മഴ മാറിയിട്ടും റോഡിലെ ചതിക്കുഴികൾ തൊടുന്നില്ല

കാഞ്ഞങ്ങാട്: മഴ മാറിയിട്ടും ദേശീയ പാതയിലും, കെഎസ്ടിപി റോഡിലും രൂപപ്പെട്ട ചതിക്കുഴികൾ മൂടാൻ അധികൃതർ മുന്നോട്ട് വന്നില്ല. ദേശീയ പാതയിൽ കാസർകോട് മുതൽ കാലിക്കടവ് ജില്ലാ അതിർത്തി വരെ റോഡിൽ വലിയ ചതിക്കുഴികൾ അപകടക്കെണിയൊരുക്കി വാഹനമോടിക്കുന്നവരെ ചതിക്കാൻ കാത്തു നിൽക്കുകയാണ്.


ചെറുതും വലുതുമായ കുഴികളാണ് ദേശീയപാതയിൽ രൂപപ്പെട്ടിട്ടുള്ളത്.
കെഎസ്ടിപി റോഡിൽ ടാറിളകി മോശമല്ലാത്ത കുഴികളുമുണ്ട്. ദേശീയപാതയിൽ പടന്നക്കാട് മേൽപ്പാലത്തിന് തെക്കുഭാഗം റോഡ് പൂർണ്ണമായും തകർന്നു കിടക്കുകയാണ്.


മഴ മാറിയതോടെ പാതയിലെ ചതിക്കുഴികൾ താൽക്കാലികമായെങ്കിലും, അടക്കാൻ
ദേശീയപാതയുടെ ചുമതലയുള്ള അധികൃതർ ഇനിയും മുന്നോട്ട് വന്നിട്ടില്ല. കെഎസ്ടിപി നടത്തിയ അഴിമതി നിർമ്മാണം മറനീക്കി പുറത്തു വന്നത് ഈ കാലവർഷത്തിലാണ്.
െകഎസ്ടിപി പാതയിൽ കൊവ്വൽപ്പള്ളിയിൽ പുതിയ ഓവുചാൽ നിർമ്മിക്കേണ്ടിയിരുന്ന നിരത്തിൽ പഴയ ഓവുചാലിന് മുകളിൽ നിർമ്മിച്ച റോഡ് മഴ പെയ്താൽ തോടായി മാറുകയാണ്.


റോഡിൽ കെട്ടിക്കിടക്കുന്ന മഴവെള്ളം വാഹനങ്ങളുടെ ഓട്ടത്തിനിടയിൽ പരസ്പരം വാഹനങ്ങളുടെ ചില്ലുകളിലേക്ക് ശക്തിയായി അടിച്ചു കയറുന്നതുമൂലമുള്ള വൻ അപകടസാധ്യത വിദൂരമല്ല. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുൻ ചില്ലുകളിൽ മറ്റൊരു വാഹനത്തിന്റെ ഓട്ടത്തിൽ ആഞ്ഞുവീണാൽ പതിനഞ്ചു സെക്കന്റുകളോളം ഡ്രൈവർക്ക് റോഡിലെ കാഴ്ച നഷ്ടപ്പെടുകയും, എതിരെ വരുന്ന വാഹനം കാണാൻ സാധിക്കാതെ വണ്ടി എതിർദിശയിലേക്ക് തെന്നുകയും ചെയ്യുകയാണ്.


കെഎസ്ടിപി റോഡിന്റെ കിഴക്കു ഭാഗത്ത് നിന്ന് പടഞ്ഞാറു ഭാഗം വയലിലേക്ക് ഓവുചാൽ വഴി ഒഴുകിപ്പോകേണ്ട മഴവെള്ളം ഇപ്പോൾ, റോഡിൽ തളം കെട്ടിക്കിടക്കുകയാണ്. ഈ സ്ഥലത്ത് പുതിയ ഓവുചാൽ നിർമ്മിക്കാനുള്ള നിർമ്മാണം കരാറിലുണ്ടെങ്കിലും, പഴയ ഓവുചാലിനെ മോടിപിടിപ്പിച്ചു നിർത്തുകയായിരുന്നു കെഎസ്ടിപി കരാറുകാർ ചെയ്തുവെച്ച അഴിമതി.

LatestDaily

Read Previous

പറശ്ശിനിക്കടവിലേക്ക് പോയ ഗൃഹനാഥൻ കർണ്ണാടക വനത്തിൽ മരിച്ച നിലയിൽ

Read Next

പടന്നക്കാട് മേൽപ്പാലത്തിൽ അപകടക്കെണി