അംഗമായിരുന്നു.
വാർഡ് 14-ൽ മടിക്കൈ കീക്കാങ്കോട്ടെ അറിയപ്പെടുന്ന തെയ്യം
മുഖത്തെഴുത്ത് കലാകാരൻ രാജൻ പണിക്കരുടെ ഭാര്യയാണ്.
പട്ടിക വിഭാഗക്കാരിയായ ഊർമ്മിളയെ ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷ
പദവിയിലെത്തിക്കാനുള്ള ശ്രമത്തിനെതിരെയും മടിക്കൈയിലെ ജാതിരാഷ്ട്രീയ
വക്താക്കൾ അരയും തലയും മുറുക്കിയിട്ടുണ്ട്.


രാമത്തലവി തങ്ങളുടെ ജാതിക്കാരി തന്നെ ആയിരിക്കണമെന്ന ഗൂഢ
നീക്കത്തിന് മുന്നിട്ടിറിങ്ങിയ മടിക്കൈയിലെ മഹിളാ നേതാവിനും, ഈ
നേതാവിന്റെ വിശ്വസ്തനായ യുവ സഖാവിവും, ”നമുക്ക് ജാതിയില്ല” എന്ന
ആശയപ്രചാരണത്തിന് തുടക്കമിട്ട പുത്തൻ ആശയക്കാർ കണ്ണിലെ കരടായിട്ടുണ്ട്.
ഇഷ്ടപ്പെട്ടവരെയും, ഓശാനപ്പാട്ടുകാരേയും, സ്തുതിപാഠകരേയും, മാത്രം
പാർട്ടിയുമായി അടുപ്പിക്കുന്ന ജാതി രാഷ്ട്രീയ വക്താക്കൾ ഇതിനകം നേരിട്ട്
പാർട്ടി അംഗത്വം നൽകിയവരിൽ ഒരാൾ മടിക്കൈയിലെ ഒരു പൂരക്കളിപ്പണിക്കരാണ്.


കാഞ്ഞങ്ങാട്ടെത്തിയാൽ കോൺഗ്രസ്സും, മാവുങ്കാലിലെത്തിയാൽ ബിജെപിയുമായി
നിറം മാറുന്ന പണിക്കർ സഖാവിന് പാർട്ടി അംഗത്വം നൽകിയത് മഹിളാനേതാവാണ്.
എഴുപതുകളിൽ നക്സൽ പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന
മടിക്കൈയിലെ ആദ്യകാല ബീഡിത്തൊഴിലാളി യുവാവ് ഇപ്പോൾ മടിക്കൈ ബാങ്കിന്റെ
ഡയരക്ടറാണ്.


തൽസമയം പാർട്ടിയെ സ്നേഹിക്കുന്ന നിരവധി കമ്മ്യൂണിസ്റ്റ് അനുഭാവികൾ മഹിളാ
നേതാവിന്റെ സ്വജനപക്ഷപാതത്തിൽ പ്രതിഷേധിച്ച് ഇപ്പോൾ പാർട്ടിയുമായി
സമദൂരം പാലിച്ചു കഴിയുകയാണ്. പാർട്ടി സഖാവല്ലെ എന്ന് ചോദിച്ചാൽ അതെ. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഇത്തരക്കാരുടെ കണ്ണ് ബാലറ്റ് പേപ്പറിൽ ആദ്യം പരതുന്നത് വിടർന്ന താമരയെ ആണ്.


അങ്ങിനെയൊന്നുമില്ലെന്ന് വൃഥാ കണ്ണുപൂട്ടി വാദിക്കുന്ന ചിലർക്ക്
മടിക്കൈ ഗ്രാമം ചൂണ്ടിക്കാട്ടുന്ന ഏറ്റവും പുതിയ പ്രകടമായ ഉദാഹരണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ പി. കരുണാകരന്റെ ഭൂരിപക്ഷം അരലക്ഷത്തിൽ നിന്ന്
7,500 ൽ എത്തിയതും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെ.പി. സതീഷ്ചന്ദ്രനെ
പരാജയപ്പെടുത്തി കൊല്ലത്തു നിന്നെത്തിയ കോൺഗ്രസ് നേതാവ് രാജ്മോഹൻഉണ്ണിത്താൻ കാസർകോട് ലോക്സഭാ മണ്ഡലം പിടിച്ചടക്കിയ സമകാലിക
രാഷ്ട്രീയ സത്യവുമാണ്. ഇത്തവണ മടിക്കൈയിൽ വാർഡ് -3 വെള്ളച്ചേരി പ്രദേശം പട്ടിക വിഭാഗം സംവരണ വാർഡാണ്.

LatestDaily

Read Previous

സീറോഡ് പീഡനക്കേസുകളിൽ കുറ്റപത്രം ഒരുങ്ങി

Read Next

ജില്ലയിൽ തിങ്കളാഴ്ച മാത്രം 356 മാസ്ക് കേസുകൾ; അകലം പാലിക്കാത്തതിന് 52 എഫ്ഐആർ